Connect with us

Gulf

ടാക്‌സികളില്‍ യാത്രക്കാര്‍ മറന്നുവെച്ചത് 4.11 ലക്ഷം ദിര്‍ഹത്തിന്റെ വസ്തുക്കള്‍

Published

|

Last Updated

ദുബൈ: 2015 ജനുവരിക്കും ജൂണിനുമിടയില്‍ ദുബൈയിലെ ടാക്‌സികളില്‍ യാത്രചെയ്തവര്‍ മറന്നുവെച്ചത് 4.11 ലക്ഷം ദിര്‍ഹത്തിന്റെ സാധനങ്ങളെന്ന് ആര്‍ ടി എ. ടാക്‌സി ഡ്രൈവര്‍മാരുടെ സത്യസന്ധതയാണ് ഇത്രയും വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിച്ചതെന്ന് ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസ് സെക്ടര്‍ സി ഇ ഒ യൂസുഫ് അല്‍ റിദ വ്യക്തമാക്കി. വാഹനങ്ങളില്‍ മറന്നുവെച്ച വസ്തുക്കള്‍ ഡ്രൈവര്‍മാര്‍ ആര്‍ ടി എ അധികൃതരെ ഏല്‍പിക്കുകയായിരുന്നു. 1.32 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം ദിര്‍ഹവും സ്വര്‍ണത്തിലുള്ള മൂന്നു വാച്ചുകളും 6,100 കുവൈത്തി ദിനാറും കളഞ്ഞു കിട്ടിയവയില്‍ ഉള്‍പെടും. സത്യസന്ധതയുമായി ബന്ധപ്പെട്ട് ആര്‍ ടി എ ഓരോ വര്‍ഷവും ഡ്രൈവര്‍മാരെ ആദരിക്കാറുണ്ട്. കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യാനായി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്‌മെന്റ് സംവിധാനം (സി ആര്‍ എം) സേവന സന്നദ്ധരായ ഒരു കൂട്ടം ജീവനക്കാരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ടാക്‌സിയില്‍ കളഞ്ഞുപോയതായി ലഭിക്കുന്ന പരാതികള്‍ അതിസൂക്ഷ്മമായി കൈകാര്യം ചെയ്യാറുണ്ടെന്നും അല്‍ റിദ പറഞ്ഞു. 2015ന്റെ ആദ്യ ആറു മാസങ്ങള്‍ക്കിടയില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 26,370 പരാതികളാണ് സി ആര്‍ എമ്മിന് ലഭിച്ചത്. നഷ്ടപ്പെടുന്നതില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകളാണ്. പേഴ്‌സ്, താക്കോല്‍, പാസ്‌പോര്‍ട്ട്, ക്യാമറ, സണ്‍ഗ്ലാസ് എന്നിവയും ഇവയില്‍ ഉള്‍പെടും. നഷ്ടപ്പെട്ടവയുമായി ബന്ധപ്പെട്ട് ആര്‍ ടി എക്ക് ലഭിച്ച പരാതികളില്‍ 89 ശതമാനത്തിലും വസ്തുക്കള്‍ തിരിച്ചു നല്‍കാന്‍ ആര്‍ ടി എക്ക് സാധിച്ചിട്ടുണ്ട്. വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറായ 800 9090ല്‍ ബന്ധപ്പെടാവുന്നതാണ്.

Latest