കുടുംബശ്രീക്ക് പതിനേഴ്

Posted on: August 4, 2015 6:00 am | Last updated: August 4, 2015 at 12:15 am
SHARE

കുടുംബശ്രീ പ്രസ്ഥാനം 17 വര്‍ഷം പിന്നിടുമ്പോള്‍ നേടിയെടുത്ത നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ മേഖലകള്‍ വെട്ടിത്തെളിയിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ.
കേരള സര്‍ക്കാരും നബാര്‍ഡും സംയുക്തമായാണ് കുടുംബശ്രീ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രചിച്ചത് സമാനതകളില്ലാത്ത പ്രവര്‍ത്തന ചരിത്രമായിരുന്നു. അന്യംനിന്ന് പോകുന്ന സൗഹൃദങ്ങളെയും അയല്‍പ്പക്കങ്ങളെയും ഒന്നിപ്പിക്കാനും, പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനും ഭാവിയിലേക്ക് മുതല്‍ക്കൂട്ടാവാനുള്ള ചെറുശ്രമം നടത്താനും, സ്വയം കരുത്താര്‍ജിക്കുവാനുമുള്ള അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനം കേരളത്തിലെ 2,60,000 അയല്‍ക്കൂട്ടങ്ങളില്‍ പ്രതിവാരങ്ങളില്‍ നടക്കുമ്പോള്‍ കേരളീയ സമൂഹത്തിന്റെ പരിഛേദമായി ഈ ചെറുകൂട്ടങ്ങള്‍ മാറുന്നു.
ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിറചാര്‍ത്ത് ചാര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. 1072 സിഡിഎസുകളിലായി 13 ലക്ഷം വനിതാ നേതാക്കന്മാരാണ് അയല്‍ക്കൂട്ട തലം മുതല്‍ ഉള്ള കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ അധികാരമേറ്റത്. 2015 ജനുവരി 26 ന് പുതുതായി അധികാരമേറ്റ സിഡിഎസുകളില്‍ ഏകദേശം 60 ശതമാനവും പുതിയ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരാണ് എന്നത് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ചൈതന്യത്തെ ഓര്‍മിപ്പിക്കുന്നു. കുടുംബശ്രീ സംഘടന പ്രവര്‍ത്തന രംഗത്തെ സുവര്‍ണകാലഘട്ടമായിരുന്നു കഴിഞ്ഞുപോയ വര്‍ഷങ്ങള്‍. 1,89,742 അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് അയല്‍ക്കൂട്ടങ്ങള്‍ 2,60,783 ആയി ചരിത്രനേട്ടം കൈ വരിക്കുകയും അതില്‍ 23,000, എസ്.സി അയല്‍ക്കൂട്ടങ്ങളും 5,488 പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങളുമായിരുന്നു എന്നത് ശ്രദ്ധേയമായ സംഘടനാ വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ 1257 അയല്‍ക്കൂട്ടങ്ങളും ഉണ്ടായി.
കേരളത്തിന്റെ ദരിദ്രാവസ്ഥയെ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് കുടുംബശ്രീ കഴിഞ്ഞ 17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുകയും ഈ മാതൃക ഇന്ത്യയിലെ മറ്റ് 10 സംസ്ഥാനങ്ങളില്‍ പറിച്ചുനട്ട് ദാരിദ്ര്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയുമുണ്ടായി. അസം, ്യൂഝാര്‍ഖണ്ഡ്, ഒഡീഷ, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുമായി ഇതിനകം കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, എത്യോപ്യാ രാജ്യങ്ങളിലും യു എ ഇയിലും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായി കുടുംബശ്രീയെ കേന്ദ്രസര്‍ക്കാര്‍ ദേശീയ റിസോഴ്‌സ് ഓര്‍ഗനൈസേഷനായി അംഗീകരിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലക്ക് കുടുംബശ്രീ നല്‍കിയ പിന്തുണ കേരളത്തില്‍ ഒരു നിശബ്ദ വിപ്ലവമാണ് സൃഷ്ടിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ എം കെ എസ് പി (മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതി)യിലൂടെ 10,000 വനിതാമാസ്റ്റര്‍ കര്‍ഷകരെ കണ്ടെത്തി കൂടുതല്‍ സ്ത്രീകളെ കാര്‍ഷിക രംഗത്തേക്ക് കൊണ്ടുവരാന്‍ കുടുംബശ്രീക്ക് സാധിച്ചു. ഓണക്കാലത്ത് വിഷവിമുക്ത പച്ചക്കറി നാടൊട്ടും ലഭ്യമാക്കാന്‍ കുടുംബശ്രീ തയ്യാറായി കഴിഞ്ഞു. മൃഗസംരക്ഷണമേഖലയില്‍ കഴിഞ്ഞ 3 വര്‍ഷം 19.562 കോടി രൂപ 16267 കുടുംബശ്രീ അംഗങ്ങള്‍ക്കായി നല്‍കി.
കൂടുതല്‍ സ്ത്രീകളെ തൊഴില്‍ മുഖത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിന് വനിതകളുടെ ഹെല്‍പ്പ്‌ഡെസ്‌ക്ക്, ഗ്രാമകേന്ദ്രം/സേവാഗ്രാം കുടുംബശ്രീയുടെ പങ്കാളിത്തം, പരസ്യനികുതിപിരിവ്, സ്ഥിരവിപണന കേന്ദ്രം എന്നിവ കുടുംബശ്രീയും പഞ്ചായത്തും തമ്മിലുള്ള പുതിയ ബന്ധത്തെ സൂചിപ്പിക്കുന്നു.
ഇന്നും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്താത്ത ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമായി സൂക്ഷ്മതല പങ്കാളിത്ത ആസൂത്രണ പ്രക്രിയ നടത്തിയതും സംസ്ഥാനത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തില്‍ കുടുംബശ്രീയുടെ സാന്ത്വന സ്പര്‍ശനം ഉണ്ടായി. ഈ കഴിഞ്ഞ വര്‍ഷം, അട്ടപ്പാടിയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്.
ആശ്രയ പദ്ധതി കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടമാണ്. ഒന്നാം ഘട്ടം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിജയകരമായി പൂര്‍ത്തികരിച്ചതിന് ശേഷം 600 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രണ്ടാം ഘട്ട ആശ്രയ പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞു, ഈ ഇനത്തില്‍ ചലഞ്ച് ഫണ്ടായി 173.11 കോടി രൂപയാണ് ചെലവഴിച്ചത്. ആരോരുമില്ലാത്ത ഹതഭാഗ്യരായ നിരാലംബര്‍ക്ക് താങ്ങും തണലുമായി കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാറുകയും അനവരതം പ്രവര്‍ത്തിച്ച് കണ്ണില്ലാത്തവര്‍ക്ക്, കാഴ്ചനല്‍ക്കാനും കേള്‍വി ഇല്ലാത്തവര്‍ക്ക് ശബ്ദം നല്‍കുന്നതിനും ആശ്രയ പദ്ധതിയിലൂടെ കുടുംബശ്രീക്ക് സാധിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സംരംഭ മേഖലയിലും മറ്റു ഉപജീവന സൗകര്യങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തിലും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കുടുംബശ്രീ വഴി ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിച്ചതും രൂചിവൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയായ കഫേ കുടുംബശ്രീ കേരളത്തിന്റെ ഭക്ഷ്യസംസ്‌ക്കാരമായി അതിവേഗം വളര്‍ന്നു വന്നതും ശ്രദ്ധേയമാണ്. കുടുംബശ്രീയുടെ 10 ഉത്പന്നങ്ങളുടെ ബ്രാന്റ് ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചത് കുടുംബശ്രീ പ്രവര്‍ത്തകരില്‍ അവേശം ഉണ്ടാക്കി.
സ്ത്രീകളുടെ കാലിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട്, അവരുടെ സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു ഒറ്റമൂലിയായി കുടുംബശ്രീ മാറി. 77 സിഡിഎസുകളില്‍ ക്രൈംമാപ്പിംഗ് നടത്താനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അധികാരികളുടെ മുമ്പില്‍ എത്തിക്കാനും കുടുംബശ്രീ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ജെന്‍ഡര്‍ കോര്‍ണര്‍, പഠനസഹായികള്‍, സ്‌നേഹിത-ശ്രീശക്തിപോര്‍ട്ടല്‍ എന്നിവ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്ത മുഖങ്ങളാണ്. കുട്ടികള്‍ കുടുംബശ്രീയുടെ മറ്റൊരു പ്രവര്‍ത്തന മേഖലയാണ്. 6.5 ലക്ഷം കുട്ടികള്‍ അംഗമായ കുടുംബശ്രീ ബാലസഭ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ പരിസ്ഥിതി-ചരിത്ര-സംസ്‌കാരിക-പഠനം വിനോദത്തിലൂടെ സാധ്യമാക്കാന്‍ അനവരതം പ്രയത്‌നിക്കുന്നു.
2011-12ല്‍ 45 കോടി രൂപയില്‍ നിന്ന് കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കുന്ന ബജറ്റ് 123 കോടിയായി വര്‍ധിച്ചത് കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന പരിലാളനയുടെ മികച്ച ഉദാഹരണമാണ്. കുടുംബശ്രീ അംഗങ്ങളായ പ്രയാസപ്പെടുന്നവര്‍ക്ക് ഒരു സഹായമായി എല്ലാ സിഡിഎസുകളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹാനുഭൂതിയുടെ ഒരു വേറിട്ട പ്രവര്‍ത്തനമായി സ്‌നേഹനിധി പദ്ധതി ആരംഭിച്ചിരിക്കുന്നു.
എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ സാമൂഹിക ചക്രവാളങ്ങളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുകയും അണുകുടുംബം എന്ന സാമൂഹിക വിപത്തിനെ അയല്‍പ്പക്ക കൂട്ടായ്മകൊണ്ട് ഇല്ലാതാക്കുകയും മറ്റുള്ളവവര്‍ക്ക് വേണ്ടി ജീവിച്ച്, ഹതഭാഗ്യരായവരുടെ നെടുവീര്‍പ്പുകള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് സാന്ത്വനം നല്‍കുകയും ചെയ്യുന്നു കുടുംബശ്രീ.