നെല്ലറയുടെ ഉന്നതവിദ്യാഭ്യാസ മേഖല ഇനി രാജ്യാന്തര തലത്തിലേക്ക്

Posted on: August 4, 2015 1:29 pm | Last updated: August 4, 2015 at 1:29 pm
SHARE
പാലക്കാട് വാളയാറിനു സമീപം അഹല്യയില്‍ സജ്ജമായ ഐ ഐ ടി താത്കാലിക അക്കാദമിക് ക്യാമ്പസ്
പാലക്കാട് വാളയാറിനു സമീപം അഹല്യയില്‍ സജ്ജമായ ഐ ഐ ടി താത്കാലിക അക്കാദമിക് ക്യാമ്പസ്

പാലക്കാട്: ഡല്‍ഹിയില്‍നിന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നതോടെ നീണ്ട കാലത്തെ ആശങ്കക്ക് വിരാമമിട്ട് ഐ ഐ ടി പ്രവര്‍ത്തനം തുടങ്ങി.
ഇന്‍ഫോസിസ് സഹസ്ഥാപകനും വ്യവസായസംരംഭകനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ പ്രചോദന പ്രഭാഷണത്തോടെയായിരുന്നു പഠനാരംഭം. പ്രശസ്ത വ്യവസായസംരംഭകരായ ചെന്നൈ ഐ ഐ ടി യിലെ പൂര്‍വവിദ്യാര്‍ഥികള്‍, ചെന്നൈ ഐ ഐ ടി ഡയറക്ടര്‍, പാലക്കാട് ഐ ഐ ടിയുടെ ഡയറക്ടര്‍ ഇന്‍ചാര്‍ജ് തുടങ്ങിയവര്‍ ആദ്യദിനം ക്ലാസെടുത്തു. മലയാള പുതുവര്‍ഷപ്പിറവിദിനത്തിലാണ് ഐ.ഐ.ടി.യുടെ ഔദ്യോഗിക ഉദ്ഘാടനം. അന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാളയാറിനടുത്ത് കനാല്‍പിരിവില്‍ അഹല്യാ അങ്കണത്തിലാണ് താത്കാലിക കാമ്പസ്.
12 മലയാളികളുള്‍പ്പെടെ 117 വിദ്യാര്‍ഥികളാണ് ആദ്യബാച്ചിലുള്ളത്. 2014 ജൂലൈ പത്തിന് കേന്ദ്ര ധനമന്ത്രി ബജറ്റ്പ്രസംഗത്തില്‍ പ്രഖ്യാപിച്ച അഞ്ച് ഐ. ഐ ടികളില്‍ ആദ്യം യാഥാര്‍ഥ്യമായത് പാലക്കാട്ടാണെന്നതില്‍ കേരളക്കരയ്ക്ക് അഭിമാനിക്കാം. പ്രതിഷേധങ്ങളും പ്രതിസന്ധികളുമില്ലാതെ സംസ്ഥാനത്ത് കുറഞ്ഞ കാലംകൊണ്ട് യാഥാര്‍ഥ്യമായ ബൃഹദ് പദ്ധതിയെന്ന സവിശേഷതയും ഐ.ഐ.ടി.ക്കുണ്ട്. 2014 സപ്തംബര്‍ 26നാണ് കേരളത്തില്‍ ഐ. ഐ .ടി.ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് സര്‍ക്കാരിന് കിട്ടിയത്.
സ്ഥിരം കാമ്പസിനായി പുതുശ്ശേരിയില്‍ 500 ഏക്കര്‍ ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണ്. ഡിസംബറിനുള്ളില്‍ സ്ഥലമേറ്റെടുത്ത് വേലികെട്ടി കൈമാറും. അതോടെ, കേരളസര്‍ക്കാരിന്റെ ചുമതല പൂര്‍ത്തിയാകും തുടര്‍ന്ന്, കേന്ദ്ര മാനവശേഷി മന്ത്രാലയം സ്ഥിരംകെട്ടിടം പണിയും. മൂന്നുവര്‍ഷംകൊണ്ട് ഐ ഐ ടി പഠനം സ്ഥിരംകാമ്പസിലാകും.
കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ തുടങ്ങി നാല് എന്‍ജിനിയറിങ് കോഴ്‌സുകളാണ് തുടക്കത്തിലുള്ളത്. പ്രവേശനപരീക്ഷയില്‍ 2,800 മുതല്‍ 10,000 റാങ്കുവരെ നേടിയവരുണ്ട് പാലക്കാട് ഐ ഐ ടി.യില്‍. പത്തുവര്‍ഷംകൊണ്ട് ഈ ഐ ഐ ടിയില്‍ വിദ്യാര്‍ഥികളുടെ എണ്ണം 10,000 കവിയും. അധ്യാപകര്‍ ആയിരത്തോളമാകുംനീണ്ട ഒന്‍പതു വര്‍ഷം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാലക്കാടിന്റെ ആദ്യ ബാച്ചിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാലക്കാടിന്റെ ആദ്യ ബാച്ചിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഐഐടിക്കുവേണ്ടിയുള്ള ആദ്യ ശ്രമം തുടങ്ങുന്നത് 2006ല്‍. അന്ന് എം പി ആയിരുന്ന എന്‍ എന്‍ കൃഷ്ണദാസാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനു പാലക്കാട് ഐഐടി വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഒരു സ്ഥാപനം എന്നതായിരുന്നു കണക്കു കൂട്ടല്‍. അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും എന്‍ എന്‍ കൃഷ്ണദാസും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഈ വിഷയം ഉന്നയിച്ചിരുന്നു. ഞ്ചവല്‍സര പദ്ധതിയുടെ ആലോചനയോഗം നടക്കുന്ന സമയത്ത് കേരളത്തിനു പ്രഥമ പരിഗണന നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതുമാണ്.ഐഐടിക്കായി കഞ്ചിക്കോട് 400 ഏക്കര്‍ സ്ഥലം കണ്ടെത്തുമെന്നും അന്ന് വി എസ് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ തെലുങ്കാന പ്രക്ഷോഭമുണ്ടായപ്പോള്‍ ആന്ധ്രയിയില്‍ ഐഐടി സ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നുവത്രെ.
ചായകപ്പിനും ചുണ്ടിനുമിടയില്‍ പലപ്പോഴും ഐ ഐ ടി നഷ്ടമാകുന്നുവെന്ന് പ്രതീതി ജനിച്ചെങ്കിലും എം ബി രാജേഷ് എം പി ഉള്‍പ്പെടെയുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഐ ഐ ടി കേരളത്തിലെ നെല്ലറയായപാലക്കാടിന് ലഭിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here