Connect with us

Editorial

പി എസ് സിയെ കയറൂരി വിടാമോ?

Published

|

Last Updated

പി എസ് സിയും സര്‍ക്കാറും തുറന്ന പോരിലാണ്. പി എസ് സിയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള നീക്കവുമാണ് കാരണം. വിജിലന്‍സ് അന്വേഷണത്തിനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്. ധനകാര്യ വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ വിഭാഗം പ്രാഥമികാന്വേഷണം നടത്തിയ ശേഷം തുടര്‍തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പി എസ് സിയില്‍ കടുത്ത സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി പി എസ് സി മെമ്പര്‍മാരില്‍ നന്ന് ഉള്‍പ്പെടെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണവും അന്വേഷണവും പ്രഖ്യാപിച്ചത്. സ്ഥാപനത്തിലെ മരാമത്ത് പണികള്‍ ടെന്‍ഡര്‍ മുഖേന മാത്രമേ നടത്താവൂ എന്നാണ് ചട്ടമെങ്കിലും ടെന്‍#റില്ലാതെയാണ് നല്‍കുന്നത്. അടിയന്തര പ്രാധാന്യമുള്ളതെന്ന് കാണിച്ച് ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ചില ഉന്നതര്‍ ഒഴിവാക്കിക്കൊടുക്കുകയാണ്. ജീവനക്കാര്‍ക്ക്് വേതനവും പി എഫും നല്‍കാനുപയോഗിക്കുന്ന പദ്ധതിയേതര ഫണ്ടില്‍ നിന്ന് ആറര ലക്ഷം രൂപ ചെലവഴിച്ച് ഓണ്‍ലൈന്‍ പരീക്ഷ നടത്തിയതായും ആരോപണമുണ്ട്. ഈ സാമ്പത്തികവര്‍ഷം ധനകാര്യ വകുപ്പ് സ്ഥാപനത്തിന് കൂടുതല്‍ തുക അനുവദിച്ചിരുന്നു. നാല് മാസംകൊണ്ട് അതിന്റെ 75 ശതമാനത്തോളം ചെലവാക്കി. സ്ഥാപനം കടുത്ത സാത്തിക ഞെരുക്കത്തിലായതിനാല്‍ പരീക്ഷാ നടത്തിപ്പിന് പദ്ധതിയേത “അടിയന്തര” സഹായം അനുവദിക്കണമെന്ന് ചെയര്‍മാനും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി രണ്ട് കോടി അനുവദിച്ചിരുന്നു. ഇതും വകമാറ്റി ചെലവഴിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതുകൊണ്ടെല്ലാമാണ് വിജിലന്‍സ് അന്വേഷണത്തിന് ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്തത്.
എന്നാല്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ധനകാര്യ വകുപ്പിന് അധികാരമില്ലെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്നുമാണ് പി എസ് സി നിലപാട്. പി എസ് സി ചട്ടപ്രകാരം അക്കൗണ്ട് ജനറലിനാണത്രേ കണക്കുകള്‍ പരിശോധിക്കാന്‍ അധികാരം. പി എസ് സിയെ സര്‍ക്കാര്‍ വിഭാഗമായി കാണുന്ന ധനവകുപ്പിന്റെ നിലപാട് ശരിയല്ലെന്നും സര്‍ക്കാറിന്റെ പോലും അനുമതി ആവശ്യമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് സ്ഥാപനത്തിന് പണം അനുവദിക്കാമെന്നാണ് വ്യവസ്ഥയെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി സ്ഥാപനത്തിന് പണം അനുവദിച്ചില്ലെങ്കില്‍ പരീക്ഷയും ഇന്റര്‍വ്യൂവും നിര്‍ത്തിവെക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. രൂക്ഷമായ ഈ ഭിന്നത പരീക്ഷാ നടത്തിപ്പിനെയും നിയമന നടപടികളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.
സാമ്പത്തിക മേഖലയില്‍ മാത്രമല്ല, പരീക്ഷകളിലും നിയമനങ്ങളിലുമെല്ലാം കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിട്ടുണ്ട് ഈ സ്ഥാപനം. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളോട് പലപ്പോഴും വിവേചനവും അവഗണനയുമാണ്. അവരുടെ സംവരണ തസ്തികകള്‍ അട്ടിമറിക്കപ്പെടുന്നത് സാധാരണമാണ്. അടുത്തിടെ നടന്ന പി എസ് സി സെക്രട്ടറിയുടെ നിയമനം വന്‍ വിവാദമായതാണ്. ശരിയായ പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റുമായി അപേക്ഷിച്ചവരെയെല്ലാം തഴഞ്ഞ് കൃത്യമായ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പിന്‍വാതില്‍ വഴി നിയമനം ലഭിച്ചയാളെയാണ് സെക്രട്ടറി പദവിയിലേക്ക് നിയോഗിച്ചത്. ഈ നിയമനം അംഗീകരിക്കാന്‍ തുടക്കത്തില്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. സര്‍ക്കാറിന്റെ സമ്മര്‍ദത്തിനൊടുവില്‍ ജാതിസംബന്ധിച്ച പരിശോധനാ സമിതിയുടെ അംഗീകാരം നേടണമെന്ന വ്യവസ്ഥയോടെയാണ് അദ്ദേഹം പിന്നീട് അനുമതി നല്‍കിയത്. തിരുവനന്തപുരത്ത് ന്യൂനപക്ഷ വിഭാഗങ്ങളിലെ നഴ്‌സുമാരുടെ ഒഴിവിലേക്ക് ജനറല്‍ കാറ്റഗറിയില്‍ നിന്ന് നിയമനം നടത്തിയത് വിവാദമയാതും ന്യൂനപക്ഷ കമ്മീഷന്‍ അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതുമാണ്. മുസ്‌ലിം, ധീവര വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട 131 ഒഴിവുകളില്‍ ഒന്നു മുതല്‍ 86-ാം റാങ്ക് വരെയുള്ള റാങ്കില്‍ നിയമനം നല്‍കിയത് അര്‍ഹതപ്പെട്ട സമുദായങ്ങളെ തഴഞ്ഞു ജനറല്‍ കാറ്റഗറിയില്‍ നിന്നുള്ളവര്‍ക്കായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സംവരണം ചെയ്യപ്പെട്ട തസ്തികകളിലേക്ക് ജനറല്‍ കാറ്റഗറിയില്‍ നിന്നുള്ള നിയമനങ്ങള്‍ പാടില്ലെന്ന ചട്ടം ലംഘിച്ചായിരുന്നു നിയമനം. ഇത്തരം സംഭവങ്ങള്‍ വേറെയും ധാരാളമുണ്ട്.
പി എസ് സിയെ ഈ നിലയില്‍ കയറൂറിവിട്ടു കൂടാ. സ്വയംഭരണം എന്ന സാങ്കേതികത്വത്തില്‍ തൂങ്ങി തങ്ങളെ ആര്‍ക്കും ചോദ്യം ചെയ്തുകൂടെന്ന് നിലപാട് ധാര്‍ഷ്ട്യമാണ്. സര്‍ക്കാറിന്റെ ധനസഹായത്തോട പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണമുയര്‍ന്നാല്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കണമെന്നാണോ? സ്ഥാപത്തിലെ സാമ്പത്തിക തിരിമറിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതോടൊപ്പം നിയമനതട്ടിപ്പിലെ ക്രമക്കേടുകളും സംവരണ തസ്തികകള്‍ അട്ടിമറിക്കുന്ന പ്രവണതയും അന്വേഷണത്തിന് വിധേയമാക്കി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുള്ള നടപടി കൈക്കൊള്ളേണ്ടതാണ്.

Latest