സ്വര്‍ണ വിലയിടിവ് മുതലെടുക്കാന്‍ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍

Posted on: August 2, 2015 5:34 am | Last updated: August 1, 2015 at 11:36 pm
SHARE

gold barരാജ്യാന്തര വിപണിയിലെ തുടര്‍ച്ചയായ വിലയിടിവ് മൂലം മഞ്ഞലോഹത്തിന്റെ മാറ്റ് കുറഞ്ഞതോടെ വിപണിയില്‍ സ്വര്‍ണത്തിന്റെ ഇടം പിടിച്ചെടുക്കാനുള്ള കരുനീക്കങ്ങള്‍ നടത്തുകയാണ് ഓഹരി അധിഷ്ഠിത ഫണ്ടുകള്‍. രാജ്യത്ത് സ്വര്‍ണ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ തന്നെയാണ് ഇത്തരം കമ്പനികളുടെ കണ്ണ് എന്നതും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മലയാളികളുടെ താത്പര്യം കണ്ടറിഞ്ഞാണ് മുന്‍നിര മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. രാജ്യത്തെ പ്രമുഖ മ്യൂച്വല്‍ഫണ്ട് സ്ഥാപനമായ ബിര്‍ള സണ്‍ലൈഫ് അസെറ്റ് മാനേജ്‌മെന്റ് കമ്പനി ഉള്‍പ്പെടെ ഈ മേഖലയിലെ വമ്പന്മാര്‍ കേരളത്തിലെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ പട്ടണങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതിന്റെ ആദ്യഘട്ടമായി മലയാളികളുടെ ഇടയില്‍ ഫണ്ടിനെകുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിര്‍ള സണ്‍ലൈഫ്. കേരളത്തിലെ നിക്ഷേപകര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെബ് ഫണ്ടുകളെക്കാള്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളോടാണ് താത്പര്യം കാണിക്കുന്നതെന്ന തിരിച്ചറിവാണ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 1.23 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ബിര്‍ള സണ്‍ലൈഫ് കൈകാര്യം ചെയ്യുന്നത്. രാജ്യത്ത് ഒരു ലക്ഷം കോടി രൂപയില്‍ കൂടുതല്‍ ആസ്തി കൈകാര്യം ചെയ്യുന്ന നാല് ഫണ്ട് സ്ഥാപനങ്ങളില്‍ ഒന്നാണ് ബിര്‍ള സണ്‍ലൈഫ്.
പലിശ നിരക്കുകള്‍ കുറയുന്നതും സ്വര്‍ണത്തിന്റെയും റിയല്‍ എസ്റ്റേറ്റ് മേഖലയുടെയും ഡിമാന്റ് കുറഞ്ഞുവരുന്നതുമാണ് നിക്ഷേപകരെ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്ക് ആകര്‍ഷിക്കുന്നത്. സ്വര്‍ണം മൂല്യം മാത്രമുള്ള പലിശരഹിത ആസ്തിയാണെന്ന യാഥാര്‍ഥ്യവും സ്വര്‍ണത്തോടുള്ള നിക്ഷേപകരുടെ പ്രതിപത്തി കുറയാന്‍ കാരണമായിട്ടുണ്ട്. ഓഹരി സൂചികയായ സെന്‍സെക്‌സ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏതാണ്ട് 25 ശതമാനം ഉയര്‍ന്നപ്പോള്‍ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ 40 മുതല്‍ 90 ശതമാനം വരെ നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഓഹരികള്‍ ഉയരുമ്പോള്‍ പലപ്പോഴും വിപണിയെക്കാള്‍ കൂടുതല്‍ റിട്ടേണാണ് ഫണ്ടുകള്‍ സാധാരണ നല്‍കുന്നത്. ഓഹരിയിടിയുമ്പോള്‍ നഷ്ടം പിടിച്ചുനിര്‍ത്താനും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കഴിയാറുണ്ടെന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. ഈ വര്‍ഷത്തെ ഓഹരി ഫണ്ട് ആസ്തി രണ്ട് ലക്ഷത്തിന് മുകളിലെത്തിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.
സ്വര്‍ണ നിക്ഷേപ പദ്ധതിക്ക് ആദായ നികുതിയും മൂലധനനേട്ട നികുതിയും നല്‍കേണ്ട എന്നതും നിക്ഷേപകര്‍ക്ക് ഗുണകരമാകും. ഇതുസംബന്ധിച്ച് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ കരട് മാര്‍ഗരേഖ ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ചുരുങ്ങിയത് 30 ഗ്രാം വരെ ആഭരണമായും സ്വര്‍ണക്കട്ടിയായും നിക്ഷേപിക്കാം. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് ആദായ നികുതിയും മൂലധനനേട്ട നികുതിയും നല്‍കേണ്ടതില്ലെന്നതാണ് പ്രധാന ആകര്‍ഷണം.
ചുരുങ്ങിയത് ഒരു വര്‍ഷം നിക്ഷേപ കാലാവധിയുള്ള പദ്ധതിയില്‍ അതത് സമയത്ത് ബേങ്കുകളാണ് സ്വര്‍ണത്തിന്റെ പലിശ തീരുമാനിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ സ്വര്‍ണത്തിന്റെ ആസ്തിയും പലിശയും ഒരുമിച്ചു കണക്കാക്കും. 100 ഗ്രാം സ്വര്‍ണം നിക്ഷേപിക്കുന്ന ആള്‍ക്ക് ഒരു ശതമാനം പലിശ ലഭിക്കുന്നുവെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അയാളുടെ അക്കൗണ്ടില്‍ 101 ഗ്രാം സ്വര്‍ണം ഉണ്ടാകും.
ഒരു വര്‍ഷമോ ഗുണിതങ്ങളായോ നിക്ഷേപകാലാവധി തീരുമാനിക്കാന്‍ അവസരം ലഭിക്കുന്നതോടൊപ്പം നിക്ഷേപങ്ങള്‍ക്ക് വിശദ പരിശോധനകള്‍ക്ക് ശേഷം നികുതി ആനുകുല്യവും ലഭ്യമാക്കുന്നുണ്ട്. പദ്ധതിയനുസരിച്ചുള്ള നിക്ഷേപം സ്വര്‍ണക്കടക്കാര്‍ക്ക് അവരുടെ ആവശ്യത്തിന് ലഭ്യമാക്കുന്നതിനാല്‍ ഇത് ഇറക്കുമതി ആശ്രിതത്വം കുറക്കാനും സഹായിക്കും. സ്വര്‍ണം കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ആഭ്യന്തര സ്വര്‍ണ വിപണിയില്‍ ഇത് വന്‍ മുതല്‍ക്കൂട്ടാകും. ഈ വര്‍ഷം ഇതുവരെ 1000 ടണ്‍ സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് നിഷ്‌ക്രിയമായിരിക്കുന്ന സ്വര്‍ണത്തെ ക്രയവിക്രയത്തിനുപയുക്തമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കഴിഞ്ഞ ബജറ്റില്‍ ഈ പദ്ധതിക്ക് രൂപം നല്‍കിയിത്. ഇതുവഴി രാജ്യത്ത് പ്രയോജനമില്ലാതിരിക്കുന്ന 20,000 ടണ്‍ സ്വര്‍ണത്തെ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാകുന്ന വിധത്തില്‍ ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് തുടര്‍ച്ചയായ വിലയിടിവിലൂടെ സ്വര്‍ണം പവന്‍ വില 19,000ത്തിന് താഴേക്കിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായി ഇടിഞ്ഞ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2010 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി വിലയിടിയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണവില സ്ഥിരത കൈവരിച്ചിരുന്നെങ്കിലും പൊടുന്നനെ വില താഴോട്ട് പോകുന്നത് ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കുറവ് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് തവണയായി പവന്‍ വിലയില്‍ 500 രൂപയിലധികം കുറവാണ് അനുഭവപ്പെട്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും മറ്റു പ്രതികൂല ഘടകങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ മൂല്യം കുറച്ചത്. സ്വര്‍ണത്തിലെ ഇടപാടുകളെ നിരുത്സാഹപ്പെടുത്തി ഓഹരിവിപണിയെ പ്രോത്സാഹിപ്പിക്കുകയെന്ന ചൈനീസ് സര്‍ക്കാറിന്റെ നിലപാടിനെ തുടര്‍ന്ന് ഷാങ്ഹായ് വിപണിയില്‍ നിന്ന് കരുതല്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതോടെയാണ് രാജ്യാന്തര സ്വര്‍ണവിപണിയില്‍ വിലയിടിവ് അനുഭവപ്പെട്ട് തുടങ്ങിയത്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ചൈനയിലെ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണ നിക്ഷേപം വിറ്റഴിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി പലിശ നിരക്കുകള്‍ ഉയര്‍ത്താനുള്ള യു എസ് ഫെഡറല്‍ റിസര്‍വിന്റെ നീക്കങ്ങളും സ്വര്‍ണ വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകള്‍ തുടര്‍ച്ചയായി സ്വര്‍ണത്തിന്റെ അടിത്തറ തകര്‍ക്കുകയായിരുന്നു. അമേരിക്ക പലിശ നിരക്കുകള്‍ ഉയര്‍ത്താനുളള സാധ്യത മുന്നില്‍ കണ്ടാണ് ചൈനയിലെ നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചിരുന്നത്. ഇതോടെ രാജ്യാന്തര സ്വര്‍ണ വിപണി വന്‍വില്‍പ്പന സമ്മര്‍ദം നേരിടുകയാണ്. ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ നിക്ഷേപം വന്‍തോതില്‍ കുറഞ്ഞതും എണ്ണവിലയിലെ ഇടിവും രൂപയുടെ മൂല്യം ഉയരാത്തതുമൊക്കെ മഞ്ഞലോഹത്തിന്റെ വിലയിടിവിലേക്ക് നയിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ക്രമാതീതമായി വില കുതിച്ചുയര്‍ന്നിരുന്ന സ്വര്‍ണം 2013ന് ശേഷമാണ് താഴോട്ടിറങ്ങാന്‍ തുടങ്ങിയത്. ഇക്കാലയളവില്‍ രാജ്യത്തെ സ്വര്‍ണവിലയില്‍ 30 ശതമാനമാണ് ഇടിവുണ്ടായത്. സമീപകാലത്ത് സ്വര്‍ണത്തിന് കാര്യമായ വിലവര്‍ധന പ്രതീക്ഷിക്കേണ്ടെന്നുതന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വിലയിടിവ് തുടരാന്‍ തന്നെയാണ് സാധ്യത.
അതേസമയം സെന്‍സെക്‌സ് 45 പോയിന്റിലേറെ ഉയര്‍ന്ന് 28,450നു മുകളിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 8,600 നു മുകളിലെത്തി. ഇന്‍ഫോസിസ്, വിപ്രോ, ഐ ടി സി എന്നീ മുന്‍നിര കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സണ്‍ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ എന്നീ ഓഹരികള്‍ കഴിഞ്ഞ ആഴ്ച നഷ്ടം നേരിട്ടിരുന്നു. ഒപ്പം ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടരുന്നുമുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണത്തിന്മേലുള്ള സമ്മര്‍ദം തുടരുമെന്നുതന്നെയാണ് രാജ്യാന്തര തലത്തില്‍ നിന്നുള്ള വിലയിരുത്തല്‍. ഇങ്ങനെ വന്നാല്‍ കുറച്ചു കാലത്തേക്കെങ്കിലും സ്വര്‍ണവില 20,000ത്തില്‍ താഴെ (പവന്‍ വില) സ്ഥിരമാകാനുള്ള സാധ്യതയാണ് രാജ്യാന്തര വിപണി നല്‍കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമീപ കാലയളവിലൊന്നും സ്വര്‍ണത്തിന് കാര്യമായ വിലവര്‍ധന പ്രതീക്ഷിക്കേണ്ടെന്നുതന്നെയാണ് വിലയിരുത്തല്‍.
എന്നാല്‍ അടുത്ത സെപ്തംബര്‍ മധ്യവാരം നടക്കാനിരിക്കുന്ന യു എസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായകമായ യോഗത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ രാജ്യാന്തര സ്വര്‍ണ-ഓഹരി വിപണികളെ സ്വാധീനിച്ചേക്കും. പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന തരത്തില്‍ യു എസ് ഫെഡറല്‍ റിസര്‍വ് നയരൂപവത്കരണം നടത്തിയാല്‍ അത് സ്വര്‍ണത്തിന് ഗുണകരമാകും. നിലവില്‍ കാല്‍ ശതമാനമുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകളാണ് യു എസില്‍ നിന്ന് ലഭിക്കുന്നത്. അവസാനമായി കഴിഞ്ഞയാഴ്ച നടന്ന യു എസ് ഫെഡറലിന്റെ ദ്വിദിന സമ്മേളനത്തില്‍ പക്ഷേ വായ്പാ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ യു എസ് ഫെഡറല്‍ വായ്പാ നിരക്ക് വര്‍ധിക്കുന്ന തരത്തില്‍ തീരുമാനമെടുക്കുന്നതുവരെ നിലിവലെ അവസ്ഥ തുടരാനാണ് സാധ്യത.
അതേസമയം, സ്വര്‍ണത്തിന്റെ തുടര്‍ച്ചയായ വിലയിടിവ് രാജ്യത്തെ ആഭ്യന്തര വിപണിയെ ബാധിച്ചിട്ടില്ലെന്ന് തന്നെയാണ് വ്യാപാര കണക്കുകള്‍ തെളിയിക്കുന്നത്. കച്ചവടക്കാരെ സംബന്ധിച്ച് വിലയിലെ ചാഞ്ചാട്ടം ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും വില സ്ഥിരമായാല്‍ അത് കൂടുതല്‍ ഗുണകരമാകും. എന്നാല്‍ വിവാഹ സീസണ്‍ ആരംഭിച്ച കേരളത്തില്‍ സ്വര്‍ണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യാപാരികള്‍ തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വിലയിലെ ചാഞ്ചാട്ടം മൂലമുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ സ്വര്‍ണ വ്യാപാരികള്‍ നടപ്പാക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് ഉള്‍പ്പെടെ കുറഞ്ഞ വിലയിധിഷ്ഠിതമായ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇതുവഴി വ്യാപാര തന്ത്രത്തിലെ കൂടുതല്‍ കച്ചവടം കുറഞ്ഞ ലാഭം എന്ന കച്ചവട രീതിയാണ് വ്യാപാരികള്‍ സ്വീകരിക്കുന്നത്.
അതേസമയം, സ്വര്‍ണ മേഖലയില്‍ 1930 ല്‍ ഉണ്ടായ പോലെ വന്‍ വിലയിടിവ് ഉണ്ടായേക്കുമെന്ന റിസര്‍വ് ബേങ്ക് മേധാവി ഡോ. രഘുറാം രാജന്റെ മുന്നറിയിപ്പ് ആശങ്കയോടെയാണ് വിപണി നോക്കിക്കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here