Connect with us

International

ജൂത കുടിയേറ്റക്കാരെ നിലക്കുനിര്‍ത്താന്‍ ഒടുവില്‍ ഇസ്‌റാഈല്‍ സന്നദ്ധമാകുന്നു

Published

|

Last Updated

ജറൂസലം: അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന് ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിടുന്ന ജൂത കുടിയേറ്റക്കാരെ നിലക്ക് നിര്‍ത്താന്‍ കര്‍ശന നടപടിക്ക് ഇസ്‌റാഈല്‍ സന്നദ്ധമാകുന്നു. “നിയമ പരമായ തടവില്‍ വെക്കല്‍” എന്ന നിയമം അനുവദിച്ച് കൊണ്ടാണ് ഇസ്‌റാഈല്‍ സെക്യൂരിറ്റി ക്യാബിനറ്റ് പുതിയ പദ്ധതി അവതരിപ്പിച്ചത്. അതേസമയം ഫലസ്തീനിനും ഇസ്‌റാഈലിനും ഇടയില്‍ നിലനില്‍ക്കുന്ന വാസസ്ഥലപ്രശ്‌നം പരിഹരിക്കപ്പെടാത്തിടത്തോളം കാലം ഈ പദ്ധതി നിരര്‍ഥകമാണെന്ന് നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജറൂസലമില്‍ നടന്ന സ്വവര്‍ഗാനുരാഗികളുടെ മാര്‍ച്ചിനിടെ, വെസ്റ്റ്ബാങ്കില്‍ ഒരു പിഞ്ചു ഫലസ്തീന്‍ ശിശുവിനെ ചുട്ടു കൊല്ലുകയും മാരകമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
മതഭ്രാന്ത് മൂത്ത് നടത്തിയ ഇത്തരം ആക്രമണങ്ങളെ തുടര്‍ന്നാണ് പൂര്‍ണ സഹിഷ്ണുത എന്ന നെതിന്യാഹുവിന്റെ പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നത്. സമാനമായ ഏത് ആക്രമണ പദ്ധതികളും അവസാനിപ്പിക്കുന്നതിനും ഇത്തരത്തില്‍ ആക്രമണം നടത്തുന്നവരെ ഉടന്‍ പിടികൂടാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇസ്‌റാഈല്‍ സെക്യൂരിറ്റി ക്യാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ നാല് മാസം മുതല്‍ ഒരു വര്‍ഷം വരെ കുറ്റം ചുമത്താതെ തന്നെ പിടിച്ചുവെക്കാന്‍ കഴിയുന്ന “നിയമ പരമായ തടവില്‍ വെക്കല്‍” നിയമം ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും ഇതിനായി കൈ കൊള്ളുക.
ആക്രമണങ്ങളെ തടയിടുക എന്ന പേരില്‍ ഇസ്‌റാഈല്‍ അധികൃതര്‍ ഫലസ്തീനികള്‍ക്കെതിരെ ഇതേ നിയമം ഉപയോഗിച്ച് നടപടി സ്വീകരിച്ചിരുന്നു. പക്ഷേ തടവില്‍ വെക്കുന്നതിന്റെ കാലയളവ് ഫലസ്തീനികള്‍ക്കുള്ളത് പോലെ തന്നെയായിരിക്കുമോ എന്നത് അവ്യക്തമാണ്. അതേസമയം ഇസ്‌റാഈല്‍ അധികൃതര്‍ വ്യാഴാഴ്ച നടത്താനിരിക്കുന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും നിയമ നടപടികളുടെ വ്യാപ്തിയെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി.

Latest