Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: പന്ത്രണ്ട് വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമം. പെരിന്തല്‍മണ്ണ നഗരത്തിന്റെ വികസന കുതിപ്പില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തികൊണ്ട് പട്ടണ കേന്ദ്രത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണ പ്രവര്‍ത്തനത്തിന് സമാരംഭമാവുകയാണ്.
നഗരമധ്യത്തില്‍ ഏറ്റവും അനുയോജ്യമായ നിര്‍ദിഷ്ട സ്ഥലത്ത് ബസ് സ്റ്റാന്‍ഡ് വിഭാവനം ചെയ്തത് 2000ത്തിലെ കൗണ്‍സില്‍ ഇറക്കിയ ജനകീയ മാസ്റ്റര്‍ പ്ലാനിലാണ്. 70ഓളം സ്ഥലഉടമകളില്‍ നിന്നും അഞ്ച് ഏക്കര്‍ സ്ഥലം തീര്‍ത്തും സൗജന്യമായാണ് സ്ഥലമുടമകള്‍ സ്വമനസ്സാലെ ഇത്രയും സ്ഥലം നഗരസഭക്ക് സംഭാവന നല്‍കിയത്. ഇതനുസരിച്ച് 2004 ഫെബ്രുവരിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ അന്നത്തെ സര്‍ക്കാര്‍ 9246 ഡി 3 -04 എല്‍ എസ് ജി ഡി ഡി എ 25-5-2004 നമ്പര്‍ ഉത്തരവിലൂടെ ആ കൗണ്‍സില്‍ തീരുമാനത്തെ റദ്ദാക്കുകയാണുണ്ടായത്.
പിന്നീട് 2005 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിന് സാധുതയില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതോടെ 2005 ഫെബ്രുവരിയില്‍ സ്ഥലമുടമകള്‍ നഗരസഭക്ക് സ്ഥലം രജിസ്റ്റര്‍ ചെയ്തുതന്നു. തുടര്‍ന്നിങ്ങോട്ട് 2010 വരെ ആറ് വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തില്‍ ഹൈക്കോടതി നഗരസഭക്ക് അനുകൂലമായ വിധി നല്‍കി.
തുടര്‍ന്ന് സ്ഥലം തരംമാറ്റല്‍, മണ്ണ് പരിശോധന, ബസ് സ്റ്റാന്‍ഡിന്റെ രൂപരേഖ തയ്യാറാക്കല്‍ തുടങ്ങി സാങ്കേതികാനുമതി വാങ്ങല്‍ എന്നിവക്കായി കഴിഞ്ഞ നാല് വര്‍ഷം നഗരസഭ കഠിനപ്രയത്‌നം വേണ്ടിവന്നതായി നഗരസഭാധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 9.29 കോടി രൂപക്കുള്ള ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ എസ്റ്റിമേറ്റിനാണ് ചീഫ് എന്‍ജിനിയര്‍ അനുമതി നല്‍കിയിട്ടുള്ളത്. എസ്റ്റിമേറ്റ് നിരക്കില്‍ നിന്നും 5.1 ശതമാനം കുറവ് നിരക്ക് രേഖപ്പെടുത്തിയ എറണാകുളം സേവ്യര്‍ ആന്‍ഡ് സണ്‍സ് കോണ്‍ട്രറാക്‌ടേഴ്‌സിനാണ് ടെന്‍ഡര്‍ ലഭിച്ചിട്ടുള്ളത്.
ഇതനുസരിച്ച് കോംപ്ലക്‌സ് പ്രസ്തുത കമ്പനിക്കും 1.42 കോടി രൂപ ചെലവില്‍ ബസ് സ്റ്റാന്‍ഡ് യാര്‍ഡിലേക്ക് മൂന്ന് അപ്രോച്ച് റോഡുകള്‍ മൂന്ന് കരാറുകാര്‍ക്കായി 10.23 കോടി രൂപയുടെ ബസ് സ്റ്റാന്‍ഡ് നിര്‍മാണ പദ്ധതിക്കാണ് നഗരസഭ ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. പത്ത് കോടി രൂപ ബേങ്കില്‍ നിന്നും വായ്പയെടുക്കാന്‍ നേരത്തെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.
ഏഴ് നിലകള്‍ വിഭാവനം ചെയ്ത ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന് താഴെ നിലയുടെ പ്രവൃത്തി മാത്രമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. 2500 ചതുരശ്രയടി വിസ്തീര്‍ണം വരുന്ന ഈ കോംപ്ലക്‌സില്‍ 54 വ്യാപാരമുറികള്‍, എ ടി എം, പോലീസ് എയ്ഡ്‌പോസ്റ്റ്, മുപ്പതോളം ടോയ്‌ലറ്റ്, 150ഓളം യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ വിസ്തൃതമായ കോമണ്‍ഏരിയ എന്നിവയുണ്ടാകും.
32 ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്ന ബസ് സ്റ്റാന്‍ഡിന്‍ഡിന്റെയും 2.30 ഏക്കര്‍ ഓപ്പണ്‍യാര്‍ഡും ഉണ്ടായിരിക്കും. 50ഓളം കാറുകള്‍ക്കും 50ഓളം ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്കിംഗ് സൗകര്യവും ബസ് സ്റ്റാന്‍ഡ് ഉറപ്പാക്കും. മൂന്ന് അപ്രോച്ച് റോഡുകളുള്ളതിനാല്‍ വണ്‍വെ സൗകര്യത്തോടെയായിരിക്കും ബസുകള്‍ സ്റ്റാന്‍ഡിലെത്തുക. ഈ മാസം ഏഴിന് 4.30ന് ബസ് സ്റ്റാന്‍ഡ് സൈറ്റില്‍ മന്ത്രി എം അലി തറക്കല്ലിടല്‍ നിര്‍വഹിക്കും.
ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിക്കും. ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. പെരിന്തല്‍മണ്ണയിലെ ചില രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം, എം കെ ശ്രീധരന്‍, നഗരസഭ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest