നീതി കഴുമരത്തിലാണ്

Posted on: August 5, 2015 6:00 am | Last updated: August 5, 2015 at 1:14 am
SHARE

hangWe the people of India . ‘ഇന്ത്യക്കാരായ ഞങ്ങള്‍’.. ഇന്ത്യന്‍ ഭരണഘടന തുടങ്ങുകയാണ്. ജനതയാണ് ഭരണഘടനയുടെയുടെ സ്രഷ്ടാക്കള്‍ എന്ന പ്രൗഢമായ ആത്മാഭിമാനത്തിന്റെ മുഖവുരയോടെ. ശേഷം പൗരനു കിട്ടേണ്ട നാല് അടിസ്ഥാന കാര്യങ്ങളിലേക്ക് അത് കടക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിലേക്ക്. ഈ നാല് കാര്യങ്ങള്‍ ജനതക്ക് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ‘ഇന്ത്യക്കാരായ ഞങ്ങള്‍’ ഭരണഘടന നിര്‍മിച്ചത് തന്നെ. അതിനു ശേഷമേ മറ്റെന്തും വരുന്നുള്ളൂ. അതില്‍ തന്നെ ആദ്യം പറയുന്നത് നീതിയാണ്. അതുകൊണ്ട് തന്നെയാണ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ ആദ്യ നിരയില്‍ സുപ്രീം കോടതി പ്രതിഷ്ഠിക്കപ്പെട്ടത്. ഹൈക്കോടതിയും കീഴ്‌ക്കോടതികളും ശ്രേഷ്ഠമായിത്തന്നെ മാനിക്കപ്പെടുന്നത്. ജഡ്ജിമാരെ വ്യക്തികള്‍ക്കപ്പുറം ‘നീതി’ തന്നെയായി കണക്കാക്കപ്പെട്ട് ‘ജസ്റ്റിസ്’ എന്ന് വിളിക്കുന്നത്.
നിയമങ്ങള്‍ നിയമങ്ങള്‍ക്കു വേണ്ടിയുള്ളതല്ല. കോടതികള്‍ നിയമം നടപ്പാക്കാന്‍ മാത്രമുള്ള ഉപാധികളുമല്ല. അതിനപ്പുറം നീതിക്ക് വേണ്ടിയുള്ളതാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കോടതികള്‍ ഇന്ന് നീതിന്യായ കോടതികള്‍ എന്നതില്‍ നിന്ന് നിയമ കോടതികളായോ തെളിവുകോടതികളായോ ചുരുങ്ങിയിരിക്കുന്നു. നിയമം അനുശാസിക്കുന്ന രേഖകള്‍ കോടതി മുറിയില്‍ എത്തിയിട്ടുണ്ടോ എന്ന് മാത്രമാണ് നോട്ടം. അതില്‍ വൈദഗ്ധ്യമുള്ളവന്‍ നിയമത്തിന്റെ രാജപാതയിലൂടെ രക്ഷപ്പെടും. ഗ്രാമീണ നിസ്സഹായത മാത്രമുള്ളവനെ നിയമത്തിന്റെ ഊടുവഴികളിലൂടെ നടത്തപ്പെടും. കേന്ദ്ര മന്ത്രിമാര്‍ മുതല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ വരെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലക്കാരായ ഒരു നാട്ടില്‍ പണവും സ്വാധീനവും ഉള്ളവന് കോടതി രേഖകള്‍ ഉണ്ടാക്കാന്‍ എന്ത് പ്രയാസം?
നിയമം എപ്പോഴും വിലയേറിയ അഭിഭാഷകരുടെ നാവിന്‍ തുമ്പിനാല്‍ വ്യാഖ്യാനിക്കപ്പെടുന്നതാണ്. ആ അഭിഭാഷകരാകട്ടെ മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ളവരും. ഇവിടെയാണ് നീതി എന്ന ഭരണഘടനയുടെ ആമുഖം തന്നെ നിയമ വിശാരദന്മാരാലും പണം, സ്വാധീനം എന്നീ ഘടകങ്ങളാലും ഹൈജാക്ക് ചെയ്യപ്പെടുന്നത്. സാമാന്യ ജനതയുടെ മുന്നില്‍ നീതി എന്നത് പ്രാപ്യമല്ലാത്ത, എന്നാല്‍ സുഖമുള്ള ഒരു സ്വപ്‌നം മാത്രമാകുന്നത്.
ചില വിദഗ്ധ അഭിഭാഷകരെപ്പറ്റി ‘അദ്ദേഹവും ഏതാനും ലക്ഷങ്ങളുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം ‘ എന്ന് പറയാറുണ്ട്. ഇത് നമ്മുടെ നീതി സങ്കല്‍പ്പത്തെക്കുറിച്ചുള്ള പൊറുക്കപ്പെടാനാവാത്ത ദുഃസൂചനയാണ്. ഇന്ന് ഇത്തരം ദുഃസൂചനകള്‍ ഒരു പടികൂടി കടന്ന് ജഡ്ജിമാരെപ്പോലും സംശയത്തിന്റെ നിഴലില്‍ ജനത നോക്കിക്കാണുന്ന ഒരവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. പരമോന്നത നീതി പീഠം വരെ കരിനിഴലിന്റെ പരിധിയിലാണെന്ന് ഒരാഴ്ചക്കുള്ളില്‍ വന്ന ഒരു കോടതി വിധിയും ഒരു നിരീക്ഷണവും പരിശോധിച്ചാല്‍ ആര്‍ക്കും തോന്നിപ്പോകും.
മെയ് മൂന്നിന് നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷക്ക് ഉത്തരവിട്ട സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍, ബന്ധപ്പെട്ടവര്‍ നിരവധി കര്‍ശന ഉപാധികള്‍ മുന്നോട്ടു വെച്ചപ്പോള്‍ അതില്‍ ശിരോവസ്ത്രവും നിരോധിക്കപ്പെട്ടത് സ്വാഭാവികമെന്ന് വേണമെങ്കില്‍ കരുതാം. പക്ഷേ, അനവസരത്തിലെങ്കിലും അതിനെ ചോദ്യം ചെയ്ത ഒരു വിഭാഗത്തോട് സുപ്രീം കോടതിയുടെ നിരീക്ഷണം കടുത്തതായിപ്പോയി. ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല എന്ന് പറയുന്നത് ഒരു ആള്‍ക്കൂട്ടത്തിന്റെ ആവേശത്തിന്റെ ധ്വനിയാണ്. അത് ഒരു പരമോന്നത കോടതിക്ക് യോജിച്ച ഭാഷയല്ല.
കഴിഞ്ഞ ദിവസം തൂക്കുമരത്തിലേക്ക് നടന്നുകയറിയ യാക്കൂബ് മേമന്റെ കാര്യത്തിലും നീതി സംശയ പീഠത്തില്‍ തന്നെയാണ്. യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട ന്യായാന്യായങ്ങള്‍ തത്കാലം അവിടെ നില്‍ക്കട്ടെ. ചരിത്രത്തിലാദ്യമായി സുപ്രീം കോടതി അര്‍ധ രാത്രിക്ക് ശേഷവും കണ്ണ് തുറന്നിരുന്നു എന്ന് പറയുമ്പോള്‍, കോടതി വ്യവഹാരങ്ങളുടെ അനന്തമായ കാത്തിരിപ്പ് കൊണ്ട് ശ്രദ്ധേയമായ ഒരു രാജ്യത്ത് ഒരിക്കലും കാണാത്ത ഒരു വ്യഗ്രത, ആള്‍ക്കൂട്ടത്തിന്റെ ആവേശം സുപ്രീം കോടതിയെയും ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, രാഷ്ട്രപിതാക്കളുടെ ജന്മദിനം തുടങ്ങിയ വിശേഷ ദിനങ്ങളില്‍ ജയില്‍ പുള്ളികളുടെ ശിക്ഷ ഇളവ് ചെയ്യുകയോ അവരെ സ്വതന്ത്രരാക്കുകയോ ഒക്കെ ചെയ്യുന്നത് പല രാജ്യങ്ങളിലും നാം കണ്ടിട്ടുണ്ട്. എന്നാല്‍ രാജ്യം സര്‍വത്ര ബഹുമതികളും നല്‍കി ആദരിച്ച ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ ഭൗതിക ശരീരം മണ്ണോട് ചേരുന്ന സമയം തന്നെ മേമനേയും മണ്ണോട് ചേര്‍ക്കാനായിരുന്നോ ഈ തിടുക്കം. കലാം പൊതു സമൂഹത്തിന്റെ ഒരു പോസിറ്റീവ് സിമ്പലായി പൂര്‍വാധികം ശക്തിയോടെ ജ്വലിക്കുന്ന സമയം തന്നെ യാക്കൂബ് മേമന്‍ എന്ന നെഗറ്റീവ് സിമ്പല്‍ കൊണ്ട് പൊളിച്ചടുക്കാനായിരുന്നില്ലേ ‘ചരിത്രമായി മാറിയ’ ആ കോടതി ചേരല്‍. സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ 2006 ലെ ഒരു ബലി പെരുന്നാള്‍ ദിനം തന്നെ അമേരിക്ക തിരഞ്ഞെടുത്തതിനെ വെറും യാദ്രച്ഛികമായി കരുതുന്നവര്‍ക്ക് യാക്കൂബ് മേമനെ തൂക്കിക്കൊന്നത് അങ്ങനെയൊക്കെ തന്നെയായി കരുതാം. ചേരയെ തിന്നുന്ന കാലത്ത് നീതിന്യായ വ്യവസ്ഥ നടുക്കഷണം തന്നെ തിന്നുകയാണ് എന്ന് പറയുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും ചെയ്യാം.
വാല്‍: നിയമം ഒരു മാറാലയാണ്. പാവപ്പെട്ടവന്‍ അതില്‍ ഈച്ചയെപ്പോലെ കുടുങ്ങും. പണവും സ്വധീനവുമുള്ളവന്‍ വണ്ടിനെപ്പോലെ അത് തുളച്ച് പുറത്തു പോകും എന്ന് പറഞ്ഞത് വിഖ്യാതനായ പഴയകാല നിയമ ചിന്തകന്‍ സോളമനാണ്.