നിയമന കുംഭകോണം; തടവ് റദ്ദാക്കണമെന്ന ചൗതാലയുടെ ഹരജി സുപ്രീം കോടതി തള്ളി

Posted on: August 4, 2015 5:34 am | Last updated: August 4, 2015 at 12:34 am
SHARE

ന്യൂഡല്‍ഹി: അധ്യാപക നിയമന കുംഭകോണക്കേസില്‍ വിധിച്ച പത്ത് വര്‍ഷം തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരിയാനാ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയും കൂട്ടുപ്രതികളും നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഈ അപ്പീല്‍ സ്വീകരിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ജസ്റ്റിസുമാരായ എഫ് എം ഐ ഖലീഫുല്ലാ, ശിവ കീര്‍തി സിംഗ് എന്നിവരങ്ങിയ ബഞ്ച് വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതി വിധി തികച്ചും വസ്തുതാപരമായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി കേസില്‍ ചൗതാലയുടെ മകന്‍ അജയ് സിംഗ് നല്‍കിയ ഹരജിയും തള്ളി. എന്നാല്‍ ചൗതാലക്ക് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരോള്‍ പോലുള്ള ഇളവുകള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാമെന്ന് ബഞ്ച് വ്യക്തമാക്കി.
ചൗതാലയും മകനും മറ്റ് മൂന്ന് പേരും കേസില്‍ പത്ത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. വിചാരണ കോടതിയുടെ ശിക്ഷാ വിധി മാര്‍ച്ച് അഞ്ചിന് ഹൈക്കോടതി ശരിവെച്ചിരുന്നു. 2000ത്തില്‍ ജൂനിയര്‍ ബേസിക് ട്രെയിന്‍ഡ് അധ്യാപകരെ നിയമിച്ചതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. 3,206 അധ്യാപകരെ നിയമിച്ചത് തീര്‍ത്തും നിയമവിരുദ്ധമാണെന്നും വന്‍ അഴിമതി നടന്നുവെന്നും വിചാരണാ കോടതി കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്ന് വ്യക്തമാക്കുന്നതാണ് കേസെന്ന് ഹൈക്കോടതിയും വിലയിരുത്തി. ചൗതാലക്കും മകനും പുറമേ അന്നത്തെ പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ഐ എ എസ്, അന്ന് മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ വിദ്യാധര്‍ ഐ എ എസ്, ചൗതാലയുടെ രാഷ്ട്രീയ ഉപദേശകനും അന്നത്തെ എം എല്‍ എയുമായ ഷേര്‍ സിംഗ് ബദ്ശാമി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here