Connect with us

National

കട്ജുവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ബ്രിട്ടന്റെയും, സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ഏജന്റുമാരാണെന്നുള്ള സുപ്രീംകോടതി മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശത്തെ അപലപിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പ്രമേയത്തില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നുമില്ലെന്ന് സുപ്രീംകോടതി. കട്ജുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതി നടത്തിയത്. ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനുമെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. വിമര്‍ശനം ഉന്നയിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടാനും തയാറാകണമെന്നും സുപ്രീംകോടതി പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രമേയം റദ്ദാക്കണമെന്നതാണ് കട്ജുവിന്റെ ആവശ്യം.
പൊതുവേദികളില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതിനെതിരേയുള്ള വിമര്‍ശനങ്ങളെയും കട്ജു കരുതിയിരിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചൂ.

മാര്‍ച്ചില്‍ കട്ജു തന്റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉണ്ടായത്. മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെയും സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ഏജന്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം. ബ്രിട്ടീഷുകാരുടെ നയങ്ങളായിരുന്നു ഗാന്ധിജി പിന്തുടര്‍ന്നിരുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്ഠിതമാണെന്നും കട്ജു തന്റെ ബ്ലോഗിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.
സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍ ഏജന്റാണ്. അതിനാലാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയപ്പോള്‍ അദ്ദേഹവും കീഴടങ്ങിയത്. ഇത് സംശയത്തിന് ഇടയാക്കുന്നതാണ്. യഥാര്‍ഥ രാജ്യസ്‌നേഹി രാജ്യത്തിനുവേണ്ടി പടപൊരുതുകയായിരുന്നു വേണ്ടതെന്നും കട്ജു വിമര്‍ശിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് രാജ്യസഭയും, ലോക്‌സഭയും കട്ജുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കിയിരുന്നത്. ഇതിനെതിരേ കട്ജു സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് കോടതിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

Latest