രാമേശ്വരത്തിന്റെ സന്ദേശം

Posted on: August 2, 2015 5:33 am | Last updated: August 1, 2015 at 11:34 pm
SHARE

‘കലാം താത്ത’ അവരെ പഠിപ്പിച്ചത് രാമേശ്വരത്ത് പ്രയോഗത്തില്‍ കാഴ്ചവെച്ചപ്പോള്‍, ക്രമസമാധാന പാലനത്തിന് സര്‍വായുധ സജ്ജരായി നിയുക്തരായ പോലീസും അര്‍ധ സൈനിക സേനകളും സായുധസേനയും അമ്പരന്നുപോയി. തങ്ങളുടെ താത്തയെ അവസാനമായി ഒരു നോക്ക് കാണാന്‍ രണ്ട് രാവും പകലും ഊണും ഉറക്കവും ദാഹജലം പോലും വിസ്മരിച്ച് കാത്തിരുന്ന ജനലക്ഷങ്ങള്‍ കാഴ്ചവെച്ച അച്ചടക്കവും ആത്മസംയമനവുമാണ് ക്രമസമാധാനപാലകരെ പോലും ഹര്‍ഷപുളകിതരാക്കിയത്. രാജ്യത്തിന്റെ ഏറ്റവും ജനകീയ രാഷ്ട്രത്തലവനായിരുന്ന ‘മിസൈല്‍ മനുഷ്യന്‍’ എ പി ജെ അബ്ദുല്‍ കലാമിനോടുള്ള സ്‌നേഹവും ആദരവും കൊണ്ടായിരുന്നു ഇത്. രാഷ്ട്രപതിയായി രാജ്ഭവനില്‍ കഴിഞ്ഞിരുന്ന കാലത്തും രാമേശ്വരക്കാര്‍ക്ക് അബ്ദുല്‍ കലാം അവരുടെ പ്രിയപ്പെട്ട താത്തയായിരുന്നു. ‘മോസ്‌ക് ലെയ്‌നി’ലെ ഹൗസ് ഓഫ് കലാം’ അവര്‍ക്ക് എന്നും അത്താണിയായിരുന്നു. വ്യാഴാഴ്ച കലാമിന്റെ ഭൗതികശരീരം ഖബറടക്കാനായി രാമേശ്വരം-മധുര റോഡില്‍ നിന്നും തങ്കച്ചിമഠം പേയ്ക്കരിമ്പില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് വിലാപയാത്രയായി എത്തിച്ചപ്പോള്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന് ഇരുവശത്തും മനുഷ്യഭിത്തി കണക്കെ പുരുഷാരം തടിച്ചുകൂടിയിരുന്നു. ഒരു വി ഐ പി വന്നാല്‍ പ്രത്യേക ട്രാഫിക് നിയന്ത്രണവും പോലീസിന്റെ ബലപ്രയോഗവും തമ്മിലടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് മൂന്ന് ലക്ഷത്തിലേറെപേര്‍ സംഗമിച്ച പേയ്ക്കരിമ്പില്‍ കലാമിന്റെ പ്രിയ മിത്രങ്ങള്‍ കാഴ്ചവെച്ച അച്ചടക്കവും ആത്മസംയമനവും പുതിയൊരു അനുഭവമായിരുന്നു. രാജ്യം മുഴുവന്‍ രാമേശ്വരത്തേക്ക് ഒഴുകിവന്ന പ്രതീതിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, വി എസ് അച്യുതാനന്ദന്‍ തുടങ്ങി രാജ്യത്തെ രാഷ്ട്രീയ നേതൃനിരയിലാകെ ഈ ജനപ്രവാഹവും സ്‌നേഹവായ്പും അസൂയ ജനിപ്പിച്ചിരിക്കണം. ജന മനസ്സുകളില്‍ അത്രമാത്രം സ്ഥാനം പിടിക്കാന്‍ കലാമിന് കഴിഞ്ഞിരുന്നു.
വലിയ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്ക് കൂടി പ്രചോദനമേകിയ ജീവിതമായിരുന്നു അബ്ദുല്‍ കലാമിന്റെത്. ഇങ്ങനെയൊരു ഊര്‍ജ സ്രോതസ്സാകാന്‍ കലാമിന് മാത്രമേ കഴിഞ്ഞിരുന്നുള്ളുവെന്നത് ഇന്ത്യന്‍ ജനതയുടെ സ്വകാര്യ’അഹങ്കാര’മായിരുന്നു.
ഇനി മറ്റൊരു ചിത്രം. ഇന്ത്യന്‍ ജനതയാകെ കലാമിന്റെ വിയോഗത്തില്‍ ഉള്ളുരുകി കഴിയുമ്പോള്‍, ഒരു സംസ്ഥാന മുഖ്യമന്ത്രി ഒരു പൊതുപരിപാടിയില്‍ നൃത്തമാടുകയായിരുന്നു എന്നാണ് വാര്‍ത്ത. വെള്ളിയാഴ്ച ഈ സംഭവം ലോക്‌സഭയില്‍ പ്രതിധ്വനിച്ചു. ഈ വിഷയം എടുത്തിട്ടതും സഭാതലം തിളച്ചുമറിഞ്ഞു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ മറുപടി പറയാന്‍ തപ്പിത്തടയേണ്ടി വന്നു. ഒടുവില്‍ ഐ പി എല്‍ അധ്യക്ഷന്‍ ലളിത് മോദിയെ തന്നെ ശരണംപ്രാപിച്ച്, മന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് അവര്‍ ഒച്ചവെച്ച് രക്ഷപ്പെട്ടു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നല്ലേ ചൊല്ല്. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ലോക്‌സഭാംഗമായ മകന്‍ ഗൗരവ് പിതാവിന് വേണ്ടി തൊണ്ടപൊട്ടുമാറ് ബഹളംവെച്ചതും കാണാന്‍ നല്ല ചേലായിരുന്നു. പ്രശ്‌നം ഇവിടംകൊണ്ടൊന്നും കെട്ടടങ്ങില്ലെന്ന് മുതിര്‍ന്ന രാഷ്ട്രീയക്കാരനായ തരുണ്‍ ഗൊഗോയ്ക്ക് തോന്നിയിരിക്കണം. അദ്ദേഹത്തിന് മുന്നില്‍ ഒറ്റ മാര്‍ഗം മാത്രം. ‘തെറ്റ് ഏറ്റുപറയുക, മാപ്പ് അപേക്ഷിക്കുക’ – ഇതെല്ലാം ചെയ്തുകഴിഞ്ഞെങ്കിലും രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിനാകുന്നില്ല.
ഏതായാലും കലാം താത്തക്ക് അന്തിമ യാത്രാമൊഴി ചൊല്ലാന്‍ രാമേശ്വരത്ത് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. മിസൈല്‍ ശാസ്ത്രജ്ഞനെന്ന നിലയില്‍ രാജ്യത്തിന് പുതിയ ദിശാമുഖങ്ങള്‍ തുറന്നുകൊടുത്ത കലാം മരണത്തിന് ശേഷവും രാജ്യത്തിന് വറ്റാത്ത ഊര്‍ജ സ്രോതസ്സാകുമെന്ന് തീര്‍ച്ചയാണ്. ‘വിഷന്‍ 2020’ പരിപാടി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. ഇങ്ങനെയൊരു ‘കലാം താത്ത’ക്ക് വേണ്ടി നാം ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് പ്രവചിക്കുക മനുഷ്യ സാധ്യമല്ല.