ഏയ്ഞ്ചല്‍ ഡി മാരിയ പി എസ് ജിയില്‍

Posted on: August 4, 2015 4:43 am | Last updated: August 4, 2015 at 12:44 am
SHARE

dimaria_psg2 copyക്വാലലംപുര്‍: അര്‍ജന്റൈന്‍ വിംഗര്‍ ഏയ്ഞ്ചല്‍ ഡി മാരിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയിനിലേക്ക് ചേക്കേറി. ദോഹയില്‍ വെച്ച് ഡി മാരിയ പി എസ് ജിയുടെ മെഡിക്കല്‍ പരിശോധനക്ക് വിധേയനായി. 444.4 ദശലക്ഷം പൗണ്ടിന്റെ ഓഫറാണ് പി എസ് ജി മുന്നോട്ടുവെച്ചത്. ഇതംഗീകരിക്കപ്പെട്ടതോടെ നാല് വര്‍ഷത്തെ കരാറില്‍ ഡി മാരിയ ഒപ്പുവെച്ചു. ആഴ്ചയില്‍ ഒരുലക്ഷത്തി എഴുപതിനായിരം പൗണ്ടാണ് ഡി മാരിയക്ക് പി എസ് ജി യില്‍ വേതനം.
കഴിഞ്ഞ സീസണിലാണ് ഡി മാരിയയെ റയല്‍മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയത്. എന്നാല്‍, വേണ്ടത്ര ശോഭിക്കാന്‍ താരത്തിന് സാധിച്ചില്ല. കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ പദ്ധതികളുമായി ഒത്തുപോകുന്ന ശൈലിയല്ലായിരുന്നു ഡി മാരിയയുടേത്. അതു പോലെ വിടാതെ പിന്തുടരുന്ന പരുക്കും അര്‍ജന്റൈനെ തഴയാന്‍ ഒരു കാരണമായി. മാഞ്ചസ്റ്ററിലേക്ക് ഡി മാരിയ വന്നത് ബ്രിട്ടീഷ് റെക്കോര്‍ഡ് ട്രാന്‍സ്ഫറിലായിരുന്നു.
59.7 ദശലക്ഷം പൗണ്ടിന്റെതായിരുന്നു കരാര്‍. റയല്‍മാഡ്രിഡിന് പത്താമത് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ വഹിച്ച പങ്ക് ഡി മാരിയയുടെ താരമൂല്യം ഉയര്‍ത്തിയിരുന്നു. റയലിലെ മികവിന് പുറമെ അര്‍ജന്റീനക്കായി തിളങ്ങുന്നതും ഡി മാരിയക്ക് വിപണിയില്‍ മൂല്യമുണ്ടാക്കി. എന്നാല്‍, ഇംഗ്ലീഷ് വമ്പന്‍മാരുടെ പ്രതീക്ഷ തെറ്റിക്കുന്നതായി ട്രാന്‍സ്ഫര്‍. മാര്‍ച്ച് ഒമ്പതിന് എഫ് എ കപ്പില്‍ ആഴ്‌സണലിനോട് തോറ്റതിന് ശേഷം ഡി മാരിയയെ മാഞ്ചസ്റ്റര്‍ ആദ്യ ലൈനപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്ററിന്റെ റൈറ്റ് ബാക്ക് റാഫേലിനായി ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ നീക്കം നടത്തുന്നുണ്ട്.