മഴ: അല്‍ കാശിഷ് ഡാമില്‍ എത്തിയത് ഒരു ലക്ഷം ക്യൂബിക് ജലം

Posted on: August 3, 2015 7:30 pm | Last updated: August 3, 2015 at 7:30 pm
SHARE

ദുബൈ: ജൂലൈ 27ന് പെയ്ത കനത്ത മഴയില്‍ മധ്യമേഖലയിലെ പ്രധാന ഡാമായ അല്‍ കാശിഷില്‍ 1,05,000 ക്യൂബിക് മീറ്റര്‍ ജലം ഒഴുകിയെത്തിയതായി ജല-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. താഴ്‌വരകളായ അല്‍ ശൗക്ക, അല്‍ ഖസ്സാ, അല്‍ ഖാശിഷ് തുടങ്ങിയ പ്രദേശങ്ങളിലാണ് അല്‍ റവായഹ് എന്ന പേരില്‍ പ്രാദേശികമായി അറിയപ്പെടുന്ന കനത്ത മഴ പെയ്തത്. ഏറ്റവും മികച്ച മഴ ലഭിച്ചത് അല്‍ ശൗക്ക താഴ്‌വരയിലായിരുന്നുവെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ വാട്ടര്‍ റിസോഴ്‌സസ് ആന്‍ഡ് നേച്വര്‍ കണ്‍സര്‍വേഷന്‍ വിഭാഗം ആക്ടിംഗ് അസി. അണ്ടര്‍ സെക്രട്ടറി എന്‍ജി. മറിയം മുഹമ്മദ് സഈദ് ഹാരിബ് വ്യക്തമാക്കി. ഇതിലൂടെ ഇവിടുത്തെ ഡാമില്‍ 2.75 ലക്ഷം ക്യൂബിക് മീറ്റര്‍ മഴവെള്ളമാണ് ഒഴുകിയെത്തിയത്. ഡാമിന്റെ സ്പില്‍വേകളിലൂടെ 15 ലക്ഷം ക്യൂബിക് മീറ്റര്‍ ജലമാണ് രണ്ടര മണിക്കൂര്‍ സമയത്തിനിടയില്‍ ഒഴുകിയത്.
അല്‍ ശൗക്കയിലേക്ക് മാത്രം ഒഴുകിയെത്തിയത് 10,000 ക്യൂബിക് മീറ്റര്‍ വെള്ളമായിരുന്നു. ഡാമിലെ ജലനിരപ്പ് മൂന്നു മീറ്റര്‍ വരെ ഉയരാന്‍ മഴ ഇടയാക്കി. അല്‍ കാശിഷ് ഡാമില്‍ മൂന്നു മീറ്റര്‍ ജലനിരപ്പ് മഴയിലൂടെ ഉയര്‍ന്നു. അല്‍ ഖാസാ ഡാമില്‍ എത്തിയത് 10,000 ക്യൂബിക് മീറ്റര്‍ ജലമായിരുന്നു. ഡാമില്‍ മഴ മൂലം ഒരു മീറ്റര്‍ ജലം ഉയര്‍ന്നു.
മഴക്ക് മുന്നോടിയായി പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് അല്‍ ശൗക്ക ഡാമിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് ശക്തിപ്പെടുത്തിയിരുന്നുവെന്ന് മറിയം വെളിപ്പെടുത്തി. സ്പിന്‍വേകളുടെ അറ്റകുറ്റപണിക്ക് പ്രത്യേക പരിഗണനയാണ് മന്ത്രാലയം നല്‍കിയത്. ഇത് മഴവെള്ളം പരമാവധി ശേഖരിക്കാന്‍ സഹായകമായിട്ടുണ്ട്. 2014-16 ഓപ്പറേഷന്‍ പ്ലാനിന്റെ ഭാഗമായിരുന്നു അറ്റകുറ്റപണികള്‍. അല്‍ ശൗക്ക ഡാമിന്റെ അറ്റകുറ്റപ്പണികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി വിദഗ്ധ സംഘം ഡാം സന്ദര്‍ശിച്ചിരുന്നു.
പ്രധാനമായും സാങ്കേതികമായ കാര്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനമെന്നും അവര്‍ പറഞ്ഞു.