Connect with us

Kozhikode

കര്‍ഷകര്‍ക്ക് പ്രതീക്ഷ; കുറ്റിയാടി നീര പ്ലാന്റ് ഉദ്ഘാടനം 9ന്

Published

|

Last Updated

കുറ്റിയാടി: നാളികേരത്തിന്റെ വിലയിടിവും രോഗബാധയും കൊണ്ട് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയുമായി നീര പ്ലാന്റ് യാഥാര്‍ഥ്യമാകുന്നു. ഈ മാസം ഒമ്പതിന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരുതോങ്കര പഞ്ചായത്തിലെ മുണ്ടവയലില്‍ കുറ്റിയാടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ചെയ്യും.
2013ല്‍ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ത്യയിലെ രണ്ടാമത്തേതും മലബാറിലെ ആദ്യത്തേതുമാണ്. മരുതോങ്കരയിലെ മുണ്ടവയലില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ജില്ലയിലെ 275 നാളികേര ഉത്പാദക സംഘങ്ങളുടെയും 19 ഫെഡറേഷനുകളുടെയും 30,000 ത്തിലധികം കര്‍ഷകരുമാണ് കമ്പനിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനോടകം കമ്പനി പരിശീലനം നല്‍കിയ 340 നീര ടെക്‌നീഷ്യന്‍മാരില്‍ 60 പേരുടെ സേവനമാണ് ഇപ്പോള്‍ ലഭ്യമാവുക. ഒരു തെങ്ങില്‍ നിന്ന് ദിവസവും അഞ്ച് ലിറ്ററിലധികം നീര ശേഖരിക്കാന്‍ കഴിയും. കര്‍ഷകര്‍ക്ക് ലിറ്ററിന് 25രൂപ ലഭിക്കും. തുടര്‍ന്ന് കമ്പനി നെറ്റോ എന്ന ബ്രാന്‍ഡില്‍ നീര ശീതള പാനീയം, ചക്കരപ്പാനി, നീരതേന്‍, നീര വിനാഗിരി, നീര ചോക്‌ലേറ്റ് എന്നിവയും പച്ചതേങ്ങയില്‍ നിന്ന് ശുദ്ധമായ വെളിച്ചണ്ണയും വിപണിയില്‍ ഇറക്കുമെന്ന് സംഘാടകര്‍ അറിയീച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ബാബു മത്തത്ത്, കെ സി ബാലകൃഷ്ണന്‍, വി എം ചന്ദ്രന്‍, പി പി അശോകന്‍, ആനന്ദന്‍ ഒലിപ്പാറ, എം കെ ഭാസ്‌കരന്‍, കെ എം വേണു, പി ടി ജോസ് പങ്കെടുത്തു.