എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും: മന്ത്രി ബാബു

Posted on: August 4, 2015 5:38 am | Last updated: August 4, 2015 at 12:39 am
SHARE

minister k babuകൊല്ലം; സംസ്ഥാനത്തെ എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ മുപ്പത്തി ആറാമത് സംസ്ഥാനസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും ഒഴുക്ക് തടയാന്‍ ശക്തമായ പെട്രോളിംഗ് ഉണ്ടാകും. വ്യാപകമായ സ്പിര്റ്റ് കടത്ത് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആഡംബരക്കാറുകളിലാണ് മദ്യം കടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസിന്റെ ശക്തമായ നിരീക്ഷണം ഓണക്കാലത്ത് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. മദ്യത്തില്‍ നിന്ന് മയക്കുമരുന്നിലേക്കുള്ള പുതുതലമുറയുടെ ചേക്കേറ്റം ഗൗരവമായിട്ടാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്ന് മന്ത്രി പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം കുറയുമ്പോള്‍ മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് ആശാവഹമല്ലെന്നും നാടിനെ തകര്‍ക്കുന്ന ഇത്തരം പ്രവണതകളെ വേരോട് പിഴുതെറിയാന്‍ എക്‌സൈസ് വകുപ്പ് കൂടുതല്‍ ജാഗ്രതയോട് പ്രവര്‍ത്തിക്കണമെന്നും ബാബു നിര്‍ദേശിച്ചു.
ഗ്രേഡ് പ്രമോഷനും മറ്റു ആനുകൂല്യങ്ങളും ഇതര ജീവനക്കാര്‍ക്കൊപ്പം അനുവദിച്ചിട്ടുണ്ട്. പത്താം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ജീവനക്കാരുടെ ആശങ്ക ദുരീകരിക്കും. കാന്റീന്‍ കാര്യത്തില്‍ ഫിനാന്‍സും ടാക്‌സും ഉള്‍പ്പെട്ടതിനാല്‍ വകുപ്പിന് മാത്രമായി നടപടികള്‍ സ്വീകരിക്കാനാകില്ലെന്നും ബാബു പറഞ്ഞു. മികച്ച പ്രവര്‍ത്തനത്തിന് ആര്‍ എഫ് ബി കമ്മിറ്റി എക്‌സൈസ് വകുപ്പിനെയാണ് തിരഞ്ഞെടുത്തത്. ഇ ലൈസന്‍സ് നടപ്പാകുന്നതോടെ വകുപ്പും ഇ-ഓഫീസ് പരിധിയില്‍ വരും. സ്റ്റാഫ് പാറ്റേണിന്റെ കാര്യത്തിലും അടിയന്തര ഇടപെടലുകളുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍, സെക്രട്ടറി അഡ്വ. എ ഷാനവാസ്ഖാന്‍, കമ്മീഷണര്‍ അനില്‍ സേവ്യര്‍, ഉദ്യോഗസ്ഥന്മാരായ കെ രാധാകൃഷ്ണന്‍, അജിത്‌ലാല്‍, വി ആര്‍ അനില്‍കുമാര്‍, എ എം നസീര്‍, ജീവന്‍ബാബു സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി പി പി മുഹമ്മദ് സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. കെയിംബ്രിഡ്ജ് ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. മന്‍മോഹന്‍സിംഗിന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ ആദ്യ മലയാളി കുമാരി ആര്യാ തമ്പിയെ മന്ത്രി അനുമോദിച്ചു.
ഇന്ന് രാവിലെ നടക്കുന്ന നേതൃസമ്മേളനം മന്ത്രി അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് അര്‍ഹരായവരെ ആദരിക്കും.