Connect with us

National

കലാപകേസിലും സ്‌ഫോടനകേസിലും ഭരണകൂടം വിവേചനം കാണിക്കുന്നു: ബി എന്‍ ശ്രീകൃഷ്ണ

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലും കലാപക്കേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ. മുംബൈ സ്‌ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതോടെ നിയമപ്രകാരമുള്ള നീതി നടപ്പായെന്നും എന്നാല്‍, മുംബൈ കലാപ കേസുകളിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ഭരണകൂടം വിവേചനം കാണിക്കുകയാണെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഇ മെയില്‍ അഭിമുഖത്തില്‍ പറഞ്ഞു. മുംബൈ സ്‌ഫോടനത്തിന് കാരണമായ മുംബൈ കലാപങ്ങളെക്കുറിച്ച് അന്വേഷിച്ചത് ജസ്റ്റിസ് ശ്രീകൃഷ്ണ ഏകാംഗ കമ്മീഷനായിരുന്നു. മുംബൈ കലാപത്തെയും സ്‌ഫോടനത്തെയും കുറ്റകൃത്യമായി കാണുന്നതിന് പകരം ഭരണകൂട ഉപകരണങ്ങള്‍ അവയെ വര്‍ഗീയ വേര്‍തിരിവോടെ കാണുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏക പ്രതിയായ യാക്കൂബ് മേമന്റെ ശിക്ഷ നടപ്പാക്കിയതിനു പിന്നാലെയാണ് ജസ്റ്റിസ് ശ്രീകൃഷ്ണയുടെ പരാമര്‍ശം.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 1992 ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയും 1993 ജനുവരി ആറ് മുതല്‍ ഇരുപത് വരെയുമുണ്ടായ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറാണ് ജസ്റ്റിസ് ശ്രീകൃഷ്ണയെ ഏകാംഗ കമ്മീഷനായി നിയമിച്ചത്. 900 പേരാണ് കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. 1993 മാര്‍ച്ച് പന്ത്രണ്ടിനുണ്ടായ മുംബൈ സ്‌ഫോടന പരമ്പരക്കും കലാപങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നും കലാപങ്ങളാണ് സ്‌ഫോടനത്തിന് കാരണമായതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പായതോടെ നിയമപരമായ നീതി നടപ്പായി. വര്‍ഗീയ കലാപങ്ങളില്‍ സര്‍ക്കാറിന് പങ്കുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് കണ്ണടക്കുകയും ഇരകളെ വേട്ടയാടുകയുമാണ് ചെയ്യുന്നത്. അതാണ് മുംബൈ കലാപത്തിലും ഡല്‍ഹി കലാപത്തിലും സംഭവിച്ചതെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. സ്‌ഫോടനക്കേസുകളും വര്‍ഗീയ കലാപങ്ങളും ഒരുപോലെ കുറ്റകൃത്യമായി കാണണം. എന്നാല്‍, ഭരണകൂടം ഇതില്‍ മതവും വര്‍ഗീയതയും ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. പാരമ്പര്യമായി കിട്ടിയ ഈ പക്ഷപാതിത്വം ഭരണകൂടം ഉപേക്ഷിക്കാത്ത കാലത്തോളം ഈ സമീപനത്തില്‍ മാറ്റം പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന കലാപങ്ങളിലെ ഇരകള്‍ രക്ഷതേടി പുറത്തുള്ള ശക്തികളെ സമീപിക്കുന്നു. ഇതാണ് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നത്. മനുഷ്യ ജീവനുകള്‍ ബലികൊടുത്ത് ചരിത്രം ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളും കോടതിക്ക് മുന്നില്‍ പക്ഷപാതിത്വമില്ലാതെ വെളിപ്പെടുത്തുകയാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ഇതുണ്ടാകുന്നില്ലെന്നും കേസില്‍ വിധി അനുകൂലമാക്കി പ്രശസ്തി നേടാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ യാക്കൂബ് മേമന്റെ സഹോദരന്‍ ടൈഗര്‍ മേമനും ദാവൂദ് ഇബ്‌റാഹിമുമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കലാപത്തില്‍ മുസ്‌ലിംകളോടുള്ള നീതിനിഷേധവും ഇരകളെ വേട്ടയാടുന്ന പോലീസിന്റെ സമീപനവുമാണ് സ്‌ഫോടന പരമ്പരക്ക് വഴിവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

---- facebook comment plugin here -----

Latest