തലക്കുളത്തൂര്‍ അഴിമതി രഹിത പഞ്ചായത്തായി

Posted on: August 4, 2015 12:31 pm | Last updated: August 4, 2015 at 12:31 pm
SHARE

കോഴിക്കോട്: തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിനെ സംസ്ഥാനത്തെ അഴിമതി രഹിത പഞ്ചായത്തുകളിലൊന്നായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത്തല പ്രഖ്യാപനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എ കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വിജിലന്റ് കേരള പദ്ധതിയിലൂടെ സംസ്ഥാനത്ത് 44 പഞ്ചായത്തുകളെയാണ് അഴിമതിരഹിത പഞ്ചായത്തുകളായി പ്രഖ്യപിച്ചത്. ഇതില്‍ ജില്ലയില്‍ നടുവണ്ണൂര്‍, ചെറുവണ്ണൂര്‍, രാമനാട്ടുകര, ബാലുശ്ശേരി, തിരുവമ്പാടി, കൂത്താളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടും.
ഗ്രാമപഞ്ചായത്തിലുള്ള ഓരോ വാര്‍ഡിലും വിജിലന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ഇവര്‍ക്ക് വിജിലന്‍സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയും ചെയ്തു. ഇവരിലൂടെ ഗ്രാമപഞ്ചായത്തില്‍ ബോധവത്കരണം നടത്തിയാണ് അഴിമതിരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചത്. വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഡി വൈ എസ് പി. കെ അശ്‌റഫ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയില്‍ കോഴിക്കോട് കോര്‍പറേഷന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ പഞ്ചായത്ത് അംഗം പൂളയില്‍ പ്രേമ, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ചേളന്നൂര്‍ ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ ബിന്ദു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ശിവാനന്ദന്‍ നായര്‍, കോഴിക്കേട് യൂനിറ്റ് വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍ വി പ്രേമാനന്ദ് പ്രസംഗിച്ചു.