സോളാര്‍ ഇംപള്‍സ് യാത്ര പ്രതിസന്ധിയില്‍

Posted on: August 1, 2015 5:53 pm | Last updated: August 1, 2015 at 5:53 pm
SHARE

&MaxW=640&imageVersion=default&AR-150739864
അബുദാബി: സോളാര്‍ ഇംപള്‍സിന്റെ ലോക യാത്രയെന്ന സ്വപ്‌നം പ്രതിസന്ധിയില്‍. യാത്രയുടെ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ ഇനി 8.1 കോടി ദിര്‍ഹം വേണം. അബുദാബിയില്‍ നിന്ന് തുടങ്ങി പസഫിക് മഹാ സമുദ്രം മറികടന്നു അമേരിക്കയിലെത്തിയ ചരിത്രയാത്രക്ക് ശേഷം വിമാനത്തിന്റെ ബാറ്ററിക്ക് നേരിട്ട കേടുപാടുകള്‍ പരിഹരിക്കുന്നതിനാണ് ഇത്രയും തുകചെലവ് വരുന്നതെന്ന് സോളാര്‍ ഇംപള്‍സ് പ്രതിനിധികള്‍ പറഞ്ഞു. യാത്ര വൈകുന്നത് ലക്ഷ്യം പൂര്‍ത്തികരിക്കുക എന്ന ദൗത്യത്തിന് വിഘാതമാകും, കൂടാതെ 150 ഓളം വരുന്ന സോളാര്‍ ഇംപള്‍സ് സംഘാഗംങ്ങളുടെ ശമ്പളവുംപ്രതിസന്ധിയിലാവും. ഇതെല്ലാം പരിഹരിച്ച് ബാറ്ററി തകരാര്‍ പരിഹരിച്ച് യാത്രയുമായി മുന്നോട്ടുപോവുകയെന്നത് ശ്രമകരമായ ദൗത്യമായി മുന്നില്‍ നില്‍ക്കുകയാണ്. ഇക്കാരണത്താല്‍ അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ മാത്രമേ സോളാര്‍ ഇംപള്‍സിന് ലോകയാത്രയുടെ അടുത്ത ഘട്ടത്തിന് തുടക്കം കുറിക്കാന്‍ സാധിക്കുകയുള്ളൂ. പസഫിക്കിന് കുറുകെ അഞ്ച് പകലും രാത്രിയും നിര്‍ത്താതെ പറന്നതിന് ശേഷം ബാറ്ററി അമിതമായി ചൂടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പൈലറ്റുമാരായ ആന്ദ്രെ ബോഷ്‌ബെര്‍ഗും ബാര്‍ട്രാന്റ് പിക്കാര്‍ഡും വ്യക്തമാക്കി. അമേരിക്കയിലെ ഹവായിക്ക് ശേഷം ഫിനിക്‌സ്, മിഡ് യു എസ് എ, ന്യൂയോര്‍ക്ക് സിറ്റി എന്നീ ലക്ഷ്യസ്ഥാനങ്ങള്‍ കൂടി സന്ദര്‍ശിച്ച് അറ്റ്‌ലാന്റിക് സമുദ്രം മറികടന്ന് തെക്കന്‍ യൂറോപ്പോ വടക്കന്‍ ആഫ്രിക്കയോ വഴി വീണ്ടും സോളാര്‍ ഇംപള്‍സ് അബുദാബിയില്‍ തിരിച്ചെത്തുന്നതോടെയാണ് ലോകയാത്രക്ക് അവസാനമാവുക.