Connect with us

Thrissur

കാറില്‍ കടത്തിയ 800 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Published

|

Last Updated

തൃശൂര്‍: സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 800 ലിറ്റര്‍ സ്പിരിറ്റ് കോലഴി എക്‌സൈസ് സംഘം പിടികൂടി.
മലപ്പുറം സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശികളായ മുജീബ് റഹ്മാന്‍, സുഭാഷ് എന്നിവരാണ് പിടിയിലായത്. വാഹനം തടയാന്‍ ശ്രമിച്ച സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താനും ശ്രമം നടന്നു. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോഡ് ഭാഗത്തുനിന്നാണ് സ്പിരിറ്റ് കടത്തിയിരുന്നത്. തെക്കന്‍കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു വന്നതാണ് സ്പിരിറ്റ്.
ഇന്നലെ രാവിലെ 11.30ന് പേരാമംഗലം സെന്ററിലാണ് വാഹനപരിശോധനക്കിടെ സ്പിരിറ്റ് പിടികൂടിയത്. കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേന്ദ്രന്റെ കാല്‍പാദത്തിലൂടെ കാല്‍ കയറിയിറങ്ങി.
പരിക്കേറ്റ സുരേന്ദ്രനെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമാണ് സ്പിരിറ്റ് ഒശിപ്പിച്ചിരുന്നത്.
23 ലിറ്റര്‍ കൊള്ളുന്ന 20 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത സ്പിരിറ്റിന് രണ്ട് ലക്ഷത്തോളം വിലമതിക്കുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്.
കോലഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ദേവദാസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെകടര്‍ കലാധരന്‍, പി.ജി ശിവശങ്കരന്‍, വിപിന്‍, സുധീര്‍കുമാര്‍, കൃഷ്ണപ്രസാദ്, പരമേശ്വരന്‍, ലോനപ്പന്‍, മോഹനന്‍, പ്രദീപ്, ഗോപന്‍ എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്