Connect with us

National

പ്രത്യേക സാമ്പത്തിക പദവി: ബീഹാറില്‍ രാഷ്ട്രീയ യുദ്ധം മുറുകുന്നു

Published

|

Last Updated

പറ്റ്‌ന: നിയമസഭാ തിരെഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറില്‍ സംസ്ഥാനത്തിന്റെ പ്രത്യേക സാമ്പത്തിക പദവി വിഷയത്തില്‍ രാഷ്ട്രീയ യുദ്ധം ശക്തിപ്പെടുന്നു. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീണ്ട കാലത്തെ ആവശ്യമായ ഇത് ബീഹാറിന് ഫണ്ട് അപര്യാപ്തതയൊന്നുമില്ലെന്ന് പറഞ്ഞ് ബി ജെ പി സര്‍ക്കാര്‍ തള്ളിയിരുന്നു.
ബീഹാറിന് പ്രത്യേക സാമ്പത്തിക പദവി ലഭിക്കാന്‍ നിതീഷ് കൂമാര്‍ നാല് വര്‍ഷമായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
പദവി ലഭിക്കുന്നതോടെ കേന്ദ്ര പദ്ധതികളില്‍ മറ്റ് സംസ്ഥാനങ്ങള്‍ 25 ശതമാനം വിഹിതം വഹിക്കേണ്ട സ്ഥാനത്ത് പത്ത് ശതമാനം വിഹിതം മാത്രം ഈ പദവിയുള്ള സംസ്ഥാനം വഹിച്ചാല്‍ മതിയാകും.
ബീഹാര്‍, ഒറീസ്സ സംസ്ഥാനങ്ങളുടെ പ്രത്യേക സാമ്പത്തിക പദവിക്കുള്ള അപേക്ഷ തള്ളിയതായും അതിന് പകരം പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്ര പ്ലാനിംഗ് മന്ത്രി ഇന്ദര്‍ജിത് സിംഗ് വെള്ളിയാഴ്ച ലോക്‌സഭയില്‍ പറഞ്ഞിരുന്നു. പക്ഷേ ഈ വാഗ്ദാനം നിതീഷിന്റെ ജനതാദള്‍ യുനൈറ്റഡിന് സ്വീകാര്യമായില്ല.
ബി ജെ പി ക്ക് ഇരട്ടമുഖമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുജനത്തിനോട് പറയുന്നതിന് തികച്ചും വിപരീതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2014 ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മോദി ബീഹാറിന് പ്രത്യേക പദവി വാഗ്ദാനം ചെയ്തതാണെന്നും, വാഗ്ദാന ലംഘനത്തിന് ബീഹാര്‍ ജനത മറുപടി നല്‍കുമെന്നും ജനതാദള്‍ യുനൈറ്റഡ് സംസ്ഥാന അധ്യക്ഷന്‍ നാരായണ്‍ സിംഗ് പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി യുമായുള്ള കൂട്ടുകെട്ട് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്ന് ജനതാദള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പദവിയിലല്ല കാര്യം പണത്തിലാണെന്നാണ് ഈ വിഷയത്തില്‍ ബി ജെ പി നിലപാട് , കഴിഞ്ഞാഴ്ച പ്രധാനമന്ത്രി 50000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ബീഹാറിനായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വികസനം നടക്കുന്നുണ്ടെങ്കില്‍ ഒരു പേരിലെന്തിരിക്കുന്നു, അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ജനതാദളിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്തെ മുതിര്‍ന്ന ബി ജെ പി നേതാവ് നന്ദ കിഷോര്‍ യാദവ് പറയുന്നു.
ദേശീയ വികസന സമിതി 1969 ല്‍ ജമ്മു കാശ്മീര്‍, നാഗാലാന്‍ഡ്, ആസ്സാം എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കിയിരുന്നു. പിന്നീട് അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസ്സോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക സാമ്പത്തിക പദവി ലഭിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് ബീഹാറിന് പ്രത്യേക പദവി നല്‍കിയാല്‍ ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളും ഇതിനായി ആവശ്യമുയര്‍ത്തുമെന്നും സാമ്പത്തിക ഞെരുക്കത്തിനിടയില്‍ ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്നും അതിനാലാണ് ബീഹാറിന്റെ അഭ്യര്‍ഥന തള്ളിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Latest