പാര്‍ലിമെന്ററി പഠന പരിശീലന കേന്ദ്രത്തിന് യുനിസെഫ് അംഗീകാരം

Posted on: August 4, 2015 4:39 am | Last updated: August 4, 2015 at 12:39 am
SHARE

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലിമെന്ററി പഠന പരിശീലന കേന്ദ്രത്തിന് യുനിസെഫ് അംഗീകാരം ലഭിച്ചതായി സ്പീക്കര്‍ എന്‍ ശക്തന്‍. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും പാര്‍ലിമെന്ററി ജനാധിപത്യത്തെയും ഭരണസംവിധാനത്തെയുംകുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘സെന്റര്‍ ഫോര്‍ പാര്‍ലിമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ്’ (സി പി എസ് റ്റി) 2011ലാണ് ആരംഭിച്ചത്.
ഇതിന്റെ ആഭിമുഖ്യത്തില്‍ നിയമസഭാ സാമാജികര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി പ്രഭാഷണ പരിപാടികള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പഠനപരിപാടികള്‍ തുടങ്ങിയവ നടത്തിവരികയാണ്.
വിദൂരവിദ്യാഭ്യാസ രീതിയില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ഇത്തരം പരിപാടികള്‍ ശക്തിപ്പെടുത്താനായി യുനെസ്‌കോ സാങ്കേതിക, സാമ്പത്തിക സഹായം ലഭ്യമാക്കുംസ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു.
ഇപ്പോള്‍ നടന്നുവരുന്ന പരിപാടികള്‍ക്കു പുറമെ, വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കുമായി കൂടുതല്‍ ക്രിയാത്മക പദ്ധതികള്‍ നടപ്പാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ നിയമസഭാ പഠന സന്ദര്‍ശന പരിപാടികള്‍, കുട്ടികളുടെ അവകാശം, ക്ഷേമം, ബാലാവകാശ സംരക്ഷണ സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സെമിനാറുകള്‍, വര്‍ക് ഷോപ്പുകള്‍, കുട്ടികളുടെ ക്ഷേമം അവകാശങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി എല്ലാ വിഭാഗങ്ങള്‍ക്കും ബോധവത്കരണ പരിപാടികള്‍, മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പഠന യാത്രകള്‍, ജീവനക്കാര്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടികള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ യുനസ്‌കോയുമായുള്ള സംയുക്ത സംരംഭമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here