വില വര്‍ധന ഇന്നു മുതല്‍; പെട്രോള്‍ ലിറ്ററിന് 2.14 ദിര്‍ഹം

Posted on: August 1, 2015 5:49 pm | Last updated: August 1, 2015 at 5:49 pm
SHARE

&MaxW=640&imageVersion=default&AR-150729762

ദുബൈ: പെട്രോള്‍ വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഇന്നലെ വരെയുണ്ടായിരുന്ന ലിറ്ററിന് 1.73 ദിര്‍ഹത്തിന് പകരം ഇന്നു മുതല്‍ 2.14 ദിര്‍ഹം നല്‍കേണ്ടി വരും. പെട്രോള്‍ വില രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഊര്‍ജ മന്ത്രാലയം വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. വില വര്‍ധിച്ചതോടെ പ്രവാസികള്‍ ഉള്‍പെടെയുള്ളവരുടെ ജീവിത ചെലവ് വര്‍ധിക്കും. വില വര്‍ധനയെക്കുറിച്ച് പ്രഖ്യാപനം വന്നത് മുതല്‍ പ്രവാസി സമൂഹം കടുത്ത ആശങ്കയിലാണ്. യു എ ഇ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാനാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 2030 ആവുമ്പോഴേക്കും രാജ്യത്തെ ഊര്‍ജ ഉപഭോഗം 30 ശതമാനം കുറക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
സ്‌പെഷല്‍ ഗ്രേഡ് വിഭാഗത്തില്‍ പെടുന്ന ഒക്ടെയിന്‍ പെട്രോളിനാണ് ലിറ്ററിന് 2.14 ദിര്‍ഹമാണ് ഇന്നു മതുല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരിക. പഴയ വില 1.73 ദിര്‍ഹമായിരുന്നു. സൂപ്പര്‍ ഗ്രേഡിന്(98 ഒക്ടെയിന്‍) 1.83 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായി വര്‍ധിക്കും. ഡീസലിന് ലിറ്ററിന് ഇന്നു മുതല്‍ ലിറ്ററിന് 2.90 ദിര്‍ഹത്തില്‍ നിന്നു 2.05 ദിര്‍ഹമായി കുറഞ്ഞിട്ടുണ്ട്. വിശദമായ പഠനത്തിന് ശേഷമാണ് ആഗസ്ത് ഒന്നാം തിയ്യതി മുതല്‍ ഇന്ധന വിലയും പ്രകൃതിവാതക വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ വില വര്‍ധനയെക്കുറിച്ച് പ്രതികരിക്കവേ വ്യക്തമാക്കിയിരുന്നു. യു എ ഇ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുകയും യു എ ഇ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഉന്നം. സര്‍ക്കാര്‍ സബ്‌സിഡികളെ ആശ്രയിക്കാത്ത കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അല്‍ മസ്‌റൂഇ സൂചിപ്പിച്ചിരുന്നു.
ഊര്‍ജ മന്ത്രാലയം യു എ ഇ ക്യാബിനറ്റില്‍ സമര്‍പിച്ച പഠന റിപ്പോര്‍ട്ട് അംഗീകരിച്ചാണ് വില പുതുക്കി നിശ്ചയിക്കാന്‍ ഇന്ധന വില നിര്‍ണയ കമ്മിറ്റി തീരുമാനിച്ചതെന്ന് ഊര്‍ജ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മതര്‍ അല്‍ നിയാദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വില പുതുക്കി നിശ്ചയിച്ചതോടെ നിലവിലെ പെട്രോള്‍ വില നിയന്ത്രണ സംവിധാനം ഇല്ലാതായിട്ടുണ്ട്. പെട്രോളിന് നാളിതുവരെ സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡിയും ഇതോടെ അവസാനിക്കുകയാണ്. പുതിയ നയത്തിന്റെ ഭാഗമായി ഇന്ധന വില അവലോകനം ചെയ്യാന്‍ പ്രത്യേക കമ്മിറ്റിയെ ഊര്‍ജ മന്ത്രാലയം നിയോഗിച്ചിരുന്നു. ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും സി ഇ ഒ മാര്‍ എന്നിവരാണ് അംഗങ്ങള്‍. ഈ കമ്മിറ്റിയാവും മാസാമാസം വില പുതുക്കി നിശ്ചയിക്കുക.
രാജ്യാന്തര കമ്പോളത്തിലെ എണ്ണവില താരതമ്യപ്പെടുത്തിയ ശേഷമാവും എല്ലാ മാസവും 28ാം തിയ്യതി വില പുതുക്കി നിശ്ചയിക്കുക. വിലസ്ഥിരത എന്നത് ഇനി അപ്രസക്തമാവും. ഇതോടെ ഓരോ മാസവും വിലയില്‍ വരുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാവും കുടുംബ ബജറ്റ് വരെ പലരും തയ്യാറാക്കുകയെന്ന് വരുമ്പോള്‍ വില വര്‍ധനവില്‍ നിന്നു ആരും പുറത്താകില്ലെന്ന് ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here