മറ്റു അശ്ലീലങ്ങളും നിരോധിക്കണം

Posted on: August 5, 2015 6:00 am | Last updated: August 5, 2015 at 1:16 am
SHARE

SIRAJ.......അശ്ലീല വെബ്‌സൈറ്റുകള്‍ നിര്‍ത്തലാക്കിയ നടപടി സ്വാഗതാര്‍ഹമാണ്. വൊഡാഫോണ്‍, എം ടി എന്‍ എല്‍, ബി എസ് എന്‍ എല്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ് ലൈംഗികാഭാസങ്ങള്‍ നിറഞ്ഞ സൈറ്റുകള്‍ നിര്‍ത്തലാക്കിയത്. സമൂഹത്തില്‍ ലൈംഗിക ജീര്‍ണതയും കുറ്റകൃത്യങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് ശുദ്ധീകരണത്തിന്റെ ഭാഗമായി 857 അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്റര്‍മാരോടും ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും നിര്‍ദേശിച്ചിരുന്നതുമാണ്. ഈ ആവശ്യമുന്നയിച്ചു ഇന്‍ഡോറിലെ അഭിഭാഷകന്‍ കമലേഷ് വസ്വാനി നല്‍കിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.
അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ വിശേഷിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവയുടെ ആസ്വാദരായ സ്ത്രീകളില്‍ നല്ലൊരു പങ്കും ഇന്ത്യ, ഫലിപ്പീന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് പോണ്‍ഹബ്ബ്, റെഡ്ട്യൂബ് പോണ്‍സൈറ്റുകള്‍ വെളിപ്പെടുത്തി. മലപ്പുറം ജില്ലാ സൈബര്‍ സെല്‍ ഇതിനിടെ നടത്തിയ സര്‍വേ പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പത്ത് വിദ്യാര്‍ഥികളില്‍ ഏഴ് പേരും അശ്ലീല സൈറ്റുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. കൗമാരക്കാര്‍ക്കിടയില്‍ രതിവൈകൃതങ്ങള്‍ വ്യാപകമാകുന്നതില്‍ ഈ സൈറ്റുകള്‍ക്ക് വലിയ പങ്കുണ്ട്. കുട്ടികളെ ഇവ സുരക്ഷിതമല്ലാത്ത സെക്‌സിലേക്കും ചെറുപ്രായത്തില്‍ തന്നെ സെക്‌സ് ആസ്വദിക്കാനുള്ള ത്വരയിലേക്കും നയിക്കുമെന്നാണ് മാനസികവിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരം സൈറ്റുകളില്‍ കാണുന്ന വൃത്തികെട്ട രംഗങ്ങള്‍ അതേപടി അനുകരിക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്നതായി ലണ്ടനിലെ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സമയമായിട്ടില്ലാത്ത പ്രായത്തില്‍ കുട്ടികള്‍ ഇവ കാണുന്നത് ലൈംഗികതയെക്കുറിച്ചു തെറ്റായ ധാരണ സൃഷ്ടിക്കാനും ദാമ്പത്യജീവിതത്തില്‍ അത് അലോസരങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കും. മൂന്ന് വര്‍ഷം മുമ്പാണല്ലോ കേരളത്തില്‍ നെടുങ്കണ്ടം വട്ടപ്പാറയില്‍ നാലര വയസ്സുകാരിയായ യു കെ ജി വിദ്യാര്‍ഥിയെ ക്ലാസ്‌വിട്ടുവരുന്ന വഴിയില്‍ പത്ത് വയസ്സുകാരന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതും അതിനിടെ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചതും. വീട്ടില്‍ പിതാവ് ലൈംഗിക ചിത്രങ്ങള്‍ കാണുന്നത് പതിവായതിനാല്‍ താനും ചിലപ്പോള്‍ ഇത് ശ്രദ്ധിക്കാറുണ്ടെന്നും ഇതാണ് കൂട്ടുകാരിയെ പീഡിപ്പിക്കാനുള്ള പ്രചോദനമെന്നുമായിരുന്നു പോലീസിനോട് ബാലന്റെ വെളിപ്പെടുത്തല്‍.
ലൈംഗിക അരാജകത്വം കൊടുകുത്തി വാഴുന്ന പടിഞ്ഞാറന്‍ നാടുകളിലടക്കം ഇത്തരം സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പ്രായം നോക്കാതെ അശ്ലീല സൈറ്റുകളിലേക്ക് കുട്ടികളെ കടക്കാന്‍ അനുവദിക്കുന്നത് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് യഥേഷ്ടം അവ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ ഇത്തരം സൈറ്റുകള്‍ തന്നെ അടച്ചുപൂട്ടിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് അന്ത്യശാസനം നല്‍കിയത് ഒരാഴ്ച മുമ്പാണ്. ബേങ്ക് വിവരങ്ങളും, ക്രെഡിറ്റ് കാര്‍ഡ് തെളിവുകളും പ്രയോജനപ്പെടുത്തി പ്രായം അറിഞ്ഞ ശേഷമേ ഉപയോക്താക്കള്‍ക്ക് ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാവൂവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിര്‍ദേശം. അവിടെ നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ സ്വതന്ത്ര റെഗുലേറ്ററെ നിയോഗിക്കാനും നിബന്ധനകള്‍ മറികടക്കുന്നവര്‍ക്ക് കടുത്ത പിഴ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.
ഒരു മഹത്തായ സംസ്‌കൃതിയുടെ പാരമ്പര്യമവകാശപ്പെടുന്ന ഇന്ത്യക്ക് ഒട്ടും യോജിച്ചതല്ല അശ്ലീല സൈറ്റുകള്‍ക്കുള്ള അനുമതി. കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിട വരുത്തുന്നുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെയും അതിപ്രസരത്തിന്റെയും മുഖ്യകാരണം അശ്ലീല സൈറ്റുകളും സിനിമകളുമാണ്. വീടിന് വെളിയില്‍ മാത്രമല്ല, വീടിനുള്ളില്‍ പോലും ഇന്ന് പെണ്‍കുട്ടികള്‍ക്ക് ലൈംഗിക സുരക്ഷിതത്വം നഷ്ടമായതിലും, സ്വന്തം മകളെ കാമക്കണ്ണോടെ നോക്കിക്കാണുന്ന സ്ഥിതിവിശേഷത്തിലും ഇവയുടെ പങ്ക് അനിഷേധ്യമാണ്. ഇന്ത്യയില്‍ ലഭ്യമായ സൈറ്റുകളില്‍ രണ്ട് കോടിയിലധികം നീലച്ചിത്ര ക്ലിപ്പുകള്‍ ലഭ്യമാണ്. ഇത് സമൂഹത്തിന്റെ എല്ലാ തലത്തിലുള്ളവരും ഉപയോഗപ്പെടുത്തുന്നുണ്ട്. കര്‍ണാടകയില്‍ നിയമസഭ സമ്മേളിച്ചുകൊണ്ടിരിക്കെ രണ്ട് സാമാജികര്‍ സഭക്കകത്ത് അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നത് ഫോട്ടോ സഹിതം മാധ്യമങ്ങളില്‍ വന്നതാണ്. വര്‍ധിച്ചുവരുന്ന ലൈംഗിക അരാജകത്വത്തിന് തടയിടണമെങ്കില്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കേണ്ടതനിവാര്യമാണ്. പോണ്‍സൈറ്റുകള്‍ മാത്രം നിരോധിച്ചതു കൊണ്ടായില്ല, ലൈംഗീകാഭാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളും ചാനല്‍ പരിപാടികളും നിരോധിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here