Connect with us

National

താനെയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് 12 മരണം

Published

|

Last Updated

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് അപകടം. താനെയിലെ ബകാബിന്‍ മേഖലയിലാണ് മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 12 ആയി. ഏഴു പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. നാല് പേരെ രക്ഷപ്പെടുത്തി. മൂന്നുനിലയുള്ള താമസ കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. താനെയിലെ ബകാബിന്‍ മേഖലയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

50 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കുറെ താമസക്കാര്‍ കെട്ടിടം ഉപേക്ഷിച്ച് പോയെങ്കിലും കുറച്ചു പേര്‍ അവിടെ തന്നെ താമസിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ചയും താനെയില്‍ കല്യാണിനടുത്തുള്ള താക്കുര്‍ളിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് ഒരു മലയാളിയടക്കം ഒമ്പത് പേര്‍ മരിച്ചിരുന്നു. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്ന ചോറലാഗാവിലുള്ള “മാതൃകൃപ” എന്ന കെട്ടിടമാണ് കഴിഞ്ഞ ചാവ്വാഴ്ച രാത്രി തകര്‍ന്നത്.