Connect with us

International

ജൂത ഭീകരതക്കെതിരെ പ്രതികരിച്ച ഇസ്‌റാഈല്‍ പ്രസിഡന്റിന് ഭീഷണി

Published

|

Last Updated

ജറൂസലം: ഫലസ്തീന്‍ ശിശുവിനെ ജൂത കുടിയേറ്റക്കാര്‍ തീവെച്ചുകൊന്ന സംഭവത്തെ തുടര്‍ന്ന് ജൂത ഭീകരതക്കെതിരെ വിമര്‍ശം നടത്തിയ ഇസ്‌റാഈല്‍ പ്രസിഡന്റ് റാവന്‍ റിവ്‌ലിന് വധ ഭീഷണി. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് പ്രസിഡന്റ് തന്റെ ഫേസ് ബുക്കില്‍ ജൂത ഭീകരതയെ പരാമര്‍ശിച്ചത്. നാണക്കേട് എന്ന് പറയുന്നതിനേക്കാള്‍ അപ്പുറം താന്‍ ഈ സംഭവത്തില്‍ ഖേദിക്കുന്നു. കാരണം കൊല്ലപ്പെട്ടത് ചെറിയ കുട്ടിയാണ്. മനുഷ്യത്വം നഷ്ടപ്പെട്ട തന്റെ വംശത്തെ കുറിച്ചും അവര്‍ ഭീകരത തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് താന്‍ വേദനിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അവരുടെ മാര്‍ഗം ഇസ്‌റാഈലിന്റെ മാര്‍ഗമല്ല. അതുപോലെ ജൂത വംശത്തിന്റെയും മാര്‍ഗമല്ല. ഇത്തരം ഭീകരതക്കെതിരെ കര്‍ശന നടപടി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
2,000ത്തിലധികം ആളുകള്‍ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു. ചിലത് പിന്തുണച്ചാണെങ്കില്‍ മറ്റു ചിലത് ഭീഷണിപ്പെടുത്തിയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചതിയന്‍, നിന്റെ അന്ത്യം ഷാരോണിനേക്കാള്‍ കടുപ്പത്തിലായിരിക്കുമെന്ന് ചിലര്‍ കമന്റിട്ടു. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Latest