Connect with us

Ongoing News

ഇന്ത്യ-ലങ്ക പരമ്പര 12ന് - പരിശീലന മത്സരം വ്യാഴാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് ദശകം പിന്നിട്ടു, ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പര ജയിച്ചിട്ട്. ഇരുപത്തിരണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ വിരാട് കോഹ്‌ലി നയിക്കുന്ന അഗ്രസീവ് ടീം ഇന്ത്യക്ക് സാധിക്കുമോ ?
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഈ മാസം പന്ത്രണ്ടിനാണ് ആരംഭിക്കുന്നത്. വ്യാഴാഴ്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇലവനുമായുള്ള പരിശീലന മത്സരത്തിന് ഇന്ത്യയിറങ്ങും. മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് വിരാട് കോഹ്‌ലിയിലേക്ക് നേതൃസ്ഥാനം കൈമാറ്റപ്പെട്ടതിന് ശേഷം ഇന്ത്യ ആദ്യമായാണ് ശ്രീലങ്കന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. ധോണിയിലെ തന്ത്രജ്ഞനെ കോഹ്‌ലിയില്‍ കാണാന്‍ സാധിക്കുമോ എന്നതിന് പരമ്പര ചെറിയ തോതില്‍ ഉത്തരം നല്‍കും. ഉള്‍വലിഞ്ഞു നിന്ന് തന്ത്രം മെനയുന്ന ധോണിയുടെ രീതിയല്ല കോഹ്‌ലിയുടേത്. ആക്രമണോത്സുകതയാണ് മുഖമുദ്ര. തന്ത്രങ്ങളെല്ലാം പ്രഖ്യാപിച്ച് പോരാടുക എന്നതാണ് കോഹ്‌ലിയുടെ അഗ്രസീവ്‌നെസ്. ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്, ടീമില്‍ അഞ്ച് ബൗളര്‍മാരുണ്ടെന്ന കോഹ്‌ലിയുടെ പ്രഖ്യാപനം.
ശ്രീലങ്കയില്‍ ബൗളര്‍മാര്‍ക്ക് വലിയ റോളുണ്ടെന്ന് കോഹ്‌ലി നിരീക്ഷിക്കുന്നു. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ വരുമ്പോള്‍ ആദ്യ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്വമേറും. വെല്ലുവിളി ഏറ്റെടുക്കേണ്ടത് ബാറ്റ്‌സ്മാന്‍മാരാണെന്ന് കോഹ്‌ലി വിശ്വസിക്കുന്നു. താനുള്‍പ്പടെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ വലിയ സ്‌കോര്‍ കണ്ടെത്തുകയും ബൗളര്‍മാര്‍ക്കത് പ്രതിരോധിക്കാനുള്ള പിന്തുണയും ലഭിച്ചാല്‍ പരമ്പര വരുതിയിലാക്കാമെന്ന് കോഹ്‌ലി കണക്ക് കൂട്ടുന്നു.
ഹര്‍ഭജന്‍ സിംഗ്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നീ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്ക് ബാറ്റ് കൊണ്ടും കാര്യമായ സംഭാവന നല്‍കാനാകുമെന്നതാണ് കോഹ്‌ലി അഞ്ച് ബൗളര്‍മാര്‍ തന്ത്രത്തിന് ബലമേകുന്നത്. ഐ പി എല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഹര്‍ഭജന്‍ സിംഗിന് വാലറ്റത്ത് തിളങ്ങാന്‍ സാധിക്കും. അതുപോലെ അശ്വിന്‍ ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്നതില്‍ നിപുണനാണ്. ഭുവനേശ്വര്‍ കുമാറിന് രണ്ട് രീതിയും വഴങ്ങും. അറ്റാക്കിംഗും ഡിഫന്‍സും.
ഓപണിംഗ് ബാറ്റിംഗിലേക്ക് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് കോഹ്‌ലിയെ ചിന്തിപ്പിക്കുന്നത്. മുരളി വിജയ്, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ഓപണിംഗ് സ്‌പോട്ടിലേക്കുള്ളത്. ഇതില്‍ മുരളി വിജയിനെ കോഹ്‌ലി പരസ്യമായി പിന്തുണക്കുന്നു. നൂറ് ശതമാനം ഫിറ്റ്‌നെസുള്ള മുരളിയെ തന്റെ ടീമിലെ പ്രധാനിയായി കോഹ്‌ലി കാണുന്നുണ്ട്. രാഹുലാകട്ടെ മികച്ച ഫോമില്‍ കളിക്കുന്നു. ശിഖര്‍ ധവാന്‍ സ്ഥിരത പുലര്‍ത്തുന്നതില്‍ പരാജയമാണ്. ഇവര്‍ തമ്മിലൊരു മത്സരമുണ്ടാകും.