Connect with us

Kerala

പാര്‍ലിമെന്റ് സ്തംഭനം ഒഴിവാക്കാന്‍ വീണ്ടും സര്‍വകക്ഷി യോഗം

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുന്നു. സമ്മേളനത്തിന്റെ പകുതിയിലധികം ദിവസവും സഭ തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുന്നത്. ലളിത് മോദി വിവാദം, വ്യാപം അഴിമതിക്കേസ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനെ കടന്നാക്രമിക്കുന്നത്.
ലളിത് മോദി വിവാദത്തില്‍ ഉള്‍പ്പെട്ട സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ, വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ എന്നിവര്‍ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, മന്ത്രിമാരുടെ രാജിയില്ലെന്നും ചര്‍ച്ചയാകാമെന്നുമാണ് ബി ജെ പിയുടെ നിലപാട്.
സര്‍വകക്ഷി യോഗം ചേരാനിരിക്കെ, കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരും. മന്ത്രിമാരുടെ രാജിയില്ലാതെ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും. മന്ത്രിമാരുടെ രാജിയില്ലെന്ന നിലപാടില്‍ ബി ജെ പിയും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകക്ഷി യോഗത്തിലും തീരുമാനമായേക്കില്ല. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലിമെന്റില്‍ വിശദീകരണം നല്‍കാമെന്നും ലളിത് മോദി വിവാദത്തില്‍ ചര്‍ച്ചയാകാമെന്നുമാണ് ബി ജെ പി ആവര്‍ത്തിക്കുന്നത്. സുഷമാ സ്വരാജ്, വസുന്ധരാ രാജെ, ശിവരാജ്‌സിംഗ് ചൗഹാന്‍ എന്നിവര്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്നതായിരിക്കണം സര്‍വകക്ഷി യോഗത്തിലെ ചര്‍ച്ചയെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി ബി ജെ പി രംഗത്തെത്തി. രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം പുറത്ത് സംസാരിക്കുകയാണെന്ന് കോന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.

Latest