കണ്‍സ്യൂമര്‍ഫെഡ് കുടിശ്ശിക വരുത്തി; ആന്ധ്രയില്‍ നിന്ന് അരി എത്തില്ല

Posted on: August 2, 2015 12:45 am | Last updated: August 1, 2015 at 11:29 pm
SHARE

consumer fedതിരുവനന്തപുരം: ഓണത്തിന് ആന്ധ്രാപ്രദേശില്‍ നിന്ന് അരിയെത്തില്ലെന്ന് ഉറപ്പായി. സഹകരണ വകുപ്പിന് കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് വരുത്തിയ കുടിശ്ശികയുടെ പേരിലാണ് ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്കുള്ള അരി വരവ് നിലച്ചത്. സംസ്ഥാനത്തേക്കുള്ള അരി വിതരണം ആന്ധ്രയിലെ മില്‍ ഉടമകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ വരുത്തിയ ഇരുനൂറ് കോടിയോളം രൂപയുടെ ബാധ്യത തീര്‍ക്കാതെ ഓണത്തിന് ആന്ധ്രയില്‍ നിന്ന് അരിയെത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. മറ്റു സ്വകാര്യ കച്ചവടക്കാരുടെ ബാധ്യത കൂടി കൂട്ടിയാല്‍ തുക അറുനൂറ് കോടി കവിയും. കേരളത്തില്‍ നിന്ന് കിട്ടാനുള്ള തുകയുടെ പരിധി വര്‍ധിച്ചതോടെയാണ് കടം തീര്‍ക്കാതെ കേരളത്തിലേക്ക് അരി അയക്കില്ലെന്ന് ഈസ്റ്റ് ഗോദാവരി റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ സംയുക്തമായി തീരുമാനമെടുത്തത്. ഓണം അടുത്തുവരുന്നതോടെ ആവശ്യക്കാരും വര്‍ധിക്കുന്ന സമയത്താണ് അസോസിയഷന്റെ തീരുമാനമെന്നത് ഏറെ ശ്രദ്ധേയമാണ്. അരിയുടെ വരവ് നിലക്കുന്നതോടെ കേരള വിപണി പൂര്‍ണമായും താളം തെറ്റും. പൊതുവിപണിയില്‍ സുരേഖ, ജയ തുടങ്ങിയ അരിക്ക് ക്ഷാമം തുടങ്ങിയിട്ടുണ്ട്.
കണ്‍സ്യൂമര്‍ഫെഡ് വരുത്തിയ കുടിശ്ശിക തീര്‍ക്കുന്നത് സംബന്ധിച്ച് പലവട്ടം ചര്‍ച്ച നടത്തിയിട്ടും പണം കിട്ടാത്തതിനെ തുടര്‍ന്ന് കമ്പനികള്‍ കണ്‍സ്യൂമര്‍ഫെഡിന് അരി നല്‍കുന്നത് നേരത്തെ നിര്‍ത്തിയിരുന്നു. ഇതിന് ശേഷം പൊതുവിപണിയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡ് അരിയെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു. ഇതാണ് ആന്ധ്ര കമ്പനികളെ ചൊടിപ്പിച്ചത്. ഇതോടെ അവര്‍ സംഘടിതരായി കേരളത്തിലേക്കുള്ള മുഴുവന്‍ അരി വില്‍പ്പനയും നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ കേരളത്തില്‍ മാത്രം ആവശ്യക്കാരുള്ള ടണ്‍ കണക്കിന് ജയ, സുരേഖ അരികള്‍ ആന്ധ്രയിലെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവിടുത്തെ പ്രധാനപ്പെട്ട 130ല്‍ അധികം മില്ലുകളാണ് സംഘടിതമായി നീക്കം നടത്തുന്നത്. പ്രശ്‌നം യഥാസമയം പരിഹരിച്ചില്ലെങ്കില്‍ ഓണത്തിന് വേണ്ടി സംഭരിച്ച അരി കേരളത്തിലേക്കെത്താനിടയില്ലെന്നാണറിയുന്നത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാക്കിനടയില്‍ നിന്ന് ഒരു മാസം 75,000 ടണ്‍ അരിയാണ് ട്രെയിനില്‍ കേരളത്തിലെത്തുന്നത്. ഇതുകൂടാതെ പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ടണ്‍ അരി ലോറിയിലും എത്തും. രണ്ട് ദിവസം കൂടുമ്പോള്‍ ഒരു ഗുഡ്‌സ് ട്രെയിന്‍ എന്ന കണക്കിലാണ് കേരളത്തിലേക്ക് അരിയെത്തുന്നത്. ഓണക്കാലം ആകുമ്പോള്‍ ഇതില്‍ മുപ്പത് മുതല്‍ നാല്‍പ്പത് വരെ ശതമാനം വര്‍ധന ഉണ്ടാകും.
ആദ്യം ഗുഡ്‌സ് ട്രെയിന്‍ വഴിയും പിന്നീട് ലോറി വഴിയുമുള്ള അരി അയക്കലാണ് നിര്‍ത്തിയത്. അരിനീക്കം നിലച്ചതിനാല്‍ തൊണ്ണൂറ് ശതമാനം മില്ലുകളും ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനിടെ പണം നല്‍കുന്നതിന് സാവകാശം തേടി കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ ആന്ധ്ര കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ്. ഇന്ന് വ്യാപാരികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡ് സാധനങ്ങള്‍ വാങ്ങിയ വകയില്‍ മൊത്തം കുടിശ്ശിക 350 കോടിയോളമുണ്ട്.
അതില്‍ 150 കോടി ഓണത്തിന് കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി സി എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.