Connect with us

Kerala

വെള്ളാപ്പള്ളിക്ക് അക്കമിട്ട് മറുപടി പറഞ്ഞ് പിണറായി

Published

|

Last Updated

കൊച്ചി: ബിജെപി -എസ് എന്‍ ഡി പി ബന്ധത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ എന്ന പേരില്‍ ദേശാഭിമാനി പത്രത്തില്‍ ആരംഭിച്ച ലേഖനപരമ്പരയുടെ ആദ്യഭാഗത്തിലാണ് വിമര്‍ശനം. ബി ജെ പി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയ കാര്യങ്ങളെ അക്കമിരട്ടു നിരത്തിയാണ് ലേഖനത്തില്‍ പിണറായിയുടെ മറുപടി. സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ആരും എഴുതേണ്ടതില്ലെന്നു ലേഖനത്തില്‍ പിണറായി പറയുന്നു. പിന്നാക്ക താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നുപറയുമ്പോള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി നടത്തിയ സമരങ്ങള്‍ മറക്കരുത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെ ചോരപ്പാടുകള്‍ കൈകളിലുണങ്ങാത്ത ബി ജെ പിയുമായി വെള്ളാപ്പള്ളി നടേശനു കൈകോര്‍ക്കാനാകുമെങ്കിലും സാധാരണക്കാരനായ എസ് എന്‍ ഡി പി പ്രവര്‍ത്തകന് അതിനു സാധിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
മറ്റു ജാതി സംഘടനകളുടെ പിന്തുണ ഉറപ്പുകൊടുക്കാന്‍ വെള്ളാപ്പള്ളിയെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ. ഇക്കാര്യത്തില്‍ മറ്റുസംഘടനകള്‍ നിലപാട് വ്യക്തമാക്കണം. ബിജെപി സംരക്ഷിക്കുന്നത് കോര്‍പറേറ്റ് ഹിന്ദുക്കളെയാണ്. ഹിന്ദു താല്‍പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ ഏതു ഹിന്ദുവിന്റെ താല്‍പര്യമാണ് മനസിലുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. പിന്നാക്കക്കാരെയും ദലിത് വിഭാഗങ്ങളെയും ആക്രമിച്ചവര്‍ക്ക് ഒപ്പമായിരുന്നു ബിജെപി എന്നു മറക്കരുതെന്നും ലേഖനത്തില്‍ പിണറായി പറയുന്നു.