സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജി വെച്ചു

Posted on: August 1, 2015 5:40 pm | Last updated: August 1, 2015 at 11:25 pm
SHARE

Anup-Surendranath1

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയെ വിമര്‍ശിച്ച സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവെച്ചു. ഡല്‍ഹിയിലെ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി അംഗം പ്രൊഫ. അനൂപ് സുരേന്ദ്രനാഥ് ആണ് രാജിവെച്ചത്. വധശിക്ഷയെ കുറിച്ചുള്ള തന്റെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിവെച്ചതെന്നാണ് ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണം. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനു പിന്നാലെയാണ് രാജിവെച്ചത്. ഒരു വര്‍ഷം മുമ്പാണ് അനൂപ് സുരേന്ദ്രനാഥ് സുപ്രീം കോടതിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
പദവി രാജിവെക്കുന്ന കാര്യം ആലോചിച്ചു വരികയായിരുന്നു. എന്നാല്‍, യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി ആ തീരുമാനത്തിന്മേലുള്ള അവസാന ആണി അടിക്കലായി എന്ന് അനൂപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതി എടുത്ത തീരുമാനത്തെ വിമര്‍ശിച്ച് അനൂപ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ‘സുപ്രീം കോടതിയില്‍ നടന്നത് നിയമവാഴ്ചയുടെ വിജയമെന്നു പറയുന്നതിനോട് യോജിക്കാനാകില്ല. 29ന് വൈകീട്ട് നാല് മണിക്കും മുപ്പതിന് പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയില്‍ പുറപ്പെടുവിപ്പിച്ച ഉത്തരവുകള്‍ ജുഡീഷ്യറി സ്ഥാനത്യാഗം ചെയ്തതിന് ഉദാഹരണമാണെന്നും സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്ത മണിക്കൂറുകളാണ് അവയെന്നു’ മായിരുന്നു വിമര്‍ശം.