Connect with us

Gulf

1,000 സ്ത്രീകളെ ബസ് സൂപ്പര്‍വൈസര്‍മാരായി നിയമിക്കും

Published

|

Last Updated

ദുബൈ: അടുത്ത മാസം ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ 1,000 സ്ത്രീകളെ ബസ് സൂപ്പര്‍വൈസര്‍മാരായി നിയമിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും 40 വിദ്യാലയങ്ങളിലെ ബസുകളിലാണ് സ്ത്രീകളെ നിയമിക്കുകയെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ദുബൈ ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പെര്‍ഫോമന്‍സ് കോഓഡിനേറ്റര്‍ മുഹമ്മദ് അല്‍ ഹമ്മാദി വ്യക്തമാക്കി.
ദുബൈയിലെ സ്‌കൂള്‍ ബസുകളില്‍ സ്ത്രീകളായ ബസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് വന്‍ ആവശ്യമാണുള്ളത്. എമിറേറ്റുകളിലെ സ്‌കൂള്‍ ബസുകൡ സൂപ്പര്‍വൈസര്‍ ജോലിക്ക് സ്ത്രീകളെയാണ് കൂടുതലായി നിയമിക്കുന്നത്. ചെറിയകുട്ടികളെയും പെണ്‍കുട്ടികളെയും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സൂപ്പര്‍വൈസര്‍മാരായി പുരുഷന്മാരെ ഉള്‍പെടുത്താന്‍ നിയമം അനുവദിക്കുന്നില്ല. സ്ത്രീകള്‍ക്ക് കുട്ടികളുടെ കാര്യത്തിലുള്ള മികച്ച ശ്രദ്ധയും പരിഗണനയുമാണിതിന് അടിസ്ഥാനം.
പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കായി സ്ത്രീകളും പുരുഷന്മാരും ഉള്‍പെടെ 5,500 സൂപ്പര്‍വൈസര്‍മാരാണ് രാജ്യത്തെ ഏറ്റവും വലിയ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമായ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിന്നായി പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍വൈസര്‍മാര്‍ക്ക് ഓരോ അക്കാഡമിക് സെമസ്റ്ററിനും മുമ്പായി 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നിര്‍ബന്ധിത പരിശീലനം നല്‍കുന്നുണ്ട്. ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനത്തിന് പുറമേ കുട്ടികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന കാര്യത്തിലും ട്രാന്‍സ്‌പോര്‍ട്ട് സൂപ്പര്‍വൈസര്‍മാര്‍ക്ക് പരിശീലനം ലഭിക്കും. കുട്ടികളുമായി മികച്ച രീതിയില്‍ ആശയ വിനിമയം നടത്താനുള്ള പരിശീലനവും ഇതില്‍ ഉള്‍പെടും. കുട്ടികളുടെ മനശാസ്ത്രം കൃത്യമായി അറിയുന്നവര്‍ ഉള്‍പെട്ട വിദ്ഗ്ധ സംഘമാണ് സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
കുട്ടികളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയെന്നത് ഒരു കലയാണ്. അവരെ ഒരിക്കലും മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ചീത്ത പറയരുത്. അങ്ങനെയാവുമ്പോഴെ കുട്ടിയുടെ വിശ്വാസം സൂപ്പര്‍വൈസര്‍ക്ക് ആര്‍ജിക്കാന്‍ സാധിക്കൂവെന്ന് അല്‍ ഹമ്മാദി ഓര്‍മിപ്പിച്ചു. കുട്ടികള്‍ക്ക് മുമ്പില്‍ കര്‍ശനമായ നിര്‍ദേശങ്ങളും നിബന്ധനകളുമായി രംഗപ്രവേശം ചെയ്യരുത്. കാര്യങ്ങള്‍ അവരെ സമയമെടുത്ത് ക്ഷമയോടെ ബോധ്യപ്പെടുത്താനാണ് സൂപ്പര്‍വൈസര്‍ ശ്രമിക്കേണ്ടത്. കുട്ടികളുടെ പ്രകൃതം പലപ്പോഴും പറയുന്നത് അതേപടി അനുസരിക്കുന്ന അവസ്ഥയിലാവില്ലെന്ന് ഓര്‍ക്കണം. കര്‍ശനമായ നിര്‍ദേശങ്ങളെ പലപ്പോഴും എതിര്‍ക്കാനുള്ള വാസന കുട്ടികളിലുണ്ടാവും.
കുട്ടിക്ക് അവര്‍ ചെയ്തതിലെ തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്തികൊടുക്കുന്നതിലാണ് സൂപ്പര്‍വൈസറുടെ മിടുക്കെന്നും അദ്ദേഹം പറഞ്ഞു. 20നും 45നും ഇടയില്‍ പ്രായമുള്ളവരാണ് സൂപ്പര്‍വൈസര്‍മാരായി ജോലിചെയ്യുന്നത്. സ്വദേശികള്‍ക്ക് പുറമേ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍, കോമറോസ് ദ്വീപ്, ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യക്കാരുമുണ്ട്.