യത്തീംഖാന വിദ്യാര്‍ഥിയുടെ മരണം; റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ബാലാവകാശ കമ്മീഷന്‍

Posted on: August 1, 2015 11:40 am | Last updated: August 1, 2015 at 11:40 am
SHARE

മലപ്പുറം: കാട്ടിലങ്ങാടി പി എം എസ് എ യത്തീംഖാനയില്‍ വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ബാലാവകാശ കമ്മീഷന്‍. മലപ്പുറത്ത് നടത്തിയ സിറ്റിംഗിലാണ് കമ്മീഷന്‍ അംഗങ്ങളായ ഗ്ലോറി ജോര്‍ജ്, ബാബു നരിക്കുനി എന്നിവര്‍ പ്രൊട്ടക്ഷന്‍ യൂനിറ്റ് അധികൃതരെ അതൃപ്തി അറിയിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് നിര്‍ദേശം നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ കമ്മീഷന്‍ നേരിട്ടെത്തി തെളിവെടുക്കും. ബാലാവകാശ കമ്മീഷന്‍ രൂപവത്കരിച്ച ശേഷമുള്ള ജില്ലയിലെ നാലാമത്തെ സിറ്റിംഗില്‍ 20 പരാതികള്‍ പരിഗണിച്ചു. 11 എണ്ണം മുന്‍പ് ലഭിച്ചവയുടെ തുടര്‍ ഹിയറിംഗായിരുന്നു. പുതുതായി ലഭിച്ചവയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ ദുരുപയോഗം, ഗാര്‍ഹിക, ലൈംഗിക പീഡനം തുടങ്ങിയവ ഉള്‍പ്പെടുന്നു. വില്ലൂര്‍ എ എം എല്‍ പി സ്‌കൂള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ മാറ്റി സ്ഥാപിക്കണമെന്ന പരാതി പരിശോധിക്കാന്‍ കമ്മീഷന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
മൂന്നുവയസുകാരിയായ എല്‍ കെ ജി വിദ്യാര്‍ഥിനിയെ വാഹനത്തില്‍വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയില്‍ നിന്ന് നഷ്ടപരിഹാരം കിട്ടാത്തതും സംബന്ധിച്ചു പരാതി ലഭിച്ചു. കോട്ടക്കല്‍, പൊന്മള പീഡനകേസുകളില്‍ പോലീസിന്റെ അന്വേഷണം കമ്മീഷന്‍ നിരീക്ഷിക്കും. ജില്ലയിലെ ഹരിജന്‍ കോളനികളിലെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here