Connect with us

Gulf

ആര്‍ക്കും നിശ്ചയമില്ലൊന്നിനും...

Published

|

Last Updated

പ്രവാസികള്‍ക്ക്, അവര്‍ താമസിക്കുന്ന സ്ഥലത്ത് വെച്ച് വോട്ടു രേഖപ്പെടുത്താന്‍ അടുത്തൊന്നും അവസരമൊരുങ്ങില്ല. നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇലക്‌ട്രോണിക് വഴിയോ മുക്ത്യാര്‍ വഴിയോ വോട്ടു രേഖപ്പെടുത്താന്‍ അവകാശം വേണമെന്ന ആവശ്യം എങ്ങുമെത്താതെ പോവുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് അവകാശം ലഭ്യമാക്കുമെന്ന കേരള ഭരണകൂടത്തിന്റെ വാഗ്ദാനം പതിരായി മാറി. തൊട്ടുപിന്നാലെ, കേന്ദ്ര ഭരണകൂടവും മെല്ലെപ്പോക്കിലാണ്. അടുത്തകാലത്തൊന്നും ബില്ല് പാര്‍ലമെന്റിന്റെ പരിഗണനക്ക് വരില്ല.
പ്രവാസികളായാലും ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കരുതെന്ന സാമാന്യ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്, ഇലക്‌ട്രോണിക്, മുക്ത്യാര്‍ വോട്ടിന്റെ സാധ്യത തിരഞ്ഞെടുപ്പു കമ്മീഷനുകളും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും തേടിയത്. എന്നാല്‍, നിരവധി സങ്കീര്‍ണതകള്‍ ഉള്‍ചേര്‍ന്നതിനാല്‍, ഏറെ ചര്‍ച്ചകള്‍ ആവശ്യമായിരുന്നു. ഇതിനിടെ അബുദാബിയിലെ ഡോ. ഷംസീര്‍ വയലില്‍ പരമോന്നത കോടതിയെ സമീപിച്ചു.
ജീവിതോപാധി തേടി വിദേശരാജ്യങ്ങളിലെത്തിയ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് ഡോ. ഷംസീര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍, ഇറാന്‍, ഫിലിപ്പൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് വോട്ട് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികളോട് അനുഭാവ പൂര്‍ണമായ സമീപനമാണ് കോടതിക്കുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര ഭരണകൂട പ്രതിനിധിയെയും വിളിച്ചുവരുത്തി അഭിപ്രായം ചോദിച്ചു. വോട്ടവകാശം നല്‍കുന്നതില്‍ അവര്‍ക്കും സമ്മതം.
ഈയിടെ, കേരളത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍, കേരള ഭരണകൂടം ഒരുപടികൂടി കടന്ന് ഈ വര്‍ഷം തന്നെ വോട്ടവകാശം ലഭ്യമാക്കുമെന്ന് പറഞ്ഞു. ഇതിന്റെ ചര്‍ച്ചക്കായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. എല്ലാവര്‍ക്കും സമ്മതം. പക്ഷേ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം വേണം. ഇലക്‌ട്രോണിക് ബാലറ്റ് പേപ്പര്‍ തയ്യാറാക്കണം. തിരഞ്ഞെടുപ്പ് നീതിയുക്തമാകണം. അട്ടിമറിക്കപ്പെടാന്‍ പാടില്ല. അണ്ടിയോടടുത്തപ്പോള്‍ മാങ്ങയുടെ പുളിയറിഞ്ഞു. എളുപ്പമല്ല കാര്യങ്ങള്‍. ഗള്‍ഫില്‍ ലക്ഷക്കണക്കിന് മലയാളികളുണ്ട്. ഇവരില്‍ പലരും സാങ്കേതിക സൗകര്യം ഇല്ലാത്തവരാണ്. എങ്ങിനെ വോട്ടവകാശം വിനിയോഗിക്കാമെന്ന് ഇവരുടെയിടയില്‍ ആദ്യം ബോധവത്കരണം നടത്തേണ്ടതുണ്ട്. ജീവിതോപാധി തേടി വിദേശത്തെത്തിയ ആളുകള്‍ക്കിടയില്‍ ചേരിതിരിഞ്ഞുള്ള ആരോപണം പ്രത്യാരോപണങ്ങള്‍ക്കും വിദ്വേഷത്തിനും സാധ്യതയുണ്ട്.
എന്ത് വിലകൊടുത്തും ജയിക്കുക എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുന്ന നയം. ഗള്‍ഫിലെ സവിശേഷ സാഹചര്യത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ക്കു മുന്‍കൈ നേടാനാകും. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചേക്കും. ഇത്തരത്തിലും ചര്‍ച്ച നടക്കുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് പാര്‍ലമെന്റില്‍ എത്താന്‍ ഇനിയും മാസങ്ങള്‍ വേണമെന്ന് കേന്ദ്ര ഭരണകൂടം സൂചന നല്‍കി. ഇനി ഡിസംബറിലാണ് പാര്‍ലമെന്റ് സമ്മേളനം പാസായാല്‍ തന്നെ വേറെയും നടപടി ക്രമങ്ങളുണ്ട്. കേരളത്തില്‍ അടുത്ത വര്‍ഷം നിയമ സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ പോലും വോട്ടവകാശം യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ല; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ പോലും.
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേപോലെ ആണയിടുന്നു. അതേ സമയം, അത് എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്നില്ല. വോട്ടവകാശം ലഭ്യമാകുന്നതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വ്യാമോഹം വേണ്ടെന്ന് ദോഷൈകദൃക്കുകള്‍.

 

Latest