ഇസ്‌റാഈല്‍ അതിക്രമം: ഫലസ്തീന്‍ ഐ സി സിയെ സമീപിക്കുന്നു

Posted on: August 2, 2015 4:48 am | Last updated: August 1, 2015 at 11:51 pm
SHARE

palastineജറൂസലം: അധിനിവിഷ്ട വെസ്റ്റ്‌ബേങ്കില്‍ 18 മാസം പ്രായമായ ഫലസ്തീന്‍ ശിശു വെന്ത് മരിച്ചതിന്റെ ഉത്തരവാദിത്വം ഇസ്‌റാഈല്‍ സര്‍ക്കാറിനാണെന്നും ഇതിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ സി സി)യെ സമീപിക്കുമെന്നും ഫലസ്തീന്‍. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി എല്‍ ഒ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് വെസ്റ്റ്‌ബേങ്കിലെ നബുലസ് നഗരത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ഡ്യൂമ ഗ്രാമത്തില്‍ ജൂത കുടിയേറ്റക്കാര്‍ തീ വെച്ചതിനെ തുടര്‍ന്ന് 18 മാസം പ്രായമുള്ള ഫലസ്തീന്‍ ശിശു വെന്തുമരിച്ചത്. സഹോദരന്‍ നാല് വയസ്സുകാരനും മാതാപിതാക്കള്‍ക്കും പൊള്ളലേറ്റിരുന്നു. മാതാപിതാക്കള്‍ ഗുരുതരമായ പൊള്ളലേറ്റ് ഇസ്‌റാഈലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് വീടുകളാണ് ജൂത കുടിയേറ്റക്കാര്‍ തീവെച്ച് നശിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവം ലോക വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. വിവാദമായ പശ്ചാത്തലത്തില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ചു. ഭീകരതക്കെതിരെ ഒരുമിച്ചുപോരാടുമെന്ന് നെതന്യാഹു മഹ്മൂദ് അബ്ബാസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഐ സി സിയില്‍ പരാതി നല്‍കാന്‍ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടതായി മഹ്മൂദ് അബ്ബാസ് പറഞ്ഞു. തങ്ങള്‍ക്ക് വേണ്ടത് ശരിയായ നീതിയാണെന്നും പക്ഷേ ഇത് ഇസ്‌റാഈലില്‍ നിന്ന് ലഭിക്കുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ ഹമാസ് നിയന്ത്രണത്തിലള്ള സര്‍ക്കാറും സംഭവത്തെ ശക്തമായി അപലപിച്ചു. സയണിസ്റ്റുകളുടെ ക്രൂരതക്കെതിരെ പ്രതിഷേധ ദിനം ആചരിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. ശക്തമായ ഭാഷയില്‍ ഈ ക്രൂരതയെ അപലപിക്കുകയാണെന്നും കൊലപാതകികളെ എത്രയും വേഗം കണ്ടെത്താന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇരുവിഭാഗവും സംഘര്‍ഷത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും യു എസും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന കുട്ടിയുടെ ഖബറടക്ക ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം ഇതുവരെ ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ 120 ആക്രമണങ്ങള്‍ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി. ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ പോലീസില്‍ നല്‍കുന്ന പരാതികളില്‍ 92.6 ശതമാനവും കേസ് ഫയല്‍ ചെയ്യപ്പെടാതെ പോകുകയാണ് പതിവെന്ന് ഈയടുത്ത് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here