നാഗാലാന്‍ഡ് വിമതരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാന കരാര്‍ ഒപ്പിട്ടു

Posted on: August 3, 2015 7:27 pm | Last updated: August 4, 2015 at 7:06 pm
SHARE
നാഗാ തീവ്രവ്രാദ ഗ്രൂപ്പുകളുമായി കരാറില്‍ ഒപ്പിട്ട ഡല്‍ഹിയിലെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗാ പ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നു
നാഗാ തീവ്രവ്രാദ ഗ്രൂപ്പുകളുമായി കരാറില്‍ ഒപ്പിട്ട ഡല്‍ഹിയിലെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗാ പ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നു

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് കേന്ദ്ര സര്‍ക്കാറും നാഗാ തീവ്രവാവാദികളും സമാധാന കരാറില്‍ ഒപ്പുവെച്ചു. നാഗാ തീവ്ര ഗ്രൂപ്പായ നാഷനിലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍ എസ് സി എന്‍- ഇസാക്- മുയ്‌വാ) പ്രതിനിധിയാണ് സര്‍ക്കാറുമായി കരാറിലെത്തിയത്. ഇതോടെ അറുപത് വര്‍ഷം നീണ്ട പ്രതിസന്ധിക്കാണ് പരിഹാരമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍ എസ് സി എന്‍ (ഐ എം) നേതാവ് തുയുന്‍ഗലാംഗ് മുയ്‌വയാണ് കരാറില്‍ ഒപ്പുവച്ചത്. ഗ്രൂപ്പിലെ മറ്റ് പ്രമുഖ നേതാക്കളും സന്നിഹിതരായിരുന്നു.
ഈ സന്തോഷ നിമിഷം സാധ്യമാക്കിയ ദൈവത്തിന് നന്ദി പറയുന്നുവെന്ന് 7 റെയ്‌സ് കോയ്‌സില്‍ നടന്ന ചടങ്ങില്‍ മുയ്‌വ പറഞ്ഞു. നാഗന്മാരെ മനസ്സിലാക്കുകയും മാനിക്കുകയും ചെയ്യണമെന്ന് പറഞ്ഞ മഹാത്മാഗാന്ധിയെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടല്‍ ബിഹാരി വാജ്പയിയെയും അദ്ദേഹം പരാമര്‍ശിച്ചു. പരസ്പരം മനസ്സിലാക്കാന്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നുണ്ട്. അത്‌കൊണ്ടാണ് ഇത്തരമൊരു കരാര്‍ ഉണ്ടായിരിക്കുന്നതെന്നും നാഗാ നേതാവ് പറഞ്ഞു.
നിരവധി പേരുടെ മരണത്തിനിടയാക്കിയ ആറ് പതിറ്റാണ്ട് നീണ്ട നാഗാപ്രശ്‌നം പരിഹരിക്കുന്നതിന് തുടക്കമിടാന്‍ കഴിഞ്ഞത് ചരിത്രപരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനവും പുരോഗതിയും ഉറപ്പുവരുത്തുകയെന്നത് സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
1980ല്‍ ഇസാക് ചിശി സ്വു ആണ് എന്‍ എസ് സി എന്‍ രൂപവത്കരിച്ചത്. സായുധ കലാപത്തിലൂടെ നാഗലിം എന്ന പരമാധികാര രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. സംഘടനയുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലതവണ വാഗ്ദാനം നല്‍കിയെങ്കിലും സമാധാന ശ്രമങ്ങളില്‍ കാര്യമായ മുന്നേറ്റം ഉണ്ടായില്ല. പല തവണ വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും നീണ്ടു നിന്നില്ല. 1988ല്‍ സംഘടന രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞു- എന്‍ എസ് സി എന്‍ (ഇസാക്-മുയ്‌വാ), എന്‍ എസ് സി എന്‍ (ഖപ്‌ലാംഗ്). സര്‍ക്കാറുമായുള്ള ചര്‍ച്ചയെച്ചൊല്ലിയുള്ള ഭിന്നതയായിരുന്നു കാരണം. സൈനിക വാഹന വ്യൂഹത്തിനുനേരെ ഈയിടെ നടന്ന ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഖപ്‌ലാംഗ് വിഭാഗമാണ് ഇതിന്റെ ഉത്തരവാദിത്വമേറ്റത്. ഇതേത്തുടര്‍ന്നാണ് മ്യാന്‍മറിന്റെ അതിര്‍ത്തി കടന്ന് സൈന്യം ആക്രമണം നടത്തിയത്. ഇപ്പോള്‍ ഒപ്പു വെച്ച കരാറില്‍ ഖപ്‌ലാംഗ് ഗ്രൂപ്പ് വരുന്നില്ല എന്നതുകൊണ്ട് പ്രശ്‌നപരിഹാരം പൂര്‍ണമായി എന്ന് പറയാനാകില്ല.