ഇന്ധന വിലക്കുറവിലൂടെ കോടികളുടെ കൊയ്ത്ത്; കൂട്ടിയതൊന്നും കുറക്കുന്നില്ല

Posted on: August 3, 2015 10:10 am | Last updated: August 4, 2015 at 12:12 am
SHARE

Petrol_pump

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയുടെ പേരില്‍ കൂട്ടിയ നിരക്കുകള്‍ കുറക്കാതെ കോടികളുടെ കൊള്ള. ഈ തലത്തിലൊരു ചര്‍ച്ചക്ക് പോലും ഇടം നല്‍കാതെ സര്‍ക്കാറും ഇതിന് കൂട്ടുനില്‍ക്കുന്നു. പെട്രോള്‍, ഡീസല്‍ വില കൂടുമ്പോള്‍ ആനുപാതിക വര്‍ധന വരുത്തുന്ന യാത്ര- ചരക്ക് കൂലികളെല്ലാം അതേപടി തുടരുകയാണ്. നിരക്ക് വര്‍ധനക്ക് മുറവിളി കൂട്ടുന്നവരും സമരം ചെയ്യുന്നവരും വിലക്കുറവിന്റെ ആനുകൂല്യത്തില്‍ കോടികള്‍ കൊയ്‌തെടുക്കുകയാണ്. യാത്രാ നിരക്കിന്റെ കാര്യത്തില്‍ നഷ്ടംപേറുന്ന കെ എസ് ആര്‍ ടി സിയുടെ ചെലവില്‍ സ്വകാര്യ ബസ് ഉടമകള്‍ നേട്ടം കൊയ്യുകയാണ്. ഓട്ടോ- ടാക്‌സി നിരക്കിന്റെ കാര്യവും വിഭിന്നമല്ല.
ഡീസലിന് ലിറ്ററൊന്നിന് 3.60 രൂപയും പെട്രോളിനു 2.43 രൂപയും കുറച്ചതിലൂടെ സംസ്ഥാനത്തെ വാഹന ഉടമകള്‍ക്ക് മൊത്തത്തിലുണ്ടാകുന്ന പ്രതിദിന നേട്ടം മൂന്ന് കോടിയോളം രൂപയാണ്. ഇന്ധന വില കുറച്ച അവസരങ്ങളിലൊന്നും ഇത്ര വലിയ നേട്ടമുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഡീസലിന്റെ പ്രതിദിന വില്‍പ്പന അറുപത് ലക്ഷം ലീറ്റര്‍ വരും. പെട്രോളിന്റെ പ്രതിദിന വില്‍പ്പനയാകട്ടെ മുപ്പത് ലക്ഷത്തോളം ലീറ്ററും.
ഡീസലിന്റെ വിലക്കുറവ് കാരണം വാഹനങ്ങളുടെ ഇന്ധന ചെലവില്‍ ദിവസം 2.16 കോടി രൂപയുടെ കുറവുണ്ടാകും. പെട്രോളിന്റെ വിലക്കുറവിനെ തുടര്‍ന്ന് ലാഭിക്കാനാകുന്നത് ദിവസം 72.9 ലക്ഷം രൂപയും. കെ എസ് ആര്‍ ടി സിക്ക് മാത്രം പ്രതിദിനം പതിനാല് ലക്ഷത്തോളം രൂപയുടെ അധിക വരുമാനം ലഭിക്കും. പ്രതിമാസ ലാഭം ഏതാണ്ട് 4.32 കോടി രൂപ വരും. സമാനമായ നേട്ടമാണ് സ്വകാര്യ ബസുകള്‍ക്ക് ലഭിക്കുന്നതും.
മുമ്പ് ഡീസല്‍ വില കുറഞ്ഞതിന് ആനുപാതികമായി യാത്രാ നിരക്ക് കുറക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കെ എസ് ആര്‍ ടി സിയില്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര നല്‍കിയാണ് സര്‍ക്കാര്‍ ഇതിനെ നേരിട്ടത്. നഷ്ടത്തിലോടുമ്പോഴും ഇങ്ങനെയൊരാനുകൂല്യം ഭാഗികമായെങ്കിലും വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി നല്‍കിയപ്പോള്‍ സ്വകാര്യ ബസുടമകള്‍ ഇങ്ങനെയൊന്ന് അറിഞ്ഞതായി നടിച്ചതേ ഇല്ല. നൂറ് ലിറ്റര്‍ ഡീസല്‍ അടിക്കുമ്പോള്‍ 360 രൂപയുടെ ലാഭമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്വകാര്യ ബസുടമകള്‍ക്ക് എത്രത്തോളം ലാഭം ഉണ്ടാകുമെന്നത് ഇതില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഓട്ടോ- ടാക്‌സി നിരക്കിന്റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. ഡീസല്‍ വില പോലെ തന്നെ പെട്രോള്‍ വിലയും കുറച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട മിനിമം ചാര്‍ജിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ തന്നെ വാങ്ങുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇതിനോട് മുഖം തിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ചരക്ക് ഗതാഗതമേഖലയിലും ഈ സമവാക്യം തുല്യത പുലര്‍ത്തുന്നു. ഇത്രയും തുക പൊതുജനങ്ങളുടെ കീശയില്‍ നിന്ന് ചോര്‍ത്തുന്നു. റെയില്‍വേയുടെ പ്രധാന ഇന്ധനം ഡീസലാണെങ്കിലും യാത്രാക്കൂലി, ചരക്കുകടത്തു കൂലി എന്നിവയില്‍ ഒരു ഇളവിനും ഒരുക്കമല്ലെന്നതാണ് മുന്‍കാല അനുഭവം.
രാസവളം, സിമന്റ്, അരി തുടങ്ങിയ ഉത്പന്നങ്ങള്‍ റെയില്‍ മുഖാന്തരമാണ് വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. കുത്തക ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനികളും കടത്തുകൂലി താഴ്ത്താതെ റെയില്‍വേയെപ്പോലെ ജനങ്ങളെ കൊള്ളയടിക്കുന്നു.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഡീസല്‍ വില കുറച്ചത് ആശ്വാസമേകുമെന്ന് കരുതേണ്ട. ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറികളുമെല്ലാം എത്തുന്നത്. ഒന്നിനും ആരും വിലകുറക്കില്ലെന്നതാണ് മുന്‍കാല അനുഭവം. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവ് ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ ഈ മാസം പകുതിയോടെ ഡീസല്‍, പെട്രോള്‍ വിലകള്‍ ഇനിയും കുറയാന്‍ ഇടയുണ്ട്.
പ്രതിമാസം രണ്ട് തവണയാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില പരിഷ്‌കരിക്കുന്നത്. ഇറക്കുമതിച്ചെലവ്, യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവയാണ് വില നിര്‍ണയത്തിന് ആധാരം. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 52.21 ഡോളറിലെത്തിയിട്ടുണ്ട്.