വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കയുടെ ഇടയ ലേഖനം

Posted on: August 2, 2015 12:07 am | Last updated: August 2, 2015 at 12:07 am
SHARE

Artist_Impression_Vizhinjamതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം. പാരിസ്ഥിതി ആഘാത റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്ന അവ്യക്തത പരിഹരിക്കപ്പെടാതെ പദ്ധതി നടപ്പിലാക്കുന്നതിനെ എതിര്‍ക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പുറത്തിറക്കിയ ഇടയലേഖനം ആഹ്വാനം ചെയ്യുന്നത്.
വസ്തുതകള്‍ മറച്ചുവച്ചുകൊണ്ടുള്ള പാരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതെന്ന് ആരോപിക്കുന്ന ഇടയലേഖനം പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ദുരിതപൂര്‍ണമായ അവസ്ഥയെപ്പറ്റി ഓരോ ഇടവകയിലും വ്യാപകമായ ബോധവത്കരണം നടത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇടയലേഖനം ഇന്ന് സഭയുടെ കീഴിലുള്ള പള്ളികളില്‍ ദിവ്യബലിക്കിടെ വായിക്കും. പദ്ധതി യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നതിനിടെയാണ് തീരദേശത്തെ പ്രബല സമുദായം പ്രതിഷേധവുമായി മുന്നോട്ടുവരുന്നത് .
തീരദേശ ജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനരധിവാസ പദ്ധതി നടപ്പിലാക്കാതെ മുന്നോട്ടു പോയാല്‍ എന്തു വില കൊടുത്തും പദ്ധതി തടസ്സപ്പെടുത്തുമെന്നും സഭ മുന്നറിയിപ്പ് നല്‍കുന്നു. തീരദേശമേഖലക്കുണ്ടായ ഭയാശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്ന ഇടയലേഖനം പദ്ധതി നടപ്പിലാകുമ്പോള്‍ 32 തീരദേശ ഗ്രാമങ്ങളിലെ അരലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലും വാസസ്ഥലവും നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേക പുനധിവാസ പാക്കേജ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇത് അംഗീകരിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകും. പദ്ധതിക്കായി തയ്യാറാക്കിയ പാരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് സഭക്ക് കീഴിലുള്ള സമിതികള്‍ പരിശോധിച്ചിരുന്നു. മുഴുവന്‍ പാരിസ്ഥിതിക നിയമങ്ങളും തീരദേശ സംരക്ഷണ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
പുനരധിവാസ പാക്കേജിനെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. പദ്ധതിക്ക് അനുകൂലമായ ഒരു നിലപാടാണ് അതിരൂപത ആദ്യം മുതലേ സ്വീകരിച്ചത്. എന്നാല്‍ പദ്ധതി മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കരുതെന്നും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകള്‍ പരിഹരിച്ചുവേണം മുന്നോട്ടു പോകുവാനെന്നും ശക്തമായ നിലപാടുമായിട്ടാണ് സര്‍ക്കാറിനേയും തുറമുഖ അധികൃതരേയും സമീപിച്ചത്. വിഷയത്തില്‍ സര്‍ക്കാറിന്റേത് നിഷേധാത്മക സമീപനമാണെന്നും ക്രിയാത്മക ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ലത്തീന്‍ സഭ കുറ്റപ്പെടുത്തുന്നു.
തുറമുഖം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കള്‍ പങ്കുവെക്കുമ്പോള്‍ വികസന വിരോധികള്‍ എന്നു മുദ്ര കുത്തുന്നു. ഇത്രയും കാലം പ്രതികരിക്കാതിരുന്നത് ലത്തീന്‍ സഭയുടെ ബലഹീനതയായി കാണരുത്.
നിലവില്‍ പദ്ധതിക്കുവേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ലത്തീന്‍ സഭയുടെ കൂടി പ്രതിഷേധം പദ്ധതിയെത്തന്നെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 17ന് പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന അദാനി പോര്‍ട്ട് കമ്പനിയുമായി കരാര്‍ ഒപ്പിടാനിരിക്കെ സഭയുടെ നീക്കം സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here