മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്: 16 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു

Posted on: August 4, 2015 1:33 pm | Last updated: August 4, 2015 at 1:33 pm
SHARE

കല്‍പ്പറ്റ: ബത്തേരി ബ്ലോക്കിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ മടൂര്‍ പട്ടികവര്‍ഗ കോളനിയിലെ 16 കുടുംബങ്ങള്‍ക്ക് ഇനി സ്വന്തമായി വീട്.
കലക്ടറേറ്റില്‍ മുമ്പ് നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ തങ്ങളുടെ സങ്കടം അവതരിപ്പിച്ച് കാത്തിരിക്കുമ്പോഴാണ് ഈ സന്തോഷവാര്‍ത്ത കോളനിവാസികളെ തേടിയെത്തിയത്. കമ്മീഷന്‍ അംഗം മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് നടന്ന സിറ്റിംഗില്‍ 34 പരാതികളാണ് പരിഗണിച്ചത്. ഏഴ് പരാതികള്‍ പരിഹരിച്ചു. 13 പുതിയ പരാതികളും കമ്മീഷന് ലഭിച്ചു.
സംസ്ഥാന ഏകാധ്യാപക സ്‌കൂള്‍ ടീച്ചേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഏകാധ്യാപകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉന്നയിച്ചാണ് സിറ്റിംഗില്‍ അപേക്ഷയുമായെത്തിയത്. ജില്ലയില്‍ 39 വിദ്യാലയങ്ങളിലായി 700 കുട്ടികളും സംസ്ഥാനത്ത് 360 വിദ്യാലങ്ങളിലായി 5000 കുട്ടികളുമാണ് ഏകാധ്യാപക വിദ്യാലയങ്ങളില്‍ പഠിക്കുന്നത്.
കുട്ടികളെ പഠിപ്പിക്കുന്നത് മുതല്‍ ട്രാന്‍ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരെ ഒരധ്യാപന്റെ കീഴിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ പ്രതിമാസ വേതനം 2015 മാര്‍ച്ച് മുതല്‍ 5500 ആയി ഉയര്‍ത്തിയെങ്കിലും തുക ഇതുവരെ ലഭ്യമായിട്ടില്ലെന്നും എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ലഭ്യമാകുന്ന വേതനത്തിന് തുല്യമായ വേതന വര്‍ദ്ധനവ് നടപ്പിലാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. അധ്യാപകരുടെ നിയമനം ഉറപ്പുവരുത്തി സ്‌കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വനപ്രദേശങ്ങളിലും മറ്റും ജോലിചെയ്യുന്നവരുടെ ജീവന് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അപേക്ഷിച്ച പരാതിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര യാത്രയില്‍ അനുഭവിക്കുന്ന വിഷമതകള്‍ സംബന്ധിച്ച് കമ്മീഷന് ലഭിച്ച പരാതിയില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ബസ്സുകളില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം സമയവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടിക പ്രദര്‍ശിപ്പിക്കുന്നത് അനുയോജ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പ്രീ പ്രൈമറി ആയമാര്‍ സമര്‍പ്പിച്ച പരാതിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കല്‍പ്പറ്റ ടൗണിലും ചുറ്റുവട്ടത്തുമുള്ള സീബ്രാലൈന്‍ മാഞ്ഞുപോയത് സംബന്ധിച്ച് എമിലി സ്വദേശി നജീം നല്‍കിയ പരാതിയും കമ്മീഷന്‍ പരിഗണിച്ചു.