ജോണ്‍ കെറി അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Posted on: August 4, 2015 5:30 am | Last updated: August 4, 2015 at 12:30 am
SHARE

വാഷിംഗ്ടണ്‍: യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഉന്നത അറേബ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ലോക രാജ്യങ്ങളുമായി ഇറാന്‍ നടത്തിയ ആണവകരാര്‍ വിഷയത്തില്‍ ധൈര്യം പകരുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം. ഗള്‍ഫ് സഹകരണ കൗണ്‍സിലി (ജി സി സി)ന്റെ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് കെറി ഇന്നലെ രാവിലെ ഖത്തര്‍ രാജാവിനെ കണ്ടിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയാഹുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിക്കുമെന്നാണ് കരുതപ്പെടുന്നത്. സുരക്ഷാ ബന്ധങ്ങളുടെ പുനഃക്രമീകരണം പ്രഖ്യാപിച്ച് കൊണ്ട് കെറി ഈജിപ്തും സന്ദര്‍ശിക്കുന്നുണ്ട്. ജി സി സിയുടെ വിദേശകാര്യ മന്ത്രിമാരുമായി കെറി നടത്തിയ ചര്‍ച്ചയുടെ തുടക്കത്തില്‍ യമനില്‍ നടക്കുന്ന സംഘട്ടനങ്ങളെയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീന്‍ ജനതയുടെ അവസ്ഥയും അത്തിയാഹ് എണ്ണി പറഞ്ഞിരുന്നു. ജി സി സിയുടെ വിദേശകാര്യ മന്ത്രിമാര്‍ ഞായറാഴ്ച ദോഹയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കെറിയുമായുള്ള ചര്‍ച്ച. കഴിഞ്ഞ മാസം വിയന്നയില്‍ വെച്ച് ലോകരാഷ്ട്രങ്ങളുമായി ഇറാന്‍ നടത്തിയ ആണവ ചര്‍ച്ചയും തുര്‍ന്നുണ്ടായ കരാറും അറബ് രാഷ്ട്രങ്ങള്‍ പൊതുവെ പരസ്യമായി സ്വാഗതം ചെയ്തിരുന്നുവെങ്കിലും ചിലര്‍ രഹസ്യമായി കരാറിനോട് വൈമനസ്യം കാണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here