വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുന്നു; 80 മരണം

Posted on: August 3, 2015 10:38 am | Last updated: August 4, 2015 at 12:12 am
SHARE

bengalwest-kNzD--621x414@LiveMint
കൊല്‍ക്കത്ത: ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച കോമന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, ഒഡീസ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നൂ. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി മരിച്ചവരുടെ എണ്ണം 80 കടന്നു. കനത്ത മഴയില്‍ ബംഗാളിലെ കൊല്‍ക്കത്ത ഉള്‍പെടെയുള്ള 12 ജില്ലകള്‍ വെള്ളത്തിനടിയിലായതായി മുഖ്യമന്ത്രി മമതാ ബനര്‍ജി അറിയിച്ചു. ബംഗാളില്‍ മാത്രം ഇതുവരെ 48 പേരാണ് മരണപ്പെട്ടത്. 1.8 ലക്ഷം പേരുടെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യമ്പുകളിലാണ്. 21 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷിനശിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയപാത 60 ലെ റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്.
രണ്ടാഴ്ചയായി തുടരുന്ന മഴ ഇനിയും നാലുദിവസം കൂടീ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
കനത്ത മഴയും, ഉരുള്‍പ്പൊട്ടലും തുടരുന്നതിനാല്‍ മൂന്നുദിവസങ്ങളായി മേഖലയിലെ സ്‌കൂളുകളും, കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മൂന്നുപ്രധാന നദികള്‍ കരകവിഞ്ഞൊഴുകി. ഇതിനെ തുടര്‍ന്ന് അഞ്ചുലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കരസേനയുടെ സഹായംതേടിയിട്ടുണ്ട്. 12 ജില്ലകളിലെ 5,600 ഗ്രാമങ്ങളിലായി 18 ലക്ഷത്തോളം പേരെ ദുരന്തംബാധിച്ചു. ദുരന്തം ഏറെ നാശം വിതച്ച തോബാല്‍, ചാന്ദല്‍ ജില്ലകളിലായി മണിപ്പൂര്‍സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപുകളും തുറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here