കെ ടി മൊയ്തീന്‍: വിട വാങ്ങിയത് ഭക്തിഗാനങ്ങളുടെ സാമ്രാട്ട്

Posted on: August 4, 2015 12:40 am | Last updated: August 4, 2015 at 12:40 am
SHARE

തിരൂരങ്ങാടി: ഭക്തിയും ധര്‍മചിന്തയും നിറഞ്ഞ നിരവധി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹദ്് ഗാനരചയിതാവാണ് വിടപറഞ്ഞ കെ ടി മൊയ്തീന്‍. പ്രസിദ്ധ ഗായകന്‍ പരേതനായ എ വി മുഹമ്മദിന്റെ ഈണത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ പരന്‍വിധിച്ചുമ്മാ വിട്ട് ചൊങ്കില്‍ നടക്കുന്ന ശുജഅത്ത് നമ്മുക്കുണ്ട് നാട്ടില്……. തുടങ്ങിയ ഗാനങ്ങള്‍ മൊയ്തീന്റെ മികച്ച രചനകളില്‍ പെടും.
എ വി മുഹമ്മദും ബാബു രാജും മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളികളുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കുന്ന ഗാനങ്ങളില്‍ പലതിന്റേയും തൂലികക്കാരന്‍ ഇദ്ദേഹമാണ്. ഉമ്മുല്‍ഖുറാവില്‍ അണഞ്ഞ ഉമ്മുല്‍കിതാബിന്റുടമ… ആകെ ലോക കാരണ മുത്തൊളി യാറസൂലേ… ഇങ്ങനെ നീളുന്നു ആ പട്ടിക. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും നിരവധി ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഹിറ്റ് ഗാനങ്ങളമടക്കം ആയിരക്കണക്കിന് വരും അത്. താന്‍ എത്രപാട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് കൃത്യമായി അറിയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ ഗാന കാവ്യ സമാഹാരം 610 പേജുള്ള സമ്പൂര്‍ണ കൃതി 2007ല്‍ കൊണ്ടോട്ടി മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്. 15-ാം വയസില്‍തന്നെ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്ന കോ ടിയുടെ പ്രധാന വഴികാട്ടി ജ്യേഷ്ഠ സഹോദരനും അറിയപ്പെട്ട മാപ്പിള കവിയുമായിരുന്ന കെ ടി മുഹമ്മദ് സാഹിബാണ്.
ആദ്യ കാലങ്ങളില്‍ വട്ടപ്പാട്ട് സംഘത്തില്‍ ചേരുകയും 12 വര്‍ഷത്തോളം ഇതില്‍ സജീവമായി നിലനില്‍ക്കുകയും ചെയ്തു. തമിഴ് പുലവന്‍മാരുടെ സീറാ പാട്ടുകളെ കുറിച്ച് അവഗാഹം നേടിയ ഇദ്ദേഹം ആദ്യകാല കല്യാണങ്ങളിലും ആഘോഷങ്ങളിലും നിരവധി മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. തിരൂരങ്ങാടിയിലെ ഗാന രചയിതാവായിരുന്ന എ ടി മുഹമ്മദിന്റെ കൂടെ ഹാര്‍മോണിയത്തിലും അഭ്യസിച്ചിട്ടുണ്ട്. വട്ടപ്പാട്ടിന് പുറമെ പല ഗായക സംഘങ്ങള്‍ക്കൊപ്പം പൊതുപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇദ്ദേഹത്തിന് അറബി,മലയാളം, അറബി മലയാളം,തമിഴ് ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ടായിരിുന്നു. ജീവിത പ്രാരാബ്ധം കാരണം പലപ്പോഴായി നാട് വിട്ട് അന്നം തേടി പോയിട്ടുണ്ട്. കേ രളത്തിലെ പല ഭാഗങ്ങളില്‍ നിന്നും വരുന്ന വട്ടപ്പാട്ടുകാരും മറ്റും പാട്ടുകളെഴുതി വാങ്ങുമ്പോള്‍ നല്‍കിയിരുന്ന പ്രതിഫലത്തെ കുറിച്ച് ഇദ്ദേഹം എഴുതിയ കവിത ഏറെ രസാവഹമാണ്.