Connect with us

Gulf

കടലില്‍ കാണാതായ മക്കള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ പിതാവ്‌

Published

|

Last Updated

കടലില്‍ കാണാതായ
അബ്ദുല്ല മുഹമ്മദ് മന്‍സൂര്‍ അല്‍ ളാഹ്‌രിയും മന്‍സൂര്‍ മുഹമ്മദ് ളാഹിരിയും

ദുബൈ: കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ മക്കള്‍ തിരിച്ചെത്തുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് പിതാവ്. ഒമാനിലെ മിര്‍ബാത്ത് പ്രവിശ്യയിലെ കടലില്‍ കുളിക്കാനിറങ്ങി കാണാതായ സ്വദേശി യുവാക്കളുടെ പിതാവായ മുഹമ്മദ് മന്‍സൂര്‍ അല്‍ ളാഹ്‌രിയാണ് ആണ്‍മക്കള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. മക്കളായ അബ്ദുല്ല മുഹമ്മദ് മന്‍സൂര്‍ അല്‍ ളാഹ്‌രി(21)യും മന്‍സൂര്‍ മുഹമ്മദ് ളാഹിരി(19)യും മിരിച്ചതായി കണക്കാക്കി ശേഷക്രിയകള്‍ നടത്തിയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് പിതാവ് വേദനയോടെ തന്റെ പ്രതീക്ഷ മാധ്യമങ്ങളുമായി പങ്കുവെച്ചത്. മക്കള്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നു ആളുകള്‍ പിന്മാറണമെന്നും മുഹമ്മദ് മന്‍സൂര്‍ അല്‍ ളാഹിരി അഭ്യര്‍ഥിച്ചു. മിര്‍ബാത്തില്‍ നിന്നു 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള യമന്‍ അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ അധികൃതര്‍ അയല്‍രാജ്യങ്ങളുടെ തീരദേശ സേനകളുടെ സഹായം തേടിയിരിക്കയാണ്. കനത്ത മഴയെത്തുടര്‍ന്ന് കടല്‍ ജലത്തിന് കടുത്ത തണുപ്പ് അനുഭവപ്പെടുന്നതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സഹോദരന്മാര്‍ അപകടത്തില്‍പെട്ടത് മുതല്‍ ഒമാന്റെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് കടലില്‍ തിരച്ചില്‍ തുടരുകയാണ്. ഇതുവരെയും യാതൊരു തുമ്പും കാണാതായവരെക്കുറിച്ച് ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇറങ്ങരുതെന്ന അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് പ്രക്ഷുബ്ധമായ കടലില്‍ ഇറങ്ങിയതാണ് ഇരുവരും അപകടത്തില്‍ പെടാന്‍ ഇടയാക്കിയതെന്ന് പിതാവ് കണ്ണീരോടെ പറഞ്ഞു. അനിയന്‍ മന്‍സൂറിന് നീന്തല്‍ നല്ല വശമില്ലായിരുന്നു. അവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മുഹമ്മദും ഒഴുക്കില്‍പെട്ടതെന്നും അവര്‍ തിരിച്ചെത്തുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെുന്നു അദ്ദേഹം പറഞ്ഞു.