ആന്ധ്രയില്‍ നിന്നുള്ള അരി വിതരണം പുനരാരംഭിക്കും

Posted on: August 4, 2015 6:00 am | Last updated: August 4, 2015 at 12:21 am
SHARE

sack-of-rice2തിരുവനന്തപുരം: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്കുള്ള അരിവിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനമായി. ആന്ധ്രയിലെ മില്ലുടമകള്‍ മുഖ്യമന്ത്രിയുമായും ഭക്ഷ്യമന്ത്രിയുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കണ്‍സ്യൂമര്‍ ഫെഡും സിവില്‍ സപ്ലൈസും ഉള്‍പ്പെടുന്ന ഏജന്‍സികള്‍ക്കുള്ള അരി വിതരണം ഒരു മാസത്തോളമായി ആന്ധ്രാ മില്ലുടമകള്‍ നിര്‍ത്തിവെച്ചിരുന്നു. മില്ലുടമകളുമായി ധാരണയായതോടെ കേരളത്തിലേക്ക് കുറച്ചു നാളായി നിര്‍ത്തിവെച്ചിരിക്കുന്ന അരിവിതരണം പുനരാരംഭിക്കും. കുടിശ്ശിക തീര്‍ത്താല്‍ മാത്രമേ കണ്‍സ്യൂമര്‍ ഫെഡിന് അരി നല്‍കുകയുള്ളൂവെന്ന് മില്ലുടമകള്‍ നിലപാട് എടുത്തെങ്കിലും കുടിശ്ശിക എത്രയും വേഗം നല്‍കാമെന്നുള്ള സര്‍ക്കാര്‍ ഉറപ്പിന്മേല്‍ കണ്‍സ്യൂമര്‍ ഫെഡിനും അരി നല്‍കാമെന്ന നിലപാട് മില്ലുടമകള്‍ കൈക്കൊള്ളുകയായിരുന്നു.
സര്‍ക്കാര്‍ ഏജന്‍സി നിരന്തരമായി കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ കേരളത്തിലേക്കുള്ള അരി വിതരണം നിര്‍ത്തിവെച്ചത്. ആദ്യം സിവില്‍ സപ്ലൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡിനുമുള്ള അരി വിതരണമാണ് മില്ലുടമകള്‍ നിര്‍ത്തിവെച്ചത്. മില്ലുടമകള്‍ സര്‍ക്കാറിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാതെയുമായി. ഇതേത്തുടര്‍ന്ന് കേരളത്തിലെ അരിയുടെ മൊത്തവിതരണക്കാരില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ അരി വാങ്ങി ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പ്പന തുടങ്ങി. ഇതോടെയാണ് സ്വകാര്യ ഏജന്‍സികള്‍ക്കുള്ള അരി വിതരണം കൂടി നിര്‍ത്തിവെച്ച് മില്ലുടമകള്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കാന്‍ തുടങ്ങിയത്. ഇതോടെ ആന്ധ്രയില്‍ നിന്നുള്ള അരി പൂര്‍ണമായും ലഭിക്കാതെ പൊതുവിപണയില്‍ അരിക്ഷാമം രൂക്ഷമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുടിശ്ശിക എത്രയും വേഗം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മില്ലുടമകള്‍ മുഖ്യമന്ത്രി, ഭക്ഷ്യ മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയത്.
മില്ലുടമകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അരി നല്‍കാമെന്ന് സമ്മതിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ടെന്‍ഡറില്‍ പങ്കെടുത്ത് വില രേഖപ്പെടുത്തണമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് അരി നല്‍കണം. അല്ലെങ്കില്‍ അവരെ ഒഴിവാക്കി മറ്റു കമ്പനികളെ തേടും. എന്നാല്‍ അരി നല്‍കാതിരിക്കാന്‍ നിലവിലുള്ള കമ്പനികള്‍ക്ക് കഴിയില്ലെന്നും മന്ത്രി അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡ് സിവില്‍ സപ്ലൈസിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണയാണ് പ്രശ്‌നത്തിനു കാരണം. നിലവില്‍ ഓണക്കാലത്തെ വിതരണത്തിനായി 30,000 ടണ്‍ അരിയാണ് സ്റ്റോക്കുള്ളത്. ഇനി 10,000 ടണ്‍ അരി കൂടിയാണ് സിവില്‍ സപ്ലൈസിന് ആവശ്യമുള്ളത്. അത് ആന്ധ്രയില്‍ നിന്നുതന്നെ സംഭരിക്കും. അതേസമയം, അരി നല്‍കാന്‍ തയ്യാറായവരെ പിന്തിരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഫയല്‍ ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ജയ അരിയാണ് നിലവില്‍ കേരളം ആന്ധ്രയില്‍ നിന്നും സംഭരിക്കുന്നത്. 80 കോടിയോളം രൂപയാണ് കണ്‍സ്യൂമര്‍ ഫെഡ് ആന്ധ്രയിലെ മില്ലുടമകള്‍ക്ക് നല്‍കാന്‍ ബാക്കിയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here