ഇറച്ചിക്കടകള്‍ അടച്ചിട്ട് സമരം: മാട്ടിറച്ചി വില്‍പ്പന നിലക്കുന്നു

Posted on: August 4, 2015 6:00 am | Last updated: August 4, 2015 at 12:22 am
SHARE

beafതിരുവനന്തപുരം: സംസ്ഥാനത്ത് ബീഫ് വില്‍പ്പന പൂര്‍ണമായി നിലച്ചു. ഇറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരം നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് ബീഫ് പൂര്‍ണമായും ലഭിക്കാതായത്. മൃഗ സംരക്ഷകര്‍ എന്ന പേരില്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കന്നുകാലികളെ ചിലര്‍ പിടിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് കച്ചവടക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ കച്ചവടക്കാരും ഇറച്ചിക്കടകള്‍ അടച്ചിട്ട് സമരം നടത്താന്‍ തീരുമാനിച്ചത്.
സമരംമൂലം കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് മാട്ടിറച്ചിക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്നു. മാത്രമല്ല ഒരു കിലോ ഇറച്ചിക്ക് 300 രൂപക്ക് മുകളില്‍ വിലയും വര്‍ധിച്ചിരുന്നു. ഇന്നലെ മുതലാണ് ബീഫിന്റെ ലഭ്യത പൂര്‍ണമായി നിലച്ചത്. ബീഫ് വിഭവങ്ങള്‍ ലഭ്യമല്ല എന്ന ബോര്‍ഡുകള്‍ ഭൂരിഭാഗം ഹോട്ടലുകളുടെയും മുന്നില്‍ തൂക്കിക്കഴിഞ്ഞു. ബീഫ് നിലച്ചത് വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെട്ടെത്തുന്നത് മാട്ടിറച്ചി വിഭവങ്ങളാണ്. അതുകൊണ്ടുതന്നെ മാട്ടിറച്ചിയുടെ അഭാവം കച്ചവടത്തില്‍ കുറവ് വരാന്‍ പ്രധാന കാരണമാണെന്നും ഹോട്ടല്‍ തൊഴിലാളികള്‍ പറയുന്നു. എത്രയുംവേഗം സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ പറഞ്ഞു. കാലിക്കച്ചവടത്തെ ആശ്രയിച്ചുകഴിയുന്ന അഞ്ച് ലക്ഷത്തോളം തൊഴിലാളികളും ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ കാലിക്കച്ചവടക്കാര്‍ കഴിഞ്ഞ 19 മുതലാണ് സമരം ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലേയും വ്യാപാരികള്‍ യോഗം ചേര്‍ന്നിരുന്നു. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലേയും സര്‍ക്കാറുകളില്‍ സമ്മര്‍ദം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കന്നുകാലികളെ കൊണ്ടുവരുന്നതിലെ നൂലാമാലകളില്‍ എത്രയും വേഗം പരിഹാരമായില്ലെങ്കില്‍ സംസ്ഥാനത്തേക്ക് മറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നത് തടയുന്നതടക്കം കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം.
മാട്ടിറച്ചി കിട്ടാതായതോടെ കോഴിയിറച്ചിയേയും ആട്ടിറച്ചിയേയും ആശ്രയിക്കുകയാണ് ഉപഭോക്താക്കള്‍. താരതമ്യേന വില കുറവായതിനാല്‍ മാട്ടിറച്ചി സാധാരണക്കാരുടെ ബജറ്റില്‍ ഒതുങ്ങുന്നതായിരുന്നു. മാത്രമല്ല മാട്ടിറച്ചിയുടെ ക്ഷാമം മുതലെടുത്ത് കോഴിയിറച്ചിക്കും ആട്ടിറച്ചിക്കും അനിയന്ത്രിതമായി വില വര്‍ധിപ്പിച്ചിരിക്കുകയാണ് വ്യാപാരികള്‍. ഇവയുടെ വിഭവങ്ങള്‍ക്കും ഹോട്ടലുകള്‍ വിലകൂട്ടിയിട്ടുണ്ട്. ഇതും സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി.
ബീഫ് ലഭ്യമല്ലാത്തതിനാല്‍ മറ്റു മൃഗങ്ങളുടെ ഇറച്ചി ബീഫ് എന്ന പേരില്‍ ഹോട്ടലില്‍ വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യ സൂരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നും ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here