ചേളാരി സമസ്തക്കാരുടെ അക്രമങ്ങള്‍ക്ക് തടയിടണം: എസ് എം എ

Posted on: August 1, 2015 11:38 am | Last updated: August 1, 2015 at 11:38 am
SHARE

മലപ്പുറം: സമാധാനത്തോടും സൗഹാര്‍ദ്ദത്തോടും കൂടി നാട്ടുകാര്‍ നടത്തി വരുന്ന മദ്‌റസകളും പള്ളികളും വഖഫ് സ്വത്തുക്കളും അക്രമിച്ച് കയ്യടക്കാനായി ചേളാരി വിഭാഗം സമസ്തയുടെ നേതാക്കളും അനുയായികളും നടത്തുന്ന ക്രൂരതകള്‍ക്ക് തടയിടണമെന്ന് എസ് എം എ ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.
സുന്നി പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും മാത്രം വര്‍ഷങ്ങളായി സമാധാനത്തോടെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടത്തി വരികയായിരുന്ന വള്ളിക്കുന്ന് പുറയംചേരി ബദറുല്‍ ഹുദ മദ്‌റസ തകര്‍ക്കാനായി കഴിഞ്ഞ ദിവസം ചേളാരി വിഭാഗം നടത്തിയ അക്രമം വളരെ ക്രൂരമാണെന്നും ഒരിക്കലും ന്യായീകരിക്കാനാകാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. പന്ത്രണ്ടോളം സുന്നി പ്രവര്‍ത്തകരെ മാരകമായി അക്രമിക്കുകയും വീടുകള്‍ തകര്‍ ക്കുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ എറിഞ്ഞ് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം നിസാരമായി കാണാനാകില്ല. ഒരു നിലക്കുമുള്ള അവകാശ വാദമോ ഗ്രൂപ്പ് തര്‍ക്കമോ ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നായാലും അക്രമികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം. ചേറൂരിലും നടുക്കരയിലും കക്കോവും പള്ളിക്കലിലും സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ചേളാരി വിഭാഗം നടത്തിയ അക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. സമാധാനത്തോടെ നീങ്ങുന്ന പള്ളി മദ്‌റസകളില്‍ മുഴുവന്‍ അക്രമമുണ്ടാക്കി സ്വന്തമാക്കണമെന്നും സുന്നി വിഭാഗം സ്വന്തമായി നടത്തുന്നത് തട്ടിയെടുക്കണമെന്നും പ്രഖ്യാപനവും പ്രചോദന പ്രഭാഷണം നടത്തിയ വിഘടിത സമസ്ത നേതാക്കളാണ് ഇവക്ക് പിന്നിലുള്ളത്. അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇത്തരക്കാര്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയ നേതാക്കളെ സമൂഹം കണ്ടറിയണമെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബീദീന്‍ ജീലാനി, പി അബ്ദു ഹാജി, പി കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദുലത്വീഫ് മഖ്ദൂമി, തറയിട്ടാല്‍ ഹസന്‍ സഖാഫി, പി അബ്ദുല്‍ അസീസ് ഹാജി പങ്കെടുത്തു. അബ്ദുറശീദ് സഖാഫി സ്വാഗതവും സുലൈമാന്‍ ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.