കളഞ്ഞു കിട്ടിയ 90,000 രൂപ തിരിച്ചേല്‍പിച്ചു; ദരിദ്ര വൃദ്ധന്‍ നാട്ടിലെ താരം

Posted on: August 1, 2015 7:56 pm | Last updated: August 1, 2015 at 7:56 pm
SHARE

oldman-wcxppലക്‌നൗ: കളഞ്ഞു കിട്ടിയ 90,000 രൂപ തിരിച്ചേല്‍പിച്ച് ദരിദ്ര വൃദ്ധന്‍ നാട്ടിലെ താരമായി. ഉത്തര്‍പ്രദേശിലെ ലഖ്മിപൂര്‍ ഖേരി എന്ന ചെറുഗ്രാമത്തിലെ പെട്ടിക്കടക്കാരനാണ് വൃദ്ധന്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് വഴിയരികില്‍ നിന്ന് ഒരു ബാഗ് കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ അതില്‍ നോട്ടുകെട്ടുകളായിരുന്നു. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 90,000 രൂപയുണ്ട്. പണത്തിന് ആവശ്യങ്ങള്‍ ഏറെയുണ്ടെങ്കിലും അതെടുക്കാന്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷി അനുവദിച്ചില്ല. അതുമായി നേരെ പോലീസ് സ്‌റ്റേഷനിലെത്തിയ അദ്ദേഹം പണം അവിടെ ഏല്‍പിച്ചു.

പോലീസാവട്ടെ കാണാതായ പണം അന്വേഷിച്ചിറങ്ങുകയായിരുന്നു. പണം നഷ്ടപ്പെട്ട ദുര്‍ഗേഷ് എന്നയാള്‍ തൊട്ടുമുമ്പാണ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് കാറില്‍ പോവുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്ന് തെറിച്ചുപോവുകയായിരുന്നു. വഴിയില്‍ തിരഞ്ഞെങ്കിലും പണം കണ്ടെത്താനാവാതെ നിരാശനായി മടങ്ങുകയായിരുന്നു ദുര്‍ഗേഷ്.

വൃദ്ധന്റെ സത്യസന്ധത ശരിക്കും ബോധിച്ച പോലീസ് അദ്ദേഹത്തെ അഭിനന്ദിച്ചു. ഒരു ജോഡി പുതിയ വസ്ത്രവും 7000 രൂപയും പോലീസ് ഓഫീസര്‍ അയാള്‍ക്ക് സമ്മാനമായി നല്‍കി. ആദ്യം സ്വീകരിക്കാന്‍ വിസമ്മിതിച്ചുവെങ്കിലും ഓഫീസറുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി പിന്നീട് പണം സ്വീകരിച്ചു.