ഓണം : എക്‌സൈസ് പരിശോധന കര്‍ശനമാക്കും

Posted on: August 1, 2015 2:01 pm | Last updated: August 1, 2015 at 2:01 pm
SHARE

തൃശൂര്‍: ഓണം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കും. എക്‌സൈസ് വകുപ്പിന്റെ തൃശൂര്‍ നിയോജകമണ്ഡലതല അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അനധികൃത മദ്യവില്‍പനയും ലഹരി ഉപഭോഗവും നിയന്ത്രിക്കുന്നതിനായി ഓപ്പറേഷന്‍ മൂണ്‍ ഷൈന്‍ എന്ന പേരില്‍ നടത്തിയ റെയ്ഡുകള്‍ വിജയമായിരുന്നുവെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ഒരുമാസക്കാലയളവിനുള്ളില്‍ 183 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പ് നടത്തിയത്. എക്‌സൈസ്- പോലീസ് വകുപ്പുകള്‍ സംയുക്തമായി രണ്ടു റെയ്ഡുകള്‍ നടത്തി. അനധികൃത മദ്യവില്‍പന, കഞ്ചാവ് വില്‍പന സംബന്ധിച്ച് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 23 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. പതിനാറ് അബ്കാരി കേസുകളാണു കഴിഞ്ഞ ഒരുമാസക്കാലയളവിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ചുകിലോയിലധികം കഞ്ചാവും 25 ലിറ്ററിലധികം ചാരായവും പിടിച്ചെടുത്തു. 75 കള്ളാഷാപ്പുകളില്‍ നിന്നു കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചു പരിശോധന നടത്തുകയും മറ്റുപ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തുകയും ചെയ്തു. മദ്യനിരോധന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഗ്രേസി ടീച്ചര്‍ അധ്യക്ഷയായി. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സി. സാജന്‍, എക്‌സൈസ്, പോലീസ്, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.