Connect with us

Kozhikode

കുടിവെള്ളം മുടങ്ങി; ഒരു മാസമായി ലക്ഷം വീട് കോളനി വാസികള്‍ ദുരിതത്തില്‍

Published

|

Last Updated

മുക്കം: അധികൃതരുടെ പിഴവ് മൂലം ലക്ഷംവീട് കോളനി വാസികള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതത്തില്‍. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുങ്ങല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്നവരാണ് ഒരു മാസമായി കുടിവെള്ളത്തിന് പ്രയാസപ്പെടുന്നത്. പതിനാല് വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന കുടിവെള്ള പദ്ധതിയുടെ വൈദ്യുതിബില്ല് അടയ്ക്കാത്തതിനാല്‍ കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി ബന്ധം വിഛേദിച്ചതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം. മാസത്തില്‍ 150 രൂപ നല്‍കിയാണ് ഓരോ കുടുംബവും പദ്ധതിയില്‍ നിന്ന് കുടിവെള്ളമെടുത്തിരുന്നത്. എല്ലാ മാസവും 1500 രൂപയായിരുന്നു ബില്ല്. മീറ്റര്‍ റീഡിംഗ് നോക്കാതെയായിരുന്നു ഓരോ മാസവും ബില്ല് നല്‍കിയിരുന്നത്. എന്നാല്‍ ഒരു മാസം മുമ്പ് റീഡിംഗിനെത്തിയയാള്‍ അറുപതിനായിരം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴാണ് പ്രദേശവാസികള്‍ ഞെട്ടുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷം വീട് കോളനിക്കാര്‍ക്ക് ഇത് താങ്ങാവുന്നതിലപ്പുറമാണ്. അധികൃതര്‍ റീഡിംഗ് നോക്കാത്തതുമൂലം സംഭവിച്ച പിഴവിന് പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിന് പ്രയാസപ്പെടുകയാണ്. ഓരോ മാസവും ചെറിയ തുക കൊണ്ട് തീ രു മാ യി രു ന്ന പ്രശ്‌നം വഷളാക്കിയ അധികൃതര്‍ വൈദ്യുതി വിഛേദിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ദുരിതം കൂടിയതോടെ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാര്‍ഡ് അംഗത്തെ സമീപിച്ചെങ്കിലും കൈമലര്‍ത്തുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ചേന്ദമംഗല്ലൂരില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ വില കൊടുത്താണ് കുടിവെള്ളമെത്തിക്കുന്നത്. കാല്‍നടയായി ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാലേ കുടിവെള്ളം കിട്ടുകയുളളൂ.

Latest