ആത്യന്തിക ജേതാക്കള്‍

Posted on: August 2, 2015 3:36 am | Last updated: August 1, 2015 at 11:38 pm
SHARE

successഅടിസ്ഥാനപരമായി മൂന്ന് തരം ആളുകളാണുള്ളത്. 1) വിജയിക്കാത്തവര്‍ 2) താത്കാലികമായി വിജയിച്ചവര്‍ 3) ആത്യന്തിക ജേതാക്കള്‍. തനിക്കുള്ളതും താന്‍ എന്തായിരിക്കുന്നുവോ അതുമുഴുവനും രാജ്യത്തിന് നല്‍കുന്നവരാണ് ആത്യന്തിക ജേതാക്കള്‍. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം ആത്യന്തിക ജേതാവാണ്. കലാം പറഞ്ഞതും പഠിപ്പിച്ചതും ജീവിച്ചതും രാഷ്ട്രത്തിനുവേണ്ടിയായിരുന്നു. സൂര്യനെപ്പോലെ എരിയുവാനും പ്രകാശം ചൊരിയുവാനും കലാമിന് സാധിച്ചു. ജനഹൃദയങ്ങളില്‍ അദ്ദേഹം എന്നും ജീവിക്കും. മൃത്യുവിനും അപ്പുറം ജീവിക്കുന്നവരാണ് ആത്യന്തിക ജേതാക്കള്‍.
നമ്മുടെ മരണാന്തരം എന്ത് അഭിനന്ദനവാക്കുകളാണ് മറ്റുള്ളവര്‍ പറയുകയെന്ന് ഓരോരുത്തരും ചിന്തിക്കണം. റഷ്യന്‍ മിസ്റ്റിക്കായിരുന്ന ഗുര്‍ജീഫ് പറയുന്നു; ”ഞാന്‍ സമ്പാദിച്ചതെല്ലാം എനിക്ക് നഷ്ടമായി. എന്നാല്‍ ഞാന്‍ നല്‍കിയതെല്ലാം എനിക്ക് ലഭിച്ചു”. ശവസംസ്‌കാര ചടങ്ങുകളില്‍, മരിച്ചവരെപ്പറ്റിയുള്ള അഭിപ്രായ പ്രകടനങ്ങളില്‍ ആരും ഒരിക്കലും അക്കാദമിക് നേട്ടങ്ങളെയോ പ്രൊഫഷനിലെ വിജയക്കുതിപ്പുകളെയോ സാമ്പത്തിക വളര്‍ച്ചയേയോ കുറിച്ചല്ല പറയുക, മറിച്ച് മറ്റുള്ളവരോട് എങ്ങനെ പെരുമാറി, മറ്റുള്ളവരെ എത്രമാത്രം സഹായിച്ചു എന്നാണ്. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്നുള്ള വാര്‍ത്തകളില്‍ അദ്ദേഹത്തിന്റെ എളിയവരോടുള്ള പെരുമാറ്റ വൈശിഷ്ട്യത്തെയും രാജ്യത്തോടും മറ്റുള്ളവര്‍ക്കും ചെയ്ത സഹായങ്ങളെയുമാണ് പരാമര്‍ശിക്കുന്നത്. സ്വഭാവത്തെ, പെരുമാറ്റത്തെ, കാരുണ്യത്തിന്റെ ഉറവകളെ, കരുതലിനെ എന്നിവയെക്കുറിച്ചൊക്കെയാണ് ജനം സംസാരിക്കുക. ആ തലങ്ങളില്‍ നാം എത്രമാത്രം സ്വീകാര്യരാണ് എന്ന് ഓരോരുത്തരും ചിന്തിക്കണം.
ആധ്യാത്മിക ഗുരുവായ ദലൈലാമ പറയുന്നു; ‘സമ്പത്തിനുവേണ്ടി സമ്പത്ത് സാമഹാരിക്കുന്നത് സ്വയം പരാജയപ്പെടുത്തലാണ്. നമ്മുടെ ചെയ്തികള്‍ ഒരു നിയോഗമായി കൂടുതല്‍ ഉന്നതമായ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗമായി കാണണം. ലക്ഷ്യത്തിലെത്തേണ്ടത് മറ്റുള്ളവരുമായി ഊഷ്മളതയോടെ, മാനുഷികമായ വാത്സല്യത്തോടെ, സത്യസന്ധതയോടെ, സഹാനുഭൂതിയോടെ ഇടപഴകിക്കൊണ്ടാവണം’. അപ്രകാരം മുന്നേറുമ്പോഴാണ് നാം വിലമതിക്കപ്പെടുന്നത്. കോടീശ്വരനായ ആന്‍ഡ്രൂ കാര്‍ണഗി എഴുതിയ ‘ദ ഗോസ്പല്‍ ഓഫ് ദി വെല്‍ത്തി’ (സമ്പന്നരുടെ സുവിശേഷം) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്; ”നിങ്ങളുടെ സമ്പത്ത് ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്ക് ഏറ്റവും നല്ല ഫലം കിട്ടുന്ന രീതിയില്‍ തിരിച്ചുനല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്”.
യൂറോപ്പു മുതല്‍ സിന്ധുനദീതടം വരെ കീഴടക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ മരണത്തിനു മുമ്പ് ഭൃത്യന്മാരോട് പറഞ്ഞു; ”എന്റെ ശവപ്പെട്ടി കൊണ്ടുപോകുമ്പോള്‍ രണ്ടുകൈകളും പുറത്തേക്ക് വയ്ക്കണം. ലോകത്തിനു മുഴുവന്‍ അധിപനായ അലക്‌സാണ്ടര്‍ ഒരു നിസ്വനായിട്ടാണ് തിരിച്ചുപോകുന്നതെന്ന് ജനം കാണട്ടെ.” എല്ലാം നേടിയിട്ടും ഒന്നുമില്ലാതെയാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മണ്ണായത്. ആരും അവനവന് വേണ്ടി മാത്രം ജീവിക്കുവാനല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നാം നമുക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ ബാധ്യസ്ഥരാണ്. മാനുഷിക പരിഗണനയും അംഗീകാരവും പരസ്പര ബന്ധത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ജോണ്‍ ഡോണിന്റെ ‘നോ മാന്‍ ഈസ് ആന്‍ ഐലന്റ്’ എന്ന കവിത വളരെ അര്‍ത്ഥവത്താണ്; ”ഒരു മനുഷ്യനും ഒരു ദ്വീപല്ല. ഒരു മനുഷ്യനും ഏകാകിയായി നില്‍ക്കുന്നില്ല. ഓരോ മനുഷ്യന്റെയും ആഹ്ലാദം എന്റെ ആഹ്ലാദമാണ്. ഓരോ മനുഷ്യന്റെയും ദു:ഖം എന്റെ സ്വന്തമാണ്. പരസ്പരാശ്രിതരാണ് നാം. അതുകൊണ്ട് നിലകൊള്ളും ഞാന്‍. ഒരോ മനുഷ്യനും എന്റെ സോദരനെന്നപോല്‍. ഓരോ മനുഷ്യനും എന്റെ തോഴനെന്ന പോല്‍”. ഈ വരികള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ നമുക്കും ആത്യന്തിക ജേതാക്കളാകാം. (9847034600)