Connect with us

National

എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍: പാര്‍ലമെന്റിനു പുറത്ത് കോണ്‍ഗ്രസ് എം പിമാരുടെ ധര്‍ണ്ണ

Published

|

Last Updated

ന്യൂഡല്‍ഹി: 25 എംപിമാരെ പാര്‍ലമെന്റില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തില്‍ പ്രതിഷേധിച്ച് മന്ദിരത്തിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്കു സമീപം കോണ്‍ഗ്രസ് എം പിമാരുടെ ധര്‍ണ്ണ. 25 കോണ്‍ഗ്രസ് എം പിമാരെ സ്പീക്കര്‍ അഞ്ചു ദിവസത്തേക്ക് ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പ്രതിഷേധ പരിപാടിയില്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ കൊലപാതകമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും കോണ്‍ഗ്രസ് എം പിമാര്‍ ധര്‍ണയില്‍ പങ്കെടുത്തു. എംപിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്ന് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായി.
സഭാ ബഹിഷ്‌ക്കരണം അടുത്ത അഞ്ച് ദിവസവും തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഒമ്പത് പ്രതിപക്ഷ കക്ഷികളും സഭ ബഹിഷ്‌ക്കരിച്ചു.
സ്ഥിരം മന്‍ കി ബാത് നടത്തുന്ന പ്രധാനമന്ത്രി ജനങ്ങളുടെ മന്‍ കീ ബാത് കേള്‍ക്കാന്‍ തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വ്യാപം അഴിമതി ആയിരങ്ങളുടെ ജീവിതം തകര്‍ത്തു. സുഷമ സ്വരാജും വസുന്ധര രാജെയും നിയമം ലംഘിച്ചു. ഇവരോട് രാജിവെക്കാന്‍ ആവശ്യപ്പെടുന്നത് കോണ്‍ഗ്രസല്ല ഈ രാജ്യത്തെ ജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന് ആകെയുള്ള 44 അംഗങ്ങളില്‍ 25 പേരേയാണ് പുറത്താക്കിയത്. ഈ സമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സഭയിലുണ്ടായിരുന്നു. വ്യാപം, ലളിത് മോദി വിഷയങ്ങളില്‍ മന്ത്രി സുഷമാസ്വരാജിന്റെയും രണ്ട് മുഖ്യമന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിവരുന്നത്. മഴക്കാലസമ്മേളനം തുടങ്ങി ഒന്‍പത് ദിവസമായി കാര്യമായ നടപടികള്‍ രണ്ടു സഭയിലും നടന്നിട്ടില്ല. ഇതിനിടയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗങ്ങളിലൊന്നും തീരുമാനമായില്ല. അറ്റകൈ പ്രയോഗം എന്ന നിലയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന രണ്ട് വിഷയങ്ങളിലും പ്രധാനമന്ത്രി സഭയില്‍ മറുപടിനല്‍കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വഴങ്ങുന്നുവെന്നതിന്റെ സൂചനയായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ലളിത് മോദി വിഷയത്തില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ ഹ്രസ്വവിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍ ആദ്യം രാജി എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം